തിരുവനന്തപുരം: പൊലീസ് നിയമഭേദഗതിയിലെ വിവാദഭാഗം സര്‍ക്കാര്‍ തിരുത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. സിപിഎമ്മിലും പൊലീസിലും എതിര്‍പ്പ് ശക്തമായതോടെയാണ് തിരുത്താനുള്ള സര്‍ക്കാരിന്റെ നീക്കം. ഭേദഗതിയില്‍ സമൂഹ്യ മാധ്യമങ്ങളിലെ അധിക്ഷേപമെന്ന് കൃത്യമായി പറഞ്ഞേക്കും. വിവാദ പൊലീസ് നിയമഭേദഗതി അഭിപ്രായ സ്വാതന്ത്ര്യത്തെയും മാധ്യമ സ്വാതന്ത്ര്യത്തെയും ഇല്ലാതാക്കുന്നതാണെന്ന വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ സിപിഎം കേന്ദ്ര നേതൃത്വും വിമര്‍ശനം ഉന്നയിച്ചിരുന്നു. ഭേദഗതിയില്‍ മാറ്റം വരുത്താന്‍ സംസ്ഥാന നേതൃത്വത്തോട് പോളിറ്റ് ബ്യൂറോ നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു.

പൊലീസ് നിയമഭേദഗതിയിലൂടെ വിമര്‍ശനങ്ങളെ പിണറായി സര്‍ക്കാര്‍ ഇല്ലാതാക്കാനാണ് ശ്രമിക്കുന്നതെന്ന് നേരത്തെ വിവിധ രാഷ്ട്രീയ നേതാക്കള്‍ ആരോപിച്ചിരുന്നു. കേന്ദ്ര നേതാക്കള്‍ കടുത്ത അതൃപ്തി പോലീസ് നിയമ ഭേദഗതിയില്‍ അറിയിച്ചിട്ടുണ്ട്. സിപിഎം കേന്ദ്ര നേതൃത്വം സംസ്ഥാന നേതാക്കളെ ഇക്കാര്യത്തില്‍ ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ആവശ്യമായ തിരുത്തലുകള്‍ വരുത്തണമെന്നും, എന്നിട്ട് മാത്രമേ മുന്നോട്ട് പോകാവൂ എന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ നിലപാട്.

നിയമ ഭേദഗതിക്കെതിരെയുള്ള എല്ലാ ക്രിയാത്മ നിര്‍ദേശങ്ങളും പരിഗണിക്കുമെന്ന് സിപിഎം വ്യക്തമാക്കി. നേരത്തെ ഈ നിയമത്തെ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി എങ്ങനെ പ്രതിരോധിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് ചിദംബരം ചോദിച്ചിരുന്നു. അതേസമയം, വിവാദപരമായ പൊലീസ് നിയമഭേദഗതി അനുസരിച്ച് പരാതികളില്‍ ഉടന്‍ നടപടിയുണ്ടാകില്ല. പരാതികള്‍ പരിശോധന നടത്താന്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ സമിതികള്‍ ഉണ്ടാക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് രണ്ട് ദിവസത്തിനുള്ളില്‍ പൊലീസ് പുതിയ മാര്‍ഗ നിര്‍ദ്ദേശം പുറത്തിറക്കും.