കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) കസ്റ്റഡിയിലുള്ള മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളി. ശിവശങ്കറിന് ജാമ്യം നല്‍കിയാല്‍ കേസ് അട്ടിമറിക്കപ്പെട്ടേക്കാം, മാത്രമല്ല അദ്ദേഹം ഒളിവില്‍ പോകാന്‍ സാധ്യതയുണ്ട്. ഒളിവില്‍ പോയാല്‍ തിരികെ പിടികൂടുക എളുപ്പമായിരിക്കില്ല അതുകൊണ്ടുതന്നെ ജാമ്യം നല്‍കരുത് എന്നായിരുന്നു ഇ ഡിയുടെ വാദം.

കേസുമായി ബന്ധപ്പെട്ട് ഇഡി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വൈരുധ്യങ്ങളുണ്ടെന്ന് ശിവശങ്കര്‍ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നു. ഇഡിക്ക് ആവശ്യമുള്ള രാഷ്ട്രീയ നേതാക്കളുടെ പേര് ചോദ്യം ചെയ്യലിനിടെ പറയാന്‍ വിസമ്മതിച്ചതു കൊണ്ടാണു തന്നെ അറസ്റ്റു ചെയ്തത്. കള്ളപ്പണത്തെ പറ്റി അറിവുണ്ടായിരുന്നുവെന്നു വരുത്താന്‍, ലോക്കര്‍ സംബന്ധിച്ച വാട്‌സാപ് ചാറ്റുകളില്‍ ചിലത് ഇഡി ഒഴിവാക്കി തുടങ്ങിയ ആരോപണങ്ങളാണ് സത്യവാങ്മൂലത്തില്‍ നല്‍കിയത്.

എന്നാല്‍ എം ശിവശങ്കറിന്റെ ആരോപണം തള്ളി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രംഗത്തെത്തി. രാഷ്ട്രീയ നേതാക്കളുടെ പേരു പറയാന്‍ ശിവശങ്കറിനോട് ആവശ്യപ്പെട്ടിട്ടില്ലെന്നും വാദം ദുരുദ്ദേശപരമെന്നും ഇഡി അറിയിച്ചു. ശിവശങ്കറിന്റെ പുതിയ വാദങ്ങള്‍ കണക്കിലെടുക്കരുതെന്നും ഇഡി അറിയിച്ചു. ഒക്ടോബര്‍ 29ാം തിയതിയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എം ശിവശങ്കറിനെ അറസ്റ്റ് ചെയ്തത്. അതിനുശേഷം വ്യാഴാഴ്ച വരെ അദ്ദേഹം ഇഡിയുടെ കസ്റ്റഡിയിലായിരുന്നു. കഴിഞ്ഞ അഞ്ചുദിവസമായി കാക്കനാട് ജയിലിലാണ് ശിവശങ്കര്‍ ഉളളത്.
കഴിഞ്ഞ വ്യാഴാഴ്ച അഞ്ചുമണിക്കൂറാണ് ജാമ്യാപേക്ഷയില്‍ വാദം നടന്നത്. ഇതില്‍ രണ്ടരമണിക്കൂറില്‍ അധികം സമയം ശിവശങ്കറിന് വേണ്ടി ഹാജരായ രാമന്‍പിള്ളയാണ് വാദിച്ചത്. ഇഡിക്ക് വേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ് വി രാജീവാണ് ഹാജരായത്.
സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥരില്‍ ഒരാളാണ് ശിവശങ്കര്‍. മുഖ്യമന്ത്രിയുടെ ഓഫീസില്‍ സുപ്രധാന ചുമതല വഹിച്ചിരുന്ന വ്യക്തിയാണ്. ഈ സാഹചര്യത്തില്‍ ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കും. വ്യക്തിപരമായ ലാഭമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം കൂട്ടുനിന്നിരിക്കുന്നത്.
ഒരു കൊലപാതകം നടക്കുന്നത് പെട്ടന്നുണ്ടാകുന്ന പ്രകോപനം കൊണ്ടായിരിക്കാം. എന്നാല്‍ സ്വര്‍ണക്കളളക്കടത്ത് എന്ന് പറയുന്നത് അങ്ങേയറ്റം ആസൂത്രിതമായി നടത്തുന്ന ഒന്നാണ്. പൊതുജന വിശ്വാസം സംരക്ഷിക്കേണ്ട ഒരു ഉദ്യോഗസ്ഥന്‍ യാതൊരു കാരണവശാലും ഇങ്ങനെ പെരുമാറാന്‍ പാടില്ല അതുകൊണ്ട് ശിവശങ്കറിന് ജാമ്യം നല്‍കാന്‍ പാടില്ലെന്നായിരുന്നു ഇഡിയുടെ വാദം.
വാട്‌സാപ്പ് ചാറ്റുകള്‍ പരിശോധിച്ചാല്‍ എം ശിവശങ്കറും സ്വപ്നയും തമ്മിലുളള ബന്ധം വ്യക്തമാകും. ചാറ്റില്‍ സാമ്പത്തികവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പറയുന്നുണ്ട്. സ്വപ്നയുടെ സാമ്പത്തിക സ്ഥിതിയെ കുറിച്ച് ശിവശങ്കറിന് വ്യക്തമായ ധാരണയുണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ ശിവശങ്കര്‍ സ്വര്‍ണക്കടത്തിനെ കുറിച്ച് അറിഞ്ഞിരുന്നില്ലെന്ന് പറയുന്നത് വിശ്വാസയോഗ്യമല്ല. സംസ്ഥാനത്തെ ഏറ്റവും മുതിര്‍ന്ന ഐ എ എസ് ഉദ്യോഗസ്ഥന് ജാമ്യം നല്‍കിയാല്‍ അത് തെറ്റായ സന്ദേശം നല്‍കുമെന്നും ഇ ഡി പറഞ്ഞു. ഈ വാദഗതികള്‍ അംഗീകരിച്ചുകൊണ്ടാണ് ജാമ്യം നിഷേധിച്ചിരിക്കുന്നത്.