തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറും സി.പി.എം സംസ്ഥാന സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗവും ആയ കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരി മയക്കുമരുന്ന് കേസിലും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിലായിക്കഴിഞ്ഞിരിക്കെ, തൊട്ടടുത്ത ദിവസങ്ങളില്‍ നടന്ന അറസ്റ്റുകള്‍ സംസ്ഥാന സര്‍ക്കാരിനേയും സി.പി.എമ്മിനേയും ഒരുപോലെ പ്രതിസന്ധിയില്‍ ആക്കിയിരിക്കുകയാണ്.

സംസ്ഥാന സര്‍ക്കാരിന് കീഴിലെ ഉദ്യോഗസ്ഥരിലെ അതികായരില്‍ ഒരാളായിരുന്നു എം ശിവശങ്കര്‍. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്ന നിര്‍ണായക പദവി അലങ്കരിച്ചിരുന്ന ആള്‍. സര്‍വ്വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ടെങ്കിലും ശിവശങ്കര്‍ അറസ്റ്റിലായി എന്നത് സംസ്ഥാന സര്‍ക്കാരിനെ പ്രതിസന്ധിയിലാഴ്ത്തിയിരിക്കുകയാണ്.

മുഖ്യമന്ത്രിയുടെ ഓഫീസിനെ നിയന്ത്രിച്ചിരുന്നതും എം ശിവശങ്കര്‍ തന്നെ ആയിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ പല വന്‍ പദ്ധതികളുടേയും ചുക്കാന്‍ പിടിച്ചിരുന്നതും ശിവശങ്കര്‍ തന്നെ. അതുകൊണ്ട് തന്നെയാണ് എം ശിവശങ്കറിനെ കേന്ദ്ര ഏജന്‍സികള്‍ ആദ്യം മുതലേ വളഞ്ഞിട്ട് പിടിക്കാന്‍ ശ്രമിച്ചതും. തിരുവനന്തപുരം വിമാനത്താവളം വഴി നയതന്ത്ര ബാഗേജില്‍ സ്വര്‍ണ കടത്തിയ കേസ് മുതല്‍ ശിവശങ്കര്‍ സംശയ നിഴലിലാണ്.
സ്വപ്‌ന സുരേഷുമായുള്ള ബന്ധത്തിന്റെ പേരിലാണ് അദ്ദേഹം സര്‍വ്വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെടുന്നത്. തുടര്‍ന്നങ്ങോട്ട് ശിവശങ്കറിന്റെ കഷ്ടകാലം ആയിരുന്നു. സ്വപ്‌നയുടെ നിയമനത്തില്‍ തുടങ്ങി സ്പ്രിംക്ലര്‍ ഇടപാടില്‍ വരെ ശിവശങ്കര്‍ ചട്ടലംഘനം നടത്തി എന്ന് കണ്ടെത്തപ്പെട്ടു. അതെല്ലാം സര്‍ക്കാരിന് തന്നെ ആണ് പ്രതിസന്ധി സൃഷ്ടിച്ചത്.
എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും കസ്റ്റംസും എന്‍ഐഎയും പലവട്ടം ശിവശങ്കറെ ചോദ്യം ചെയ്തു. എന്നാല്‍ ഒടുക്കം ശിവശങ്കര്‍ അറസ്റ്റ് ചെയ്യപ്പെട്ടത് കള്ളപ്പണം വെളുപ്പിക്കല്‍ കേസിലായിരുന്നു. കേന്ദ്ര ഏജന്‍സികളുടെ ഇടപെടല്‍ സംബന്ധിച്ച് പല വിധ സംശയങ്ങള്‍ക്ക് വഴിവയ്ക്കുന്നതാണ് ഇതെങ്കിലും സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ ശിവശങ്കര്‍ ഒരു നിമിത്തമായി. ഒരു വഴിയ്ക്ക് സംസ്ഥാന സര്‍ക്കാരിനെ ലക്ഷ്യം വച്ച് അന്വേഷണം നീങ്ങുന്നതിനിടെയാണ് മയക്കുമരുന്ന് കേസില്‍ ബിനീഷ് കോടിയേരിയുടെ പേര് ഉയരുന്നത്. അവിടേയും അന്വേഷണം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഏറ്റെടുത്തു. ഒടുക്കം ബിനീഷ് കോടിയേരി അറസ്റ്റിലാവുകയും ചെയ്തു.
സി.പി.എമ്മിനെ ഏറ്റവും അധികം തവണ പ്രതിരോധത്തിലാക്കിയ ആളുകളില്‍ ഒരാളാണ് ബിനീഷ് കോടിയേരി. കോടിയേരി ബാലകൃഷ്ണനാണെങ്കില്‍ ഇപ്പോള്‍ കേരളത്തിലെ പാര്‍ട്ടി സെക്രട്ടറിയും. മുമ്പുണ്ടായിരുന്നതുപോലെയുള്ളതല്ല ഈ മയക്കുമരുന്ന് കേസിലെ ആരോപണം. മുമ്പ് ആരോപണങ്ങള്‍ ഉയര്‍ന്നപ്പോഴെല്ലാം നിയമത്തിന്റെ മുന്നില്‍ ബിനീഷ് രക്ഷപ്പെട്ടെങ്കില്‍ ഇത്തവണ ഇഡിയുടെ കുരുക്ക് ശരിക്കും മുറുകുക തന്നെ ആയിരുന്നു.
എം ശിവശങ്കറിന്റെ കാര്യത്തില്‍ ഒരു ഉദ്യോഗസ്ഥന് സംഭവിച്ച തെറ്റെന്ന് പറഞ്ഞ് സംസ്ഥാന സര്‍ക്കാരിന് കൈ കഴുകാം. എന്നാല്‍ ബിനീഷിന്റെ കാര്യത്തില്‍ അത് സാധ്യമാകുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്. പാര്‍ട്ടി സെക്രട്ടറിയുടെ മകന്‍ മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായത് വലിയ പ്രതിച്ഛായാനഷ്ടത്തിനും വഴിവച്ചിട്ടുണ്ട്. എം ശിവശങ്കറിനേയും ബിനീഷ് കോടിയേരിയേയും അടുത്തടുത്ത ദിവസങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത നടപടിയ്ക്ക് പിന്നില്‍ കേന്ദ്ര ഇടപടെലാണെന്നാണ് സിപിഎം പറയുന്നത്. മുമ്പും രാഷ്ട്രീയ പകപോക്കലിന് ഇഡിയെ ഉപയോഗിച്ചിട്ടുണ്ടെന്ന ഉദാഹരണം ആണ് ഇതിന് തെളിവായി മുന്നോട്ട് വയ്ക്കുന്നത്.
ബിനീഷ് കോടിയേരി അറസ്റ്റ് ചെയ്യപ്പെട്ടതില്‍ പാര്‍ട്ടിയ്ക്ക് പ്രതിസന്ധിയൊന്നും ഇല്ലെന്ന നിലപാടാണ് സിപിഎം നേതാക്കള്‍ സ്വീകരിക്കുന്നത്. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും ഇതേ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. ബിനീഷ് പാര്‍ട്ടി നേതാവോ പാര്‍ട്ടി അംഗമോ അല്ലാത്ത സ്ഥിതിയ്ക്ക്, ബിനീഷിന്റെ നടപടികളില്‍ പാര്‍ട്ടിയ്ക്ക് ധാര്‍മിക ഉത്തരവാദിത്തം ഇല്ലെന്നാണ് എല്‍.ഡി.എഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ പ്രതികരിച്ചത്.