ഷാർജ: ഷാർജയിൽ ഉണ്ടായ വാഹനാപകടത്തിൽ മൂന്ന് ഇമാറാത്തി ആൺകുട്ടികൾക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകിട്ടാണ് അപകടം ഉണ്ടായത്. 13നും 15നും ഇടയിൽ പ്രായമുള്ളവരാണ് മരിച്ചത്. ബന്ധുവിന്റെ വീട്ടിൽ ഇഫ്താറിനായി പോകുമ്പോഴായിരുന്നു അപകടം. കൽബ റോഡിൽ വെച്ച് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. 13 വയസ്സുകാരനായിരുന്നു വാഹനം ഓടിച്ചിരുന്നത്. അമിതവേഗതയിൽ എത്തിയ വാഹനം റോഡിൽ നിന്ന് തെന്നിമാറി മറിയുകയും തീപിടിക്കുകയുമായിരുന്നെന്നാണ് റിപ്പോർട്ട്. മൂവരും കാറിനുള്ളിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. ഇഫ്താർ സമയം ആരംഭിച്ചതിന് തൊട്ടുപിന്നാലെ 6.45ഓടെയാണ് അപകടം നടന്ന വിവരം ഷാർജ പോലീസ് ഓപറേഷൻസ് റൂമിൽ ലഭിച്ചത്. ഉടൻ തന്നെ അടിയന്തിര സംഘം സ്ഥലത്തെത്തുകയായിരുന്നു. രണ്ട് ആൺകുട്ടികൾ സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു. മൂന്നാമത്തെയാൾക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഉടൻതന്നെ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. സംഭവസ്ഥലത്ത് മരിച്ച കുട്ടികളുടെ മൃതദേഹം കൂടുതൽ പരിശോധനയ്ക്കായി ആശുപത്രിയിലെത്തിച്ച ശേഷം പിന്നീട് കൽബ കബർസ്ഥാനിൽ അടക്കം ചെയ്തു.