തിരുവനന്തപുരം: 50-ാമത് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ (2019) പ്രഖ്യാപിച്ചു. സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ ബാലനാണ് പ്രഖ്യാപനം നടത്തിയത്. മികച്ച നടന് സുരാജ് വെഞ്ഞാറമ്മൂട്. മികച്ച നടി കനി കുസൃതി. ഷിനോസ് റഹ്മാനും സഹോദരന് സജാസ് റഹ്മാനും ചേര്‍ന്ന് സംവിധാനം ചെയ്ത വാസന്തിയാണ് മികച്ച ചിത്രം. മികച്ച സംവിധായകനുള്ള പുരസ്കാരം ലിജോ ജോസ് നേടി.
‘ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന് വേര്‍ഷന്‍ 5.25’, ‘വികൃതി’ സിനിമകളിലെ അഭിനയം പരിഗണിച്ചാണ് സുരാജിന് പുരസ്കാരം. ‘ബിരിയാണി’യിലെ അഭിനയമാണ് കനിയെ പുരസ്കാരത്തിന് അര്‍ഹയാക്കിയത്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്പവുമാണ് ഇവര്‍ക്ക് പുരസ്കാരമായി ലഭിക്കുന്നത്. മികച്ച സംവിധായകനായി ‘ജല്ലിക്കട്ട്’ ഒരുക്കിയ ലിജോ ജോസ് പെല്ലിശ്ശേരിയേയും തെരഞ്ഞെടുത്തു.
മികച്ച രണ്ടാമത്തെ ചിത്രമായി കെഞ്ചിരയെ തെരഞ്ഞെടുത്തു. മികച്ച സ്വഭാവ നടനായി ഫഹദ് ഫാസിലും മികച്ച സ്വഭാവ നടിയായി സ്വാസികയും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കുമ്പളങ്ങി നൈറ്റ്സ്, വാസന്തി സിനിമകളിലൂടെയാണ് ഇരുവരേയും ഈ പുരസ്കാരത്തിന് അര്‍ഹരാക്കിയത്.
ഛായാഗ്രാഹകനും സംവിധായകനുമായ മധു അമ്പാട്ട് അധ്യക്ഷനായ ജൂറിയാണ് വിധി നിര്‍ണയം നടത്തിയത്. കഴിഞ്ഞ മാര്‍ച്ചില്‍ പ്രഖ്യാപിക്കേണ്ടിയിരുന്ന പുരസ്കാരങ്ങള്‍ കോവിഡ് മൂലമാണ് നീണ്ടു പോയത്. 119 സിനിമകളാണ് ഇത്തവണ അവാര്‍ഡിനായി മത്സരിച്ചത്. ഇതില്‍ പലതും പ്രേക്ഷകര്‍ക്കു മുന്നില്‍ എത്താത്തവയാണ്. തീയറ്ററുകളിലെത്താത്ത ചിത്രങ്ങളില്‍ മലയാളത്തിലെ ഏറ്റവും കൂടുതല്‍ മുതല്‍മുടക്കുള്ള ചിത്രമെന്ന ഖ്യാതിയുള്ള മരക്കാര്‍ അറബിക്കടലിന്റെ സിംഹവുമുണ്ട്.
ബിഗ് ബജറ്റ് ചിത്രങ്ങളായ മരക്കാര്‍ അറബിക്കടലിന്റെ സിഹം, മാമാങ്കം, ലൂസിഫര്‍ ഇവയ്ക്കൊപ്പം തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, കുമ്പളങ്ങി നൈറ്റ്സ്, വൈറസ്, പ്രതി പൂവന്‍കോഴി, ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്, അമ്പിളി, ഉണ്ട, പതിനെട്ടാം പടി, െ്രെഡവിങ് ലൈസന്‍സ്, പൊറിഞ്ചു മറിയം ജോസ്, കോളാമ്പി , ഉയരെ, വികൃതി, ഹാസ്യം, മൂത്തോന്, സ്റ്റാന്‍ഡ് അപ്പ്, താക്കോല്‍, സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോ, കെഞ്ചീര, തെളിവ്, ജലസമാധി, ഗ്രാമവൃക്ഷത്തിലെ കുയില്‍, ഫൈനല്‍സ്, അതിരന്, ജല്ലിക്കട്ട്, ഹെലന്, വെയില്‍മരങ്ങള്‍, അഭിമാനിനി, കള്ളനോട്ടം, ബിരിയാണി തുടങ്ങി ഒട്ടേറെ സിനിമകളാണ് ഇക്കുറി മത്സരത്തിന് ഉണ്ടായിരുന്നത്.
മോഹന്‍ലാലിന്റെ കുഞ്ഞാലി മരക്കാര്‍ (മരക്കാര്‍ അറബിക്കടലിന്റെ സിംഹം), മമ്മൂട്ടിയുടെ മണിസാര്‍ (ഉണ്ട) നിവിന്‍ പോളിയുടെ അക്ബര്‍ (മൂത്തോന്), സുരാജ് വെഞ്ഞാറമൂട് ഭാസ്കര പൊതുവാള് (ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്, വികൃതി), സൗബിന് ഷാഹിറിന്റെ സജി (കുമ്പളങ്ങി നൈറ്റ്സ്, അമ്പിളി), ആസിഫ് അലിയുടെ സ്ലീവാച്ചന് (കെട്ട്യോളാണ് എന്റെ മാലാഖ) ഇവര്‍ തമ്മിലായിരുന്നു മികച്ച നടന്മാര്ക്കായുള്ള പ്രത്യേക മത്സരം നടന്നത്.
മികച്ച നടിയാകാനും ശക്തമായ മത്സരം നടന്നിരുന്നു. കനി കുസൃതി (ബിരിയാണി), പാര്‍വതി തിരുവോത്ത്(ഉയരെ), മഞ്ജു വാര്യര്‍(പ്രതി പൂവന്‍കോഴി), രജിഷ വിജയന്(ഫൈനല്‍സ്, സ്റ്റാന്‍ഡപ്പ്), നിത്യ മേനോന് (കോളാമ്പി), അന്ന ബെന്‍(ഹെലന്, കുമ്പളങ്ങി നൈറ്റ്സ്) തുടങ്ങിയവര്‍ മികച്ച നടിയാകാന്‍ ഏറ്റുമുട്ടി.
മധു അമ്പാട്ട് (ചെയര്മാന്), സംവിധായകരായ സലിം അഹമ്മദ്, എബ്രിഡ് ഷൈന്‍, ഛായാഗ്രാഹകന്‍ വിപിന്‍ മോഹന്‍, എഡിറ്റര്‍ എല്‍ ഭൂമിനാഥന്‍, സൗണ്ട് എന്‍ജിനീയര്‍ എസ് രാധാകൃഷ്ണന്, പിന്നണി ഗായിക ലതിക, നടി ജോമോള്‍, എഴുത്തുകാരന് ബെന്യാമിന്, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി അജോയ് (മെമ്പര്‍ സെക്രട്ടറി) എന്നിവര്‍ അടങ്ങുന്ന ജൂറിയാണ് അവാര്‍ഡ് നിശ്ചയിച്ചത്.