THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Saturday, September 23, 2023

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news സര്‍വ്വീസില്‍ മികച്ച ട്രാക്ക് റെക്കോര്‍ഡ്, ഈ ഉദ്യോഗസ്ഥ പ്രമാണിയുടെ പതനം ഉന്നതങ്ങളില്‍ നിന്ന്‌

സര്‍വ്വീസില്‍ മികച്ച ട്രാക്ക് റെക്കോര്‍ഡ്, ഈ ഉദ്യോഗസ്ഥ പ്രമാണിയുടെ പതനം ഉന്നതങ്ങളില്‍ നിന്ന്‌

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍പ്പെട്ടവരുമായി പരിധിവിട്ട ബന്ധം, സര്‍ക്കാരിന്റെ ഉന്നതസ്ഥാനത്തിരുന്ന് അവര്‍ക്ക് വഴിവിട്ട സഹായം. ഇതെല്ലാം അറിഞ്ഞോ അറിയാതെയോ ദേശവിരുദ്ധ പ്രവര്‍ത്തനത്തിനും കള്ളക്കടത്തുകാര്‍ക്കും സഹായകമായോയെന്ന് അന്വേഷണ ഏജന്‍സികള്‍ക്കുണ്ടായ സംശയം മുതിര്‍ന്ന ഐ.എ.എസ്. ഉദ്യോഗസ്ഥനായ എം. ശിവശങ്കറെ എത്തിച്ചത് നിയമക്കുരുക്കില്‍, ഒടുവില്‍ അറസ്റ്റിന്റെ പാതയിലും.

adpost

സ്വപ്നാസുരേഷ്, സരിത്ത് തുടങ്ങിയവര്‍ക്ക് സ്വര്‍ണക്കടത്തുണ്ടെന്ന് അറിയില്ലെന്നായിരുന്നു ശിവശങ്കര്‍ ആദ്യമൊക്കെ പറഞ്ഞിരുന്നത്. പക്ഷേ, പ്രതികളുമായുള്ള ബന്ധങ്ങളെപ്പറ്റിയുള്ള തെളിവുകളോരോന്നും വരിഞ്ഞുമുറുക്കിയതോടെ വഴികളെല്ലാം അടഞ്ഞു. പദവികളില്‍നിന്നു പുറത്താവുകയും അന്വേഷണ ഏജന്‍സികളുടെ നിരന്തര ചോദ്യംചെയ്യലിനു വിധേയനാവുകയും ചെയ്തു. ഏറ്റവുമൊടുവില്‍ ഇ.ഡി.ക്കും കസ്റ്റംസിനും മുന്നില്‍ അടിപതറിയതോടെ തകര്‍ച്ച പൂര്‍ണം.

adpost

മുഖ്യമന്ത്രി പിണറായി വിജയന്റെ ഗുഡ് ബുക്കില്‍ കയറിപ്പറ്റിയ വ്യക്തിയാണ് ശിവശങ്കര്‍. മുഖ്യമന്ത്രിയുടെ ഓഫീസിലെ സൂപ്പര്‍ പവര്‍, റാങ്കില്‍ താഴെ ആണെങ്കിലും ചീഫ് സെക്രട്ടറിയേക്കാള്‍ കരുത്തന്‍. സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തിരിക്കുന്ന മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന് ഇത്തരത്തില്‍ പല വിശേഷണങ്ങളുണ്ട്.

ഉദ്യോഗസ്ഥ തലത്തിലെ ഏറ്റവും കരുത്തനായിരിക്കുമ്പോഴാണ് സ്വര്‍ണ്ണക്കടത്തില്‍ കുരുങ്ങി എം ശിവശങ്കറിന്റെ വീഴ്ച്ച. സി.പി.എമ്മിനും ഇടത് സര്‍ക്കാരിനും ഇത് വലിയ രാഷ്ട്രീയ ആഘാതമാണ്. സര്‍വ്വീസിന്റെ അവസാന കാലത്താണ് ശിവശിങ്കറിന്റെ ഈ അപ്രതീക്ഷിത വീഴ്ച.

ലൈഫ് മിഷന്‍, കെ ഫോണ്‍ അടക്കം ഇടത് സര്‍ക്കാരിന്റെ പല സ്വപ്‌ന പദ്ധതികളുടേയും ചുക്കാന്‍ പിടിച്ചിരുന്നത് ശിവശങ്കര്‍ ആയിരുന്നു. ഉദ്യോഗസ്ഥ തലത്തില്‍ ഏറെ മികവ് തെളിയിച്ച വ്യക്തിയെന്നത് ആര്‍ക്കും തര്‍ക്കമില്ലാത്ത വിഷയം. തിരുവനന്തപുരം സ്വദേശിയാണ് എം ശിവശങ്കര്‍. പഠനകാലത്ത് തന്നെ മികവ് തെളിയിച്ച മിടുക്കന്‍. എസ്.എസ്.എല്‍സി പരീക്ഷയില്‍ രണ്ടാം റാങ്കോടെ ആയിരുന്നു വിജയം.

തുടര്‍ന്ന് എഞ്ചിനീയറിംഗ് തിരഞ്ഞെടുത്തു. പഠനം പാലക്കാട് എന്‍എസ്എസ് കോളേജില്‍. ബി.ടെക് പഠനത്തിന് ശേഷം റൂറല്‍ മാനേജ്‌മെന്റില്‍ പി.ജി ഡിപ്ലോമ സ്വന്തമാക്കി. റിസര്‍വ് ബാങ്കില്‍ ഓഫീസറായാണ് ജോലിയുടെ തുടക്കം. അതിന് ശേഷം റവന്യൂ വകുപ്പില്‍ ഡെപ്യൂട്ടി കളക്ടറായി സേവനം അനുഷ്ഠിച്ചു. 1995ല്‍ ആണ് എം ശിവശങ്കറിന് കണ്‍ഫേര്‍ഡ് ഐ.എ.എസ് ലഭിക്കുന്നത്.

അഞ്ച് വര്‍ഷങ്ങള്‍ക്കപ്പുറം 2000ത്തില്‍ ഐ.എ.എസില്‍ ശിവശങ്കറിനെ സ്ഥിരപ്പെടുത്തിക്കൊണ്ട് ഉത്തരവായി. പിന്നീട് ശിവശങ്കറിന്റെ ഭരണതലത്തിലെ മികവ് തെളിയിക്കപ്പെട്ട നാളുകള്‍. മലപ്പുറം കളക്ടര്‍ ആയി ഏറെ പ്രശംസിക്കപ്പെട്ട പ്രവര്‍ത്തനം ആയിരുന്നു ശിവശങ്കര്‍ കാഴ്ച വെച്ചിരുന്നത്. അതിന് ശേഷവും ഏല്‍പ്പിച്ച പദവികളിലെല്ലാം ശിവശങ്കര്‍ തന്റെ മികവ് തെളിയിച്ചു.

ടൂറിസം ഡയറക്ടറായും പൊതുമരാമത്ത് സെക്രട്ടറിയായും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ആയും സെക്രട്ടറിയായും സ്‌പോര്‍ട്‌സ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. സംസ്ഥാനത്ത് പവര്‍ കട്ട് ഒഴിവാക്കാനായി നടത്തിയ ഇടപെടലുകള്‍ വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്‍ ആയിരുന്ന ശിവശങ്കറിന്റെ തൊപ്പിയിലെ പൊന്‍തൂവലാണ്. ദീര്‍ഘകാലത്തേക്ക് വൈദ്യുതി വാങ്ങലിനുളള കരാറുകളില്‍ സംസ്ഥാനം ഒപ്പ് വെച്ചത് ഇക്കാലത്താണ്.

എം ശിവശങ്കറിന്റെ ഈ മികച്ച സര്‍വ്വീസ് റെക്കോര്‍ഡ് തന്നെയാണ് അദ്ദേഹത്തെ മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസില്‍ എത്തിച്ചതും. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്തിനൊപ്പം ഐടി സെക്രട്ടറി പദവിയും ശിവശങ്കറിന് ലഭിച്ചു. സ്വര്‍ണ്ണക്കടത്ത് വിവാദത്തില്‍ അകപ്പെടുന്നതിന് മുന്‍പ് സ്പ്രിംഗഌ വിവാദത്തിലും ശിവശങ്കരന്‍ പെട്ടിരുന്നു. എന്നാല്‍ അന്ന് മുഖ്യമന്ത്രി അദ്ദേഹത്തെ സംരക്ഷിച്ചു.

എന്നാല്‍ സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്‌ന സുരേഷുമായുളള ബന്ധം പുറത്ത് വന്നതോടെ മുഖ്യമന്ത്രി ശിവശങ്കറിനെ പതിയെ കൈവിട്ട് തുടങ്ങി. പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനവും ഐ.ടി സെക്രട്ടറി സ്ഥാനവും തെറിച്ചു. ഒടുവില്‍ സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ ഇഡി അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. 2023 ജനുവരി 31 വരെ സര്‍വ്വീസ് ബാക്കി ഉളളപ്പോഴാണ് എം ശിവശങ്കറിന്റെ ഈ പതനം.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com