ലഹോര്‍: പാകിസ്ഥാൻ സൈന്യത്തിനെതിരെ രൂക്ഷമായ ആക്രമണം അഴിച്ചുവിട്ടതായി ബലോച് ലിബറേഷൻ ആർമി (ബിഎൽഎ). പാക് സൈനിക, രഹസ്യാന്വേഷണ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ബലൂചിസ്ഥാനിലെ 51 സ്ഥലങ്ങളിൽ 71 ഏകോപിത ആക്രമണങ്ങൾ നടത്തിയതായി ബിഎൽഎ അവകാശപ്പെട്ടത്. ആക്രമണങ്ങളുടെ ലക്ഷ്യം ശത്രുവിനെ നശിപ്പിക്കുക എന്നത് മാത്രമല്ല, ഭാവിയിലെ സംഘടിത യുദ്ധത്തിനുള്ള തയ്യാറെടുപ്പ് ശക്തിപ്പെടുത്തുന്നതിനായി ഏകോപനം, ഗ്രൗണ്ട് കണ്‍ട്രോള്‍, പ്രതിരോധ നിലപാടുകൾ എന്നിവ പരീക്ഷിക്കുക എന്നതുമാണെന്നും ബിഎൽഎ പ്രസ്താവനയിൽ വ്യക്തമാക്കി.
ലഷ്‌കറെ തൊയ്ബ, ജെയ്‌ഷെ മുഹമ്മദ്, ഐഎസ്‌ഐഎസ്, തുടങ്ങിയ ഭീകര സംഘടനകളുടെ ബ്രീഡിങ് ഗ്രൗണ്ടാണ് പാകിസ്ഥാനെന്നും ബിഎൽഎ ആരോപിക്കുന്നു. പാകിസ്ഥാന്‍റെ സൈനിക, രഹസ്യാന്വേഷണ സ്ഥാപനമായ ഐഎസ്‌ഐ ഭീകരതയുടെ പ്രജനന കേന്ദ്രമാണെന്നും അക്രമാസക്തമായ പ്രത്യയശാസ്ത്രമുള്ള ഒരു ആണവരാഷ്ട്രമായി പാകിസ്ഥാൻ മാറിയെന്നും ബിഎൽഎ ആരോപിച്ചു. പാകിസ്താൻ കൈകളിൽ രക്തം പുരണ്ട രാഷ്ട്രമാണെന്നും എല്ലാ വാഗ്ദാനങ്ങളും ആ രക്തത്തിൽ മുങ്ങിയെന്നും പ്രസ്താവനയിൽ വിമർശിക്കുന്നു.