ചണ്ഡിഗഢ്: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ പേര് രേഖപ്പെടുത്തിയ ഫലകം ഹിമാചല്‍ പ്രദേശിലെ റോഹ്തകിലെ അടല്‍തുരങ്കത്തില്‍ നിന്ന് നീക്കം ചെയതു. പാരമ്പര്യത്തിന് നിരക്കാത്തത്ത നടപടിയെന്ന് കുറ്റപ്പെടുത്തിയ കോണ്‍ഗ്രസ് ഫലകം എത്രയും പെട്ടന്ന് പുന:സ്ഥാപിച്ചില്ലെങ്കില്‍ സംസ്ഥാന വ്യാപകമായി പ്രക്ഷോഭം നടത്തുമെന്ന് അറിയിച്ചു. ജനാധിപത്യത്തിന് ചേര്‍ന്ന നടപടിയല്ലിതെന്ന് കുറ്റപ്പെടുത്തിയ പി സി സി അധ്യക്ഷന്‍ കുല്‍ദീപ് സിംഗ് റാത്തോഡ് ഫലകം പുനഃസ്ഥാപിക്കാന്‍ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രി ജയ്‌റാം ഠാക്കൂറിന് കത്തെഴുതി.

ഒക്ടോബര്‍ മൂന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് അടല്‍ തുരങ്കത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. ഉദ്ഘാടനത്തിന് മുന്നോടിയായി തുരങ്കപാതയുടെ ശിലാസ്ഥാപനം നിര്‍വഹിച്ച സോണിയാഗാന്ധിയുടെ പേര് ആലേഖനം ചെയ്ത ഫലകം തുരങ്കത്തില്‍ നിന്ന് നീക്കം ചെയ്തതായാണ് കോണ്‍ഗ്രസിന്റെ ആരോപണം.

2010 ജൂണ്‍ 28നാണ് മണാലിയിലെ ധുണ്ഡിയില്‍ സോണിയാ ഗാന്ധി തുരങ്കപാതയുടെ ശിലാസ്ഥാപനം നടത്തിയത്. വളരെയേറെ തന്ത്രപ്രാധാന്യമുളള അടല്‍ തുരങ്കം മണാലിയെ ലാഹൗള്‍ സ്പിറ്റി താഴ്‌വരയുമായി ബന്ധിപ്പിക്കുന്നതാണ്. മാത്രമല്ല ലേയിലേക്കുളള യാത്രാസമയം അഞ്ചുമണിക്കൂര്‍ വരെ കുറക്കാനും സാധിക്കും. ലോകത്തിലെ ഏറ്റവും നീളമേറിയ ഹൈആള്‍ട്ടിറ്റിയൂഡ് തുരങ്കമാണിത്.