ന്യൂഡല്‍ഹി: കേരള ബിജെപിയില്‍ വി മുരളീധരന്‍ തന്നെയാണ് ഇപ്പോഴും അവസാന വാക്ക്. കേന്ദ്ര മന്ത്രി, മുന്‍ അധ്യക്ഷന്‍ എന്നീ നിലകളില്‍ മാത്രമല്ല, കേന്ദ്ര നേതൃത്വവുമായി ഏറ്റവും അടുപ്പമുള്ള നേതാവും വി മുരളീധരന്‍ തന്നെ. എന്നാല്‍ വരാന്‍ പോകുന്ന കേന്ദ്ര മന്ത്രിസഭ പുന:സംഘടനയില്‍ വി മുരളീധരനെ ഒതുക്കാനുള്ള നീക്കങ്ങളും പാര്‍ട്ടിയില്‍ സജീവമാണ് എന്ന രീതിയില്‍ ആണ് വാര്‍ത്തകള്‍ പുറത്ത് വരുന്നത്. പ്രോട്ടോകോള്‍ ലംഘനം എന്ന രീതിയില്‍ ഉയര്‍ന്ന പരാതി ഇപ്പോള്‍ ബിജെപിയ്ക്കുള്ളില്‍ വിഭാഗീയത രൂക്ഷമാകാനും കാരണമായിട്ടുണ്ട്. ഇതെല്ലാം കേന്ദ്ര നേതൃത്വത്തിന്റെ പരിഗണനയിലും വന്നേക്കും.

കേന്ദ്ര മന്ത്രിസഭ പുന:സംഘടന അധികം വൈകാതെ ഉണ്ടാകും എന്നാണ് റിപ്പോര്‍ട്ടുകള്‍. പാര്‍ട്ടിയിലെ പുന:സംഘടനയില്‍ ഉണ്ടായ പരാതികള്‍ക്ക് അതോടെ പരിഹാരം കണ്ടേക്കും എന്ന രീതിയില്‍ വാര്‍ത്തകള്‍ വന്നിരുന്നു. കേരളത്തില്‍ നിന്നുള്ള മുതിര്‍ന്ന നേതാക്കള്‍ക്ക് പുന:സംഘടനയില്‍ പരിഗണന കിട്ടിയേക്കും എന്നാണ് സൂചനകള്‍. കേരളത്തില്‍ വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് വി മുരളീധരന്‍ ആണ് എന്ന മട്ടില്‍ ഒരു വിഭാഗം ആക്ഷേപം ഉന്നയിക്കുന്നുണ്ട്. മുരളീധരന്‍ പാര്‍ട്ടിയ്ക്കുള്ളില്‍ പക്ഷപാതപരമായ നിലപാടുകള്‍ സ്വീകരിക്കുന്നു എന്ന ആക്ഷേപം കേന്ദ്ര നേതൃത്വത്തിന് മുന്നിലും എത്തിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.

2019 നവംബറില്‍ അബുദാബിയില്‍ വച്ച് നടന്ന ഇന്ത്യന്‍ ഓഷ്യന്‍ റിം അസോസിയേഷന്‍ കൗണ്‍സില്‍ ഓഫ് മിനിസ്‌റ്റേഴ്‌സ് യോഗത്തില്‍ പിആര്‍ കമ്പനി മാനേജരായ സ്മിത മേനോനെ പങ്കെടുപ്പിച്ചത് സംബന്ധിച്ചായിരുന്നു പരാതി ഉയര്‍ന്നത്. ലോക് താന്ത്രിക് യുവ ജനതാദള്‍ അധ്യക്ഷന്‍ സലീം മടവൂര്‍ ആയിരുന്നു പരാതിക്കാരന്‍. 2019 ല്‍ അബുദാബിയിലെ പരിപാടിയില്‍ പങ്കെടുക്കുന്ന സമയത്ത് സ്മിത മേനോന് ബിജെപിയിലോ അനുബന്ധ സംഘടനകളിലോ ഭാരവാഹിത്വം ഉണ്ടായിരുന്നില്ല. എന്നാല്‍ അതിന് ശേഷം 2020 മാര്‍ച്ചില്‍ നടന്ന പുന:സംഘടനയില്‍ സ്മിത മേനോനെ മഹിള മോര്‍ച്ച സംസ്ഥാന സെക്രട്ടറിയായി നിയമിച്ചു.
തുടക്കത്തില്‍ ഇത് സംബന്ധിച്ച് വലിയ പ്രതിഷേധം ഒന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ സലീം മടവൂര്‍ പ്രധാനമന്ത്രിയ്ക്ക് നല്‍കിയ പരാതി ചര്‍ച്ചയായതോടെ സ്മിത മേനോന്റെ മഹിള മോര്‍ച്ചയിലെ ഭാരവാഹിത്വവും വിവാദമായി. ഭാരവാഹിയാകുന്നതിന് മുമ്പ് അവരെ അറിയില്ലായിരുന്നു എന്ന് പ്രമുഖ നേതാക്കള്‍ തന്നെ പരസ്യമായി പ്രതികരിക്കുകയും ചെയ്തു. അതിനിടെ മറ്റൊരു വിവാദം കൂടി ഇതിന്റെ ഭാഗമായി ഉയര്‍ന്നുവന്നു. സ്മിത മേനോന്റെ ഭര്‍ത്താവിനെ കസ്റ്റംസിന്റെ ഹൈക്കോടതിയിലെ സ്റ്റാന്‍ഡിങ് കൗണ്‍സെല്‍ ആയി നിയമിച്ചതാണ് ബിജെപിയ്ക്കുള്ളില്‍ ചര്‍ച്ചയായത്. ബിജെപിയുടെ തന്നെ അഭിഭാഷക സംഘടനയിലെ പ്രമുഖരെ ഒഴിവാക്കിയാണ് സ്മിത മേനോന്റെ ഭര്‍ത്താവിന് നിയമനം നല്‍കിയത് എന്നാണ് ആക്ഷേപം.
സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ ഒന്നും തന്നെ മന്ത്രിമാരുടെ ഭാഗത്ത് നിന്ന് ഉണ്ടാകരുത് എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നല്‍കിയിട്ടുള്ള നിര്‍ദ്ദേശം. ഇക്കാര്യം മുന്‍നിര്‍ത്തി തന്നെ ആയിരിക്കും എതിര്‍പക്ഷം മുരളീധരനെതിരെ കേന്ദ്ര നേതൃത്വത്തില്‍ പരാതി ഉന്നയിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. പാര്‍ട്ടി ദേശീയ പുന:സംഘടനയില്‍ എ.പി അബ്ദുള്ളക്കുട്ടി ദേശീയ ഉപാധ്യക്ഷനായും ടോം വടക്കന്‍ ദേശീയ വക്താവായും നിയമിതരായി. അടുത്തിടെ മാത്രം പാര്‍ട്ടിയില്‍ എത്തിയ, ന്യൂനപക്ഷ വിഭാഗക്കാര്‍ക്ക് ഉന്നത സ്ഥാനം നല്‍കിയതിലും ഒരു വിഭാഗത്തിന് അമര്‍ഷമാണ്. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളേയും പികെ കൃഷ്ണദാസ് പക്ഷത്തേയും പൂര്‍ണമായും അവഗണിച്ചു എന്ന പരാതി കേന്ദ്ര നേതൃത്വത്തിന് മുന്നില്‍ എത്തിയിട്ടുണ്ട്.
ദേശീയ പുന:സംഘടനയിലും അവഗണിക്കപ്പെട്ട ശോഭ സുരേന്ദ്രന്റെ നേതൃത്വത്തിലും ഒരു വിഭാഗം എതിര്‍പ്പ് പ്രകടമാക്കുന്നുണ്ട്. കെ സുരേന്ദ്രന്‍ സംസ്ഥാന അധ്യക്ഷനായതിന് പിറകെയാണ് ശോഭ സുരേന്ദ്രന്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ നിന്ന് പിന്‍മാറിയത്. ശോഭയെ ദേശീയ വനിത കമ്മീഷന്‍ അധ്യക്ഷയാക്കിയേക്കുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും പിന്നീട് തുടര്‍ നടപടികള്‍ ഉണ്ടായിരുന്നില്ല.
എന്നാല്‍ പാര്‍ട്ടിയ്ക്കുള്ളില്‍ ഒരുതരത്തിലുള്ള പ്രശ്‌നങ്ങളും ഇല്ലെന്നാണ് വി മുരളീധരന്‍ പ്രതികരിച്ചത്. താന്‍ പ്രോട്ടോകോള്‍ ലംഘനം നടത്തിയിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു. ബിജെപിയില്‍ ഉണ്ടായ പടയൊരുക്കം സിപിഎമ്മിന്റെ അഴിമതിയ്ക്ക് എതിരെ ആണെന്നും അദ്ദേഹം പറഞ്ഞു. എന്തായാലും ഈ വിവാദത്തില്‍ വി മുരളീധരനെ പരസ്യമായി പിന്തുണച്ച് രംഗത്ത് എത്തിയത് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ മാത്രമാണ്.