കൊച്ചി: കള്ളപ്പണം വെളുപ്പിച്ച കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ കസ്റ്റഡി കാലാവധി ആറ് ദിവസത്തേക്ക് കൂടി നീട്ടി. എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്ത ശിവശങ്കറിന്റെ കസ്റ്റഡി കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് ഏഴ് ദിവസത്തേക്ക് കൂടി ശിവശങ്കറിനെ കസ്റ്റഡിയില്‍ വിട്ടുനല്‍കണമെന്നാവശ്യപ്പെട്ട് കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചത്. എന്‍ഫോഴ്‌സ്‌മെന്റിന്റെ അപേക്ഷ പരിഗണിച്ച എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ആറ് ദിവസത്തേയ്ക്ക് കൂടി ശിവശങ്കറിനെ എന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റഡിയില്‍ വെക്കാന്‍ അനുവദിക്കുകയും ചെയ്തു.

സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതികളായ ലൈഫ് മിഷന്‍, കെ ഫോണ്‍ എന്നിവയുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങള്‍ എം ശിവശങ്കര്‍ സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന് കൈമാറിയിട്ടുണ്ട്. ഇക്കാര്യം എന്‍ഫോഴ്‌സ്‌മെന്റ് അഭിഭാഷകന്‍ കോടതിയിലാണ് അറിയിച്ചത്. ഇത് തെളിയിക്കുന്ന വാട്‌സ്ആപ്പ് മെസേജകുളും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യം ശിവശങ്കര്‍ തുറന്ന് സമ്മതിച്ചതായും ഇഡി വ്യക്തമാക്കി.

സ്വര്‍ണ്ണക്കടത്ത് കേസ്, ലൈഫ് മിഷന്‍ പദ്ധതിയുടെ കമ്മീഷന്‍ ഇടപാടുകളും തമ്മില്‍ ബന്ധമുണ്ടെന്ന് കോടതിയില്‍ വാദിച്ച എന്‍ഫോഴ്‌സ്‌മെന്റ് രഹസ്യ വിവരങ്ങള്‍ ശിവശങ്കര്‍ സ്വപ്നയുമായി പങ്കുവെച്ചതിലൂടെ ശിവശങ്കറും ഈ പദ്ധതിയുടെ ഭാഗമാണെന്ന് വ്യക്തമാകുന്നതെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയെ അറിയിച്ചിട്ടുണ്ട്. കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റഡിയിലെടുത്ത ശിവശങ്കര്‍ ആദ്യ ദിവസങ്ങളില്‍ അന്വേഷണത്തോടും ചോദ്യം ചെയ്യലിനോടും സഹകരിച്ചിരുന്നില്ല. ഇക്കാര്യം ഇഡി ഉദ്യോഗസ്ഥര്‍ കോടതിയെ ധരിപ്പിച്ചതോടെയാണ് കസ്റ്റഡി കാലാവാധി നീട്ടിനല്‍കുന്നത്. നവംബര്‍ 11ന് ശിവശങ്കറിനെ വീണ്ടും കോടതിയില്‍ ഹാജരാക്കും.
ലൈഫ് മിഷന്‍ പദ്ധതിയുടെ കാര്യങ്ങള്‍ അന്വേഷിക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റിന് എങ്ങനെയാണ് സാധിക്കുകയെന്നാണ് കോടതി ചോദിച്ചത്. സ്വര്‍ണ്ണക്കടത്ത് കേസും ലൈഫ് മിഷന്‍ പദ്ധതിയും തമ്മില്‍ ബന്ധമുണ്ടെന്നാണ് ഇതിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നല്‍കിയ മറുപടി. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് ഇക്കാര്യങ്ങള്‍ അന്വേഷിക്കാന്‍ കഴിയില്ലെന്ന വാദമാണ് ശിവശങ്കറിന്റെ അഭിഭാഷകന്‍ ഉന്നയിച്ച വാദം.