കൊച്ചി: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് ജാമ്യം നേടി പുറത്തിറങ്ങാതിരിക്കാനുള്ള നടപടികളുമായി അന്വേഷണ ഏജന്‍സികള്‍. നേരത്തെ കസ്റ്റംസ് കേസില്‍ സ്വപ്‌നയ്ക്ക് ജാമ്യം ലഭിച്ചിരുന്നു. എന്‍.ഐ.എ കേസില്‍ ജാമ്യാപേക്ഷ കോടതി പരിഗണിക്കുകയാണ്. അതിനിടയിലാണ് സ്വപ്‌നയ്ക്കും സന്ദീപിനും എതിരെ കൊഫെപോസ കൂടി ചുമത്തിയിരിക്കുന്നത്. ഇതിന് ആഭ്യന്തര സെക്രട്ടറി അനുമതി നല്‍കി കഴിഞ്ഞു. കസ്റ്റംസ് ആണ് രണ്ട് പേര്‍ക്കും എതിരെ കൊഫെപോസ ചുമത്തിയിരിക്കുന്നത്.

തുടര്‍ച്ചയായി സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരെ കുരുക്കാനാണ് സാധാരണ ഗതിയില്‍ കൊഫെപോസ നിയമം ചുമത്താറുള്ളത്. സ്വപ്‌നയും സന്ദീപും നിരന്തരമായി സാമ്പത്തിക തട്ടിപ്പ് നടത്തുന്നവരാണ് എന്നാണ് കസ്റ്റംസിന്റെ വാദം. കൊഫെപോസ നിയമപ്രകാരം അറസ്റ്റ് ചെയ്താല്‍ ഒരു വര്‍ഷം വരെ വിചാരണ കൂടാതെ തടവില്‍ പാര്‍പ്പിക്കാന്‍ സാധിക്കും എന്നതാണ് പ്രത്യേക. സ്വര്‍ണക്കടത്ത് കേസില്‍ ഈ നിയമ ഉപയോഗിക്കാം എന്ന് കസ്റ്റംസിന് നേരത്തേ തന്നെ നിയമോപദേശവും ലഭിച്ചിരുന്നു. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ സ്വപ്‌ന സുരേഷിന് ജാമ്യം കിട്ടിയിരുന്നു. എന്‍ഐഎ രജിസ്റ്റര്‍ ചെയ്ത കേസില്‍ സ്വപ്‌നയുടെ ജാമ്യാപേക്ഷ പരിഗണനയില്‍ ആണ്. എന്‍ഫോഴ്‌സ്‌മെന്റ് ഡിപാര്‍ട്ട്‌മെന്റ് രജിസ്റ്റര്‍ ചെയ്ത കേസിലും ജാമ്യം ലഭിച്ചിരുന്നില്ല.

എന്‍ഐഎ കേസില്‍ സ്വപ്‌നയ്ക്ക് ജാമ്യം കിട്ടിയേക്കും എന്ന രീതിയില്‍ വാര്‍ത്തകള്‍ പുറത്ത് വരുന്നുണ്ട്. കേസില്‍ തീവ്രവാദബന്ധത്തിന് എന്ത് തെളിവാണ് എന്‍ഐഎയുടെ കൈവശം ഉള്ളത് എന്ന് കോടതി ആരാഞ്ഞിരുന്നു. കള്ളക്കടത്ത് തടയാന്‍ യുഎപിഎ ആണോ പ്രതിവിധി എന്നും എന്‍ഐഎ കോടതി ആരാഞ്ഞിരുന്നു. കാക്കനാട് ജില്ലാ ജയിലില്‍ ആണ് സ്വപ്‌ന സുരേഷ് ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്നത്. കൊഫെപോസ വാറണ്ട് പ്രകാരം സ്വപ്നയെ കരുതല്‍ തടങ്കലിലേക്ക് മാറ്റിയേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. അങ്ങനെയെങ്കില്‍ സ്വപ്‌നയേയും സന്ദീപിനേയും സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റും.
ഇതിനിടെ എന്‍ഐഎ കോടതിയില്‍ സന്ദീപ് നായര്‍ കുറ്റസമ്മതമൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ഈ മൊഴി പരിശോധിച്ചതിന് ശേഷം സന്ദീപിനെ മാപ്പുസാക്ഷിയാക്കാമോ എന്ന കാര്യം പരിഗണിക്കും എന്നാണ് കോടതി വ്യക്തമാക്കിയിട്ടുള്ളത്. കൊഫെപോസ ചുമത്തിയ സാഹചര്യത്തില്‍ എന്‍ഐഎ കോടതിയില്‍ നിന്ന് ജാമ്യം കിട്ടിയാലും ഇവര്‍ക്ക് പുറത്തിറങ്ങാനാവില്ല. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ കാര്യത്തില്‍ അധികം വൈകാതെ തീരുമാനം വരും എന്നാണ് റിപ്പോര്‍ട്ടുകള്‍. ശിവശങ്കറിനെ തുടര്‍ച്ചയായി രണ്ട് ദിവസമാണ് കസ്റ്റംസ് ചോദ്യം ചെയ്യുന്നത്. ഒക്ടോബര്‍ 10 ന് ശിവശങ്കറിനെ ചോദ്യം ചെയ്യുന്ന അതേ സമയം കാക്കനാട് ജയിലില്‍ സ്വപ്‌ന സുരേഷിനും കസ്റ്റംസ് ചോദ്യം ചെയ്യുന്നുണ്ട്.