തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലെടുത്തു. ശിവശങ്കര്‍ ചികിത്സയില്‍ കഴിയുന്ന വഞ്ചിയൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിയാണ് ഇഡി ഉദ്യോഗസ്ഥര്‍ ശിവശങ്കറിന് കസ്റ്റഡിയിലെടുത്തത്. രാവിലെ ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിന് പിന്നാലെയായിലുന്നു ഇ.ഡിയുടെ നടപടി.
കസ്റ്റഡിയിലെടുത്ത ശിവശങ്കറിനെ ഇഡിയുടെ വാഹനത്തില്‍ പുറത്തേക്ക് കൊണ്ടുപോയി. ആശുപത്രിയിലെത്തി സമന്‍സ് കൈമാറിയതിന് പിന്നാലെയായിരുന്നു അദ്ദേഹത്തെ കൂട്ടിക്കൊണ്ടു പോയത്. ശിവശങ്കറിന്റെ അറസ്റ്റും ഉടന്‍ ഉണ്ടായേക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇ.ഡിയും കസ്റ്റംസും റജിസ്റ്റര്‍ ചെയ്ത കേസുകളിലായിരുന്നു ഹൈക്കോടതി ശിവശങ്കറിന് മുന്‍കൂര്‍ ജാമ്യം നിഷേധിച്ചത്.
ശിവശങ്കര്‍ തന്നെയാകാം സ്വര്‍ണക്കടത്ത് ആസൂത്രണം ചെയ്തതെന്നാണ് അന്വേഷണം സംഘങ്ങളുടെ വാദം. മുന്‍കൂര്‍ ജാമ്യാപേക്ഷ നിലനില്‍ക്കില്ല. അന്വേഷണവുമായി ശിവശങ്കര്‍ സഹകരിക്കുന്നില്ല. ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന് പറയുന്നത് നടപടികളില്‍ നിന്നും ഒഴിഞ്ഞു മാറുന്നതിന് വേണ്ടിയാണെന്നും അന്വേഷണ സംഘം കോടതിയില്‍ വാദിച്ചിരുന്നു. കേസില്‍ ശിവശങ്കറിന്റെ പങ്ക് തെളിയിക്കുന്ന നിര്‍ണ്ണായക വിവരങ്ങള്‍ കസ്റ്റംസ് ഹൈക്കോടതിക്ക് കൈമാറുകയും ചെയ്തിരുന്നു.
ശിവശങ്കര്‍ നിലവില്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചാറ്റേര്‍ഡ് അക്കൗണ്ടുമായി നടത്തിയ വാട്സ്പ്പ് ചാറ്റുകളാണ് ശിവശങ്കറിന്റെ പങ്കിന് പ്രധാന തെളിവായി കസറ്റംസ് കോടതിയില്‍ ഹാജരാക്കിയത്. അന്വേഷണവുമായി ശിവശങ്കര്‍ സഹകരിക്കുന്നില്ലെന്നും പല ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കുന്നില്ലെന്നും കസ്റ്റംസും ഇഡിയും കോടതിയെ അറിയിച്ചിരുന്നു. ചോദ്യം ചെയ്യലിന് ഹാജരാകാതിരിക്കാന്‍ ശിവശങ്കര്‍ ആരോഗ്യപ്രശ്നങ്ങള്‍ ഉന്നയിച്ചെന്നും കസ്റ്റംസ് പറഞ്ഞു.