യു.പി: ഹാത്രാസില്‍ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ദളിത് പെണ്‍കുട്ടിയുടെ കുടുംബത്തോട് യു.പി പൊലീസും സര്‍ക്കാറും കാട്ടുന്ന അനീതി തുറന്നുകാട്ടാന്‍ മുന്നില്‍നിന്ന ഇന്ത്യാടുഡേ റിപ്പോര്‍ട്ടര്‍ തനുശ്രീ പാണ്ഡയ്‌ക്കെതിരെ ബി.ജെ.പിസംഘപരിവാര്‍ അനുകൂല പ്രവര്‍ത്തകരുടെയും മാധ്യമങ്ങളുടേയും വ്യാജ പ്രചരണം.

തനുശ്രീയുടെ ഫോണ്‍ നിയമവിരുദ്ധമായി ചോര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചാണ് ഇവര്‍ക്കെതിരെ ഇത്തരത്തില്‍ വ്യാജപ്രചരണങ്ങള്‍ നടത്തുന്നത്. പെണ്‍കുട്ടിയുടെ ബന്ധുക്കളോട് യോഗി സര്‍ക്കാരില്‍ നിന്നും ഭീഷണിയുണ്ടെന്ന് പറയിപ്പിക്കാന്‍ തനുശ്രീ ശ്രമിച്ചെന്നും ഇവര്‍ പ്രചരിപ്പിക്കുന്നുണ്ട്. ഹാത്രാസ് യുവതിയുടെ കുടുംബത്തിന് യോഗി സര്‍ക്കാരില്‍ നിന്നും ഭീഷണിയുണ്ടെന്ന് പറയിപ്പിക്കാന്‍ തനുശ്രീ പാണ്ഡ ശ്രമിച്ചെന്നാണ് ജനം ടിവി ഒരു തെളിവുകളുടേയും പിന്‍ബലവുമില്ലാതെ പ്രചരിപ്പിക്കുന്നത്.

പെണ്‍കുട്ടിയുടെ മൃതദേഹം കുടുംബാംഗങ്ങളുടെ സമ്മതമില്ലാതെ പൊലീസ് ബലമായി കൊണ്ടുപോയി സംസ്‌ക്കരിച്ച സംഭവം തല്‍സമയം സ്ഥലത്തെത്തി തനുശ്രീ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സംഭവ സ്ഥലത്തുണ്ടായ പൊലീസ് ഉദ്യോഗസ്ഥനോട് ഇതേക്കുറിച്ചുള്ള ചോദ്യങ്ങള്‍ ചോദിക്കുകയും ചോദ്യങ്ങള്‍ക്ക് ഉത്തരംകൊടുക്കാന്‍ ഉദ്യോഗസ്ഥന്‍ വിസമ്മതിക്കുന്ന ദൃശ്യങ്ങളും തനുശ്രീ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ പങ്കുവെച്ചിരുന്നു.
”തികച്ചും അവിശ്വസനീയമാണ്. എന്റെ തൊട്ടുപിന്നില്‍ ഹാത്രാസ് കേസിലെ ഇരയുടെ ശരീരം കത്തുകയാണ്. പൊലീസ് കുടുംബത്തെ വീടിനുള്ളില്‍ അടച്ച് ആരെയും അറിയിക്കാതെ മൃതദേഹം കത്തിക്കുകയാണ്. ഞങ്ങള്‍ പൊലീസിനെ ചോദ്യം ചെയ്തപ്പോള്‍, അവര്‍ ചെയ്തത് ഇതാണ്…” എന്നു പറഞ്ഞുകൊണ്ടാണ് സംഭവസ്ഥലത്തെ ദൃശ്യങ്ങള്‍ പോസ്റ്റ് ചെയ്തത്.
മരിച്ച പെണ്‍കുട്ടിയുടെ വീട്ടിലേക്ക് മാധ്യമപ്രവര്‍ത്തകരേയും രാഷ്ട്രീയ നേതാക്കളെയും കടത്തിവിടാത്ത നടപടിക്കെതിരെ വ്യാപകമായി പ്രതിഷേധം തുടരുന്നതിനിടെയാണ് ഇന്ത്യാ ടുഡേയുടെ മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ക്യാംപെയ്ന്‍ നടന്നത്.
മാധ്യമങ്ങളെ കണ്ട് സംസാരിക്കുന്നതില്‍ നിന്നും മരിച്ച പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളെ പൊലീസ് വിലക്കിയിരുന്നു. മാധ്യമങ്ങളോട് സംസാരിക്കാന്‍ അനുവദിക്കുന്നില്ലെന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ തന്നെ വ്യക്തമാക്കിയിട്ടുമുണ്ട്. ഇത്തരത്തില്‍ കടുത്ത പ്രതിഷേധങ്ങള്‍ക്ക് ഒടുവില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് പ്രവേശനാനുമതി അനുവദിക്കുകയായിരുന്നു.