ജിദ്ദ: ഈ മാസം 22ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സൗദി സന്ദർശിക്കും. പ്രധാനമന്ത്രിയായതിനു ശേഷമുള്ള മോദിയുടെ മൂന്നാമത് സൗദി സന്ദർശനമാണിത്. ജിദ്ദയിൽ സൗദി രാജാവിന്റെ കൊട്ടാരത്തിലായിരിക്കും ഔദ്യോഗിക കൂടിക്കാഴ്ചയുണ്ടായിരിക്കും. സൗദി ഭരണാധികാരി സൽമാൻ രാജാവും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും നിലവിൽ ജിദ്ദയിലുണ്ട്. പ്രധാനമന്ത്രിയെ സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് ജിദ്ദ.
രണ്ടു ദിവസത്തെ സന്ദർശനത്തിനെത്തുന്ന മോദി, ജിദ്ദയിലെ പൊതു സമൂഹവുമായും സംവദിക്കുമെന്നാണ് സൂചന. വ്യാപാരം, നിക്ഷേപം, ഊർജം, പ്രതിരോധം എന്നീ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള കരാറുകൾ ഒപ്പിട്ടേക്കും. യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വാൾട്ട്‌സ് ഈ മാസം ഇന്ത്യ സന്ദർശിക്കുന്നുണ്ട്. ഇതിന് ശേഷമായിരിക്കും മോദി ജിദ്ദയിൽ എത്തുക.
കഴിഞ്ഞ നവംബറിൽ സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ അൽ സൗദ് രാജകുമാരൻ ഇന്ത്യ സന്ദർശിച്ചിരുന്നു. വ്യാപാരം, നിക്ഷേപം, ഊർജ്ജം, പ്രതിരോധം, സുരക്ഷ, സംസ്‌കാരം എന്നീ മേഖലകളിൽ തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുള്ള വഴികളെക്കുറിച്ച് ഈ സന്ദർശനത്തിൽ ഇരുരാജ്യങ്ങളും ചർച്ച ചെയ്തിരുന്നു.