തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെ പിടിച്ചു കുലുക്കിയ സ്വർണ്ണക്കടത്ത് കേസിലെ ഭീകര ബന്ധം സംബന്ധിച്ച വിശദാംശങ്ങൾ പുറത്തു വിട്ട് എൻഐഎ. കേസുമായി ബന്ധപ്പെട്ട് സമർപ്പിച്ച കുറ്റപത്രത്തിലാണ് എൻഐഎ ഇക്കാര്യം വ്യക്തമാക്കിയത്. 20 പ്രതികൾക്കെതിരെയാണ് കുറ്റപത്രം സമർപ്പിച്ചത്.

കള്ളക്കടത്ത് കേസിലെ പ്രതികൾ ചേർന്ന് ഭീകര സംഘടന രീപീകരിച്ചതായി കുറ്റപത്രത്തിൽ എൻഐഎ പറയുന്നു. സംഘത്തിലേക്ക് പ്രതികൾ ആളുകളെ റിക്രൂട്ട് ചെയ്തു. ഭീകര സംഘം രൂപീകരിക്കുന്നതിനായി വിദേശത്തു നിന്നും ഉൾപ്പെടെ ഫണ്ട് പിരിച്ചെന്നും കുറ്റപത്രത്തിൽ വ്യക്തമാക്കുന്നുണ്ട്.

ഇതിലൂടെ രാജ്യത്തിന്റെ ആഭ്യന്തര സാമ്പത്തിക സുരക്ഷ തകർക്കുകയായിരുന്നു പ്രതികൾ ലക്ഷ്യമിട്ടത്. ഇന്ത്യയും- യുഎഇയും തമ്മിലുള്ള ബന്ധം തകർക്കാനും ലക്ഷ്യമിട്ടിരുന്നു. ഇതിന്റെ ഭാഗമായാണ് നയതന്ത്ര ചാനൽ വഴി കള്ളക്കടത്ത് നടത്തിയതെന്നും കുറ്റപത്രത്തിലുണ്ട്.
കേസുമായി ബന്ധപ്പെട്ട് ഒൻപത് പ്രതികളെ പിടികൂടാനുണ്ടെന്നും കുറ്റപത്രത്തിൽ എൻഐഎ ചൂണ്ടിക്കാട്ടി. അതേസമയം കുറ്റപത്രത്തിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെക്കുറിച്ച് കുറ്റപത്രത്തിൽ പരാമർശമില്ല.