തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർഥി പട്ടികയിൽ നടൻ ധർമജൻ ബോൾഗാട്ടിയും ഉണ്ടെന്ന് സൂചന. കോഴിക്കോട് ബാലുശ്ശേരി മണ്ഡലത്തിൽ ധർമജനെ പരിഗണിക്കുന്നതായാണ് വിവരം. കോൺഗ്രസ് ആവശ്യപ്പെട്ടാൽ മത്സരിക്കാമെന്നും ഇതു സംബന്ധിച്ച ചർച്ച നടന്നില്ലെന്നും ധർമജൻ മാധ്യമങ്ങളോട് പ്രതികരിച്ചു. ബാലുശ്ശേരി മണ്ഡലത്തിലെ പൊതു പരിപാടികളിൽ ധർമജൻ സജീവമാണ്.

കോൺഗ്രസ് പാർട്ടിയോടുള്ള ആഭിമുഖ്യം നേരത്തെ പരസ്യമാക്കിയിട്ടുള്ള നടനാണ് ധർമജൻ. നിലവിൽ മുസ്ലിംലീഗിന്റെ കൈവശമാണ് ബാലുശ്ശേരി മണ്ഡലം. ഇത് കോൺഗ്രസ് ഏറ്റെടുക്കുകയാണെങ്കിൽ ധർമജൻ ബോൾഗാട്ടി സ്ഥാനാർഥി ആയേക്കും. അഭ്യൂഹങ്ങൾ പ്രചരിക്കുന്നതിനിടെ ബാലുശ്ശേരിയിലെ വിവിധ പരിപാടികളിൽ കഴിഞ്ഞ ദിവസം ധർമജൻ പങ്കെടുത്തിരുന്നു. കലാരംഗത്തും പൊതുരംഗത്തുമുള്ള നിരവധി പേരെ വീട്ടിലെത്തി കാണുകയും കോൺഗ്രസ് ജില്ലാ നേതാക്കളുമായി സംസാരിക്കുകയും ചെയ്തിരുന്നു.

താൻ കോൺഗ്രസുകാരനാണെന്നും പാർട്ടി പറഞ്ഞാൽ മത്സരിക്കുമെന്നും ധർമജൻ മാധ്യമങ്ങളോട് പറഞ്ഞു. പതിറ്റാണ്ടുകളായി ഇടതുപക്ഷത്തോട് ചേർന്നുനിൽക്കുന്ന മണ്ഡലമാണ് ബാലുശ്ശേരി. സി പി എം സ്ഥാനാർഥി പുരുഷൻ കടലുണ്ടി 15464 വോട്ടുകൾക്കാണ് കഴിഞ്ഞ തവണ ജയിച്ചത്. മുസ്ലിം ലീഗിലെ യു സി രാമനെയാണ് ഇദ്ദേഹം പരാജയപ്പെടുത്തിയത്. മണ്ഡലം ലീഗില്‍ നിന്ന് കോണ്‍ഗ്രസ് ഏറ്റെടുക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. തുടര്‍ച്ചയായി രണ്ടു തവണ ജയിച്ച പുരുഷന്‍ കടലുണ്ടിക്ക് ഇത്തവണ മാറി നില്‍ക്കേണ്ടി വരുമെന്നാണ് സൂചന. ജനപ്രിയ നടന്റെ സ്ഥാനാർഥിത്വത്തിലൂടെ മണ്ഡലം പിടിക്കാനാവുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്.