ഗുഡ്ഗാവ്: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍ (71) അന്തരിച്ചു. കൊറോണ രോഗവും മറ്റു ശാരീരിക അസ്വാസ്ഥ്യങ്ങളുമായി ആശുപത്രിയിലായിരുന്നു അദ്ദേഹം. ബുധനാഴ്ച പുലര്‍ച്ചെയാണ് മരണം. കുടുംബമാണ് ഇക്കാര്യം അറിയിച്ചത്. ഹരിയാനയിലെ ഗുഡ്ഗാവിലുള്ള മേദാന്ത ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു അഹമ്മദ് പട്ടേല്‍. കഴിഞ്ഞ ദിവസം രോഗം മുര്‍ഛിച്ചതിനെ തുടര്‍ന്ന് ഐസിയുവിലേക്ക് മാറ്റി എന്ന് മകന്‍ ഫൈസല്‍ പട്ടേല്‍ അറിയിച്ചിരുന്നു. ഈ മാസം ഒന്നിനാണ് അഹമ്മദ് പട്ടേലിന് കൊറോണ രോഗം ബാധിച്ചത്. അദ്ദേഹം തന്നെയാണ് ഇക്കാര്യം ട്വിറ്ററില്‍ അറിയിച്ചിരുന്നത്. പുലര്‍ച്ചെ 3.30നാണ് മരണം സംഭവിച്ചത്. കൊറോണ രോഗ ബാധിതനായതിനാല്‍ ആള്‍ക്കൂട്ട പ്രദര്‍ശനം ഉണ്ടാകില്ലെന്നും മകന്‍ ഫൈസല്‍ അറിയിച്ചു.

ഗുജറാത്തില്‍ നിന്നുള്ള രാജ്യസഭാ അംഗമാണ് അഹമ്മദ് പട്ടേല്‍. കോണ്‍ഗ്രസ് ട്രഷററായിരുന്നു. എട്ട് തവണ പാര്‍ലമെന്റ് അംഗമായിട്ടുണ്ട്. സോണിയ ഗാന്ധിയുടെ വിശ്വസ്തനായിട്ടാണ് അറിയപ്പെട്ടിരുന്നത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും അസം മുന്‍ മുഖ്യമന്ത്രിയുമായ തരുണ്‍ ഗൊഗോയുടെ മരണം സംഭവിച്ച് രണ്ട് ദിവസം പിന്നിടുമ്പോഴാണ് മറ്റൊരു കോണ്‍ഗ്രസ് നേതാവ് കൂടി വിടപറയുന്നത്. രണ്ടുപേര്‍ക്കും കൊറോണ രോഗം ബാധിച്ചിരുന്നു.

ശക്തമായ തീരുമാനങ്ങളെടുക്കുന്ന നേതാവായിരുന്നു അഹമ്മദ് പട്ടേല്‍. എടുത്ത തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുക എന്നത് അദ്ദേഹത്തിന്റെ നിലപാട് കൂടിയായിരുന്നു. ഏത് പ്രതിസന്ധി വേളയിലും സോണിയ ഗാന്ധി ഉപദേശം തേടിയിരുന്ന നേതാവ്. സംഘടനാ കാര്യങ്ങളില്‍ സജീവമായി ഇടപെട്ടിരുന്ന പട്ടേല്‍ പക്ഷേ മാധ്യമങ്ങളില്‍ അത്ര നിറസാന്നിധ്യമായിരുന്നില്ല. സോണിയ ഗാന്ധി കോണ്‍ഗ്രസ് പ്രസിഡന്റായിരുന്ന വേളയില്‍ പാര്‍ട്ടിയിലെ രണ്ടാമനായിട്ടാണ് അറിയപ്പെട്ടിരുന്നത്.
കോണ്‍ഗ്രസ് നേതൃത്വവുമായി ഏറ്റവും അടുപ്പമുള്ളത് കൊണ്ടുതന്നെ, കേന്ദ്രസര്‍ക്കാരിന്റെയും ബിജെപിയുടെയും നോട്ടപ്പുള്ളിയുമായി മാറി. ഗുജറാത്തില്‍ അഹമ്മദ് പട്ടേലിന്റെ സാന്നിധ്യം ബിജെപി വര്‍ഗീയ കാര്‍ഡാക്കി മാറ്റാനും ശ്രമം നടന്നു. നിയമസഭാ തിരഞ്ഞെടുപ്പ് വേളയില്‍ കോണ്‍ഗ്രസ് ജയിച്ചാല്‍ മുസ്ലിം മുഖ്യമന്ത്രി വരുമെന്ന് പ്രചാരണമുണ്ടായിരുന്നു. വിവിധ കേസുകളില്‍ സംശയമുനയില്‍ നിര്‍ത്തി അഹമ്മദ് പട്ടേലിനെ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ നിരന്തരം ചോദ്യം ചെയ്തിരുന്നെങ്കിലും കാര്യമായ തുമ്പുകള്‍ കിട്ടിയിരുന്നില്ല.
സോണിയ ഗാന്ധിക്ക് പകരം രാഹുല്‍ ഗാന്ധി അധ്യക്ഷനായി വന്നതോടെ പഴയ നേതാക്കള്‍ തഴയപ്പെട്ടു. അക്കൂട്ടത്തില്‍ അഹമ്മദ് പട്ടേലുമുണ്ടായിരുന്നു. രാഹുല്‍ രാജിവയ്ക്കുകയും സോണിയ ഗാന്ധി തിരിച്ചെത്തുകയും ചെയ്ത വേളയില്‍ വീണ്ടും അഹമ്മദ് പട്ടേല്‍ സജീവമായി. പാര്‍ട്ടി കൂടുതല്‍ പ്രതിസന്ധിയില്‍പ്പെട്ടിരിക്കുന്ന ഈ വേളയില്‍ അഹമ്മദ് പട്ടേലിന്റെയും തരുണ്‍ ഗൊഗോയിയുടെയും വിയോഗം കോണ്‍ഗ്രസിന് കനത്ത നഷ്ടമാകും.