ബംഗളൂരു: ബംഗളൂരു ലഹരിക്കടത്ത് കേസില്‍ ബിനീഷ് കോടിയേരിയെ നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ കസ്റ്റഡിയിലെടുത്തു. പരപ്പന അഗ്രഹാര ജയിലിലെത്തിയ അന്വേഷണ സംഘം ബിനീഷിനെ എൻസിബി ഓഫീസിലേയ്ക്ക് കൊണ്ടുപോയി.

ബംഗളൂരു ലഹരി മരുന്ന് കേസിലെ സംശയാസ്പദമായ ഇടപാടുകളുടെ പശ്ചാത്തലത്തിലാണ് എൻസിബി വിശദമായ ചോദ്യം ചെയ്യലിനായി ബിനീഷിനെ കസ്റ്റഡിയിലെടുത്തത്. സെഷൻസ് കോടതിയിൽ അപേക്ഷ നൽകിയാണ് ബിനീഷിനെ എൻസിബി കസ്റ്റഡിയിൽ വാങ്ങിയത്. ബിനീഷിനെ കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസമാണ് എൻസിബി അഭിഭാഷകൻ കോടതിയെ സമീപിച്ചത്.

നേരത്തെ, മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട് കേസിൽ ബിനീഷ് കോടിയേരിയെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് റിമാൻഡിലായ ബിനീഷ് പരപ്പന അഗ്രഹാര ജയിലായിരുന്നു. എൻഫോഴ്‌സ്‌മെന്റ് കസ്റ്റഡി കാലാവധി നീട്ടിയതിനാലാണ് ബിനീഷിനെ കസ്റ്റഡിയിലെടുക്കാൻ എൻസിബിയ്ക്ക് കാലതാമസം നേരിട്ടത്.