ജനങ്ങളുടെ മേല്‍ താങ്ങാനാവത്ത നികുതിഭാരം കയറ്റിവച്ച മുഖ്യമന്ത്രിയെ കണ്ടാല്‍ ജനങ്ങള്‍ കല്ലെറിയുന്ന അവസ്ഥയായതുകൊണ്ട് ജനങ്ങളെ ഒഴിവാക്കി ആകാശയാത്ര നടത്താനാണ് പുതിയ ഹെലികോപ്റ്റര്‍ വാങ്ങുന്നതെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ എംപി. തലങ്ങും വിലങ്ങും ഇനി മുഖ്യമന്ത്രിയുടെ ഹെലിക്കോപ്റ്റര്‍ യാത്രയാണ് കാണാന്‍ പോകുന്നത്. അതുകൊണ്ടൊന്നും പ്രതിഷേധം കെട്ടടങ്ങില്ലെന്നും ആകാശത്തും പ്രതിഷേധിച്ച ചരിത്രമുള്ളവരാണ് യൂത്ത് കോണ്‍ഗ്രസുകാര്‍ എന്ന് മുഖ്യമന്ത്രി വിസ്മരിക്കരുതെന്നും സുധാകരന്‍ പറഞ്ഞു.
സ്വപ്‌ന സുരേഷിനെ അറിയില്ലെന്നു നിയമസഭയില്‍ കല്ലുവച്ചകള്ളം വിളിച്ചുപറഞ്ഞ മുഖ്യമന്ത്രിയുമായി താന്‍ പല തവണ കൂടിക്കാഴ്ച നടത്തിയെന്നും ഒറ്റയ്ക്കിരുന്നു സംസാരിച്ചെന്നും സ്വപ്‌ന വ്യക്തമാക്കിയതോടെ ജനങ്ങളില്‍നിന്ന് ഓടിയൊളിക്കേണ്ട ദയനീയമായ അവസ്ഥയിലാണ് കേരള മുഖ്യമന്ത്രി.
മുഖ്യമന്ത്രിക്കും കുടുംബത്തിനുമായി ഒരുപാട് ബിസിനസ് ഇടപാടുകളും ഇടപെടലുകളും നടത്തിയിട്ടുണ്ടെന്നും അവര്‍ പറയുന്നു. ഇതില്‍ ഒരു വാസ്തവവുമില്ലെങ്കില്‍ അവര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോ? നിയമസഭയോടും മാത്യു കുഴല്‍നാടന്‍ എംഎല്‍എയോടും ക്ഷമാപണം നടത്താനുള്ള ആര്‍ജവമുണ്ടോ? വെളുക്കുവോളം കട്ടാല്‍ പിടിവീഴും എന്നത് മറക്കരുതെന്നും സുധാകരന്‍ ഓര്‍മിപ്പിച്ചു.