കണ്ണൂര്‍: കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് ഐശ്വര്യ കേരള യാത്രയിൽ പങ്കെടുത്തവർക്കെതിരെ കണ്ണൂരിൽ രണ്ട് ഇടങ്ങളിൽ കേസ്. തളിപ്പറമ്പ്, ശ്രീകണ്ഠാപുരം എന്നിവിടങ്ങളിലെ പൊലീസാണ് കേസ് രജിസറ്റർ ചെയ്തത്. ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി ഉൾപ്പെടെ 26 യുഡിഎഫ് നേതാക്കൾക്കും കണ്ടാലറിയാവുന്ന 400 ഓളം പ്രവർത്തകർക്കും എതിരെയാണ് തളിപ്പറമ്പിൽ കേസെടുത്തിരിക്കുന്നത്. കോൺഗ്രസ് മണ്ഡലം ഭാരവാഹികൾക്കെതിരെയാണ് ശ്രീകണ്ഠാപുരം പൊലീസ് കേസെടുത്തത്.

ഐശ്വര്യ യാത്ര നടത്തിയ കോൺഗ്രസ് നേതാക്കൾക്ക് എതിരെ കേസ് എടുത്ത സംഭവം രാഷ്ട്രീയ പ്രേരിതമാണെന്ന് എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവര്‍ പറഞ്ഞു. കൊവിഡ് പ്രോട്ടോകോൾ ഒരു പാർട്ടിക്ക് മാത്രമല്ല ബാധകമെന്നും അദ്ദേഹം പറഞ്ഞു. ഐശ്വര്യ കേരളയാത്രയ്‍ക്കെതിരെ എത്ര കേസെടുത്താലും പ്രശ്നമില്ലെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു. ജാഥയുമായി മുന്നോട്ടുപോകും. കേസ് എടുക്കേണ്ടത് മന്ത്രിമാർ പങ്കെടുക്കുന്ന യോഗത്തിനെതിരെയാണ്. അതിന് തയ്യാറുണ്ടോ എന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കണമെന്നും ചെന്നിത്തല പറഞ്ഞു.
