ന്യൂഡൽഹി: കർഷകരുടെ ട്രാക്ടർ റാലിക്കിടെ ഡൽഹിയിൽ കഴിഞ്ഞ ദിവസം നടന്ന സംഘർഷത്തിൽ 37 കർഷക നേതാക്കൾക്ക് എതിരെ പൊലീസ് കേസടുത്തു. മേധാ പട്‌കർ, സ്വരാജ് ഇന്ത്യ നേതാവ് യോഗേന്ദ്ര യാദവ്, ബൂട്ടാ സിംഗ്, ദർശൻ പാൽ, രാകേഷ് തികായത് എന്നിവരടക്കമുളള നേതാക്കൾക്ക് എതിരെയാണ് ഡൽഹി പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. നേരത്തെ ഒമ്പത് പേർക്കെതിരെയാണ് പൊലീസ് കേസെടുത്തിരുന്നത്.അതിനിടെ സിംഖു അതിർത്തിയിൽ മറ്റ് സംഘടനകൾക്കൊപ്പമല്ലാതെ പ്രത്യേകം സമരം ചെയ്തിരുന്ന വി.എം സിംഗ് നേതൃത്വം നൽകുന്ന കിസാൻ സംഘർഷ് കോർഡിനേഷൻ കമ്മിറ്റി സമരത്തിൽ നിന്ന് പിൻമാറിയതായി അറിയിച്ചു. എന്നാൽ ഈ സംഘടന കേന്ദ്രസർക്കാരിന് അനുകൂലമായ നിലപാട് സ്വീകരിച്ചതുകൊണ്ട് സമരത്തിൽ നിന്ന് മുൻപേ മാറ്റിയിരുന്നതായാണ് സംയുക്ത കിസാൻ മോർച്ച അറിയിച്ചത്. അതേസമയം റാലിയ്ക്കിടയിൽ ഇന്നലെയുണ്ടായ സംഘർഷത്തെ തുടർന്നാണ് സമരത്തിൽ നിന്ന് പിന്മാറുന്നതെന്നാണ് വി.എം സിംഗ് അറിയിച്ചത്. എന്നാൽ റിപബ്ളിക് ദിനത്തിലെ സമരത്തിൽ ഇവരും പങ്കെടുത്തിരുന്നു. തുടക്കം മുതൽതന്നെ കിസാൻ സംഘർഷ് കോർഡിനേഷൻ കമ്മിറ്റിയ്ക്ക് കേന്ദ്ര അനുകൂല നിലപാടാണുളളതെന്ന് സംയുക്ത കിസാൻ മോർച്ച കുറ്റപ്പെടുത്തി. ഭാരതീയ കിസാൻ യൂണിയൻ എന്ന സംഘടനയും സമരത്തിൽ നിന്ന് പിന്മാറിയതായി അറിയിച്ചിട്ടുണ്ട് ഇന്നലെ നടന്ന അക്രമസമരത്തിനെതിരെ പൊലീസ് കേസിൽ വി.എം സിംഗും പ്രതിയാണ്.
