ന്യൂഡല്‍ഹി: ഇന്ത്യയിലേക്ക് മടങ്ങുന്ന പ്രവാസികള്‍ക്ക് അറിയിപ്പുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്. പ്രവാസികള്‍ യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂര്‍ മുമ്പ് നടത്തിയ ആര്‍.ടി-പി.സി.ആര്‍ പരിശോധനയുടെ അസ്സല്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു.

കേന്ദ്ര സിവില്‍ വ്യോമയാന മന്ത്രാലയവും ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയവും പുറത്തിറക്കിയ പുതിയ നിബന്ധനകള്‍ ഫെബ്രുവരി 22 മുതല്‍ പ്രാബല്യത്തില്‍ വന്ന പശ്ചാത്തലത്തിലാണ് എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ അറിയിപ്പ്.

യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂറിനിടെ നടത്തിയ ആര്‍.ടി-പി.സി.ആര്‍ പരിശോധനയുടെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് എയര്‍ സുവിധാ പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്യണം. യാത്രയ്ക്ക് മുമ്പ് തന്നെ എയര്‍ സുവിധാ പോര്‍ട്ടലില്‍ സെല്‍ഫ് ഡിക്ലറേഷന്‍ ഫോം പൂരിപ്പിക്കണം. www.newdelhiairport.in എന്ന വെബ്‌സൈറ്റ് വഴിയാണ് സെല്‍ഫ് ഡിക്ലറേഷന്‍ ഫോം പൂരിപ്പിക്കേണ്ടത്.
കഴിഞ്ഞ 14 ദിവസത്തിനിടെ നടത്തിയ മറ്റ് യാത്രകളുടെ വിവരങ്ങള്‍ ഈ ഡിക്ലറേഷനില്‍ നല്‍കണം. സെല്‍ഫ് ഡിക്ലറേഷന്‍ ഫോമിന്റെയും പി.സി.ആര്‍ പരിശോധനാ ഫലത്തിന്റെയും കോപ്പി വിമാനത്തില്‍ കയറുമ്പോള്‍ കൈവശം സൂക്ഷിക്കണമെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് ട്വിറ്ററില്‍ അറിയിച്ചു.
ഇന്ത്യയിലേയ്ക്ക് വരുന്ന എല്ലാവരും ആരോഗ്യ സേതു ആപ്പ് നിര്‍ബന്ധമായും ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യണമെന്നും എയര്‍ ഇന്ത്യ അറിയിച്ചു.