THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Saturday, December 4, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news കൊവിഡ് കൂടുന്നു, ഒത്തുചേരലും യാത്രകളും ഒഴിവാക്കുക

കൊവിഡ് കൂടുന്നു, ഒത്തുചേരലും യാത്രകളും ഒഴിവാക്കുക

ആലപ്പുഴ: കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ കോവിഡ് നിയന്ത്രണങ്ങളിലും സാമൂഹിക ഇടപെടലുകളിലും ശ്രദ്ധ പുലർത്തണമെന്ന് ആരോഗ്യവകുപ്പ്. അനാവശ്യയാത്രകളും ഭവന സന്ദർശനങ്ങളും, ഒത്തുചേർന്നുള്ള യാത്രപോകലും ഒഴിവാക്കണം. സന്ദർശകരെ ഒഴിവാക്കുക. ഒരു രോഗിയുടെ സാന്നിധ്യം ഒരു കുടുംബത്തിലെ എല്ലാവർക്കും, ഒരു വാഹനത്തിലെ യാത്രക്കാരെ മുഴുവനും രോഗപ്പകർച്ചയിലേയ്ക്ക് നയിക്കും. കുടുംബത്തിലെ പ്രായമുള്ളവരെയും കുഞ്ഞുങ്ങളെയും വീട്ടിൽ കഴിയാൻ നിർബന്ധിക്കുക. ജോലിക്ക് പുറത്തുപോയി തിരികെയെത്തുമ്പോൾ വസ്ത്രങ്ങൾ കഴുകി കുളിച്ചു വൃത്തിയായ ശേഷം വീട്ടിലെ അംഗങ്ങളോട് ഇടപെടുക. തിരക്കിൽ നിന്ന് സ്വയം ഒഴിഞ്ഞു നില്ക്കാൻ വ്യക്തിഗത ജാഗ്രത കാട്ടുക. ഗർഭിണികളും മറ്റ് രോഗങ്ങൾക്ക് ചികിത്സയിലിരിക്കുന്നവരും വീട്ടിൽ കഴിയുക. കഴിയ്ക്കുന്ന മരുന്നുകൾ മുടങ്ങാതെ കഴിക്കുക.

ഇടക്കിടക്ക് കടയിൽ പോകുന്നത് ഒഴിവാക്കുക

പൊതുഗതാഗത സംവിധാനങ്ങളിൽ യാത്ര ചെയ്യുന്നവർ മാസ്‌ക് ശരിയായി ധരിക്കുകയും കൈകൾ ഇടയ്ക്കിടെ അണുവിമുക്തമാക്കുകയും ചെയ്യണം. പരമാവധി തിരക്കുകുറഞ്ഞ വാഹനങ്ങളിൽ യാത്ര ചെയ്യാൻ ശ്രദ്ധിക്കുക. കടകളിൽ നിത്യോപയോഗ സാധനങ്ങൾ വാങ്ങുന്നതിന് മുൻകൂട്ടി ലിസ്റ്റ് തയ്യാറാക്കുക. ഇടയ്ക്കിടെ കടയിൽ പോകേണ്ടിവരുന്നത് ഒഴിവാക്കുക. വേഗത്തിൽ സാധനങ്ങൾ വാങ്ങി വീട്ടിലേയ്ക്ക് മടങ്ങാൻ ശ്രദ്ധിക്കുക. പുറത്തുനിന്നും കൊണ്ടുവരുന്ന സാധനങ്ങൾ അണുവിമുക്തമാക്കിയ ശേഷം വീടിനുള്ളിലേക്ക് കയറ്റുക. പച്ചക്കറി, പഴങ്ങൾ എന്നിവ നന്നായി കഴുകി വൃത്തിയാക്കിയ ശേഷമുപയോഗിക്കുക. ആരുമായി എന്തുവസ്തുക്കൾ കൈമാറേണ്ടി വന്നാലും നിർബന്ധമായും കൈകൾ അണുവിമുക്തമാക്കുക.

സമ്പർക്കത്തിലായെന്ന് അറിവ് ലഭിച്ചാൽ നിരീക്ഷണത്തിൽ കഴിയുക

കോവിഡ് രോഗിയുമായി എന്തെങ്കിലും വിധത്തിൽ സമ്പർക്കത്തിലായെന്ന് അറിവ് ലഭിച്ചാൽ എത്രയും പെട്ടെന്ന് വീട്ടിലെ മറ്റുള്ള അംഗങ്ങളിൽ നിന്നൊഴിഞ്ഞുമാറി മുറിയ്ക്കുള്ളിൽ നിരീക്ഷണത്തിൽ കഴിയുക. ആരോഗ്യപ്രവർത്തകരുടെ നിർദ്ദേശാനുസരണം പരിശോധനയ്ക്ക് വിധേയനാകാൻ മടിക്കരുത്. പരിശോധന നടത്തുന്നതിലൂടെ രോഗമില്ലെന്നുറപ്പിക്കാനും, അഥവാ രോഗബാധയുണ്ടെങ്കിൽ സങ്കീർണ്ണമാകുന്നതിന് മുൻപ് ചികിത്സ തേടാനും കഴിയും.

ലക്ഷണങ്ങൾ അവഗണിക്കരുത്

പനി, ചുമ, തൊണ്ടവേദന, വയറിളക്കം, മണവും രുചിയുമാറിയാതിരിക്കുക തുടങ്ങിയ ലക്ഷണങ്ങൾ അവഗണിക്കരുത്. ലക്ഷണങ്ങളുണ്ടെങ്കിൽ സ്വയം നിരീക്ഷണത്തിലാവുകയും ആരോഗ്യപ്രവർത്തകരുടെ നിർദ്ദേശങ്ങൾ അനുസരിക്കുകയും ചെയ്യുക.മൂക്കും വായും മൂടുന്ന വിധം പാകത്തിനുള്ള മാസ്‌ക് ശരിയായി ധരിക്കുക. ഉപയോഗിച്ച മാസ്‌ക് കുഴിച്ചിടുകയോ കത്തിക്കുകയോ ചെയ്യുക. കഴുകി ഉപയോഗിക്കാവുന്ന മാസ്‌ക് നന്നായി കഴുകി ഉണക്കി ഇസ്തിരിയിട്ട ശേഷം ഉപയോഗിക്കുക. 6 മണിക്കൂറിലധികം ഒരു മാസ്‌ക് ധരിക്കരുത്. നനഞ്ഞ മാസ്‌ക് ധരിക്കരുത്. ഇടയ്ക്കിടെ കൈകൾ അണുവിമുക്തമാക്കുന്നതിന് സാനിട്ടൈസർ പുരട്ടുകയോ സോപ്പും വെള്ളവുമുപയോഗിച്ച് കൈകൾ കഴുകുകയോ ചെയ്യുക. മറ്റുള്ളവരുമായി ഇടപെടുമ്പോൾ 2 മീറ്റർ അകലം പാലിക്കുക. പരാമാവധി കുറച്ചാളുകളോട് കഴിയുന്നതും കുറച്ചു സമയം മാത്രം ഇടപെടുക. മുഖാമുഖമുള്ള ഇടപെടൽ, അടഞ്ഞ മുറിയിൽ ചെലവിടുന്നത്, തിരക്കിൽപെടുന്നത് എന്നിവ രോഗബാധയുണ്ടാക്കുന്നതിനാൽ ഈ സാഹചര്യങ്ങളിൽ നിന്നും സ്വയം ഒഴിഞ്ഞു നില്ക്കുക. പോസിറ്റീവ് രോഗി വീട്ടിൽ ചികിത്സയിൽ കഴിയുമ്പോൾ (ഹോം ഐസോലേഷൻ) ഹൃദയമിടിപ്പ്, രക്തത്തിലെ ഓക്‌സിജന്റെ അളവും കൃത്യമായി പൾസ് ഓക്‌സീമീറ്റർ ഉപയോഗിച്ച് അളന്ന് രേഖപ്പെടുത്തുകയും ആരോഗ്യപ്രവർത്തകരെ അറിയിക്കുകയും ചെയ്യുക. രോഗി ഉപയോഗിച്ച വസ്തുക്കളുമായി മറ്റുള്ളവർ സമ്പർക്കത്തിലാകരുത്. കൂടുതൽ ശാരീരികാസ്വാസ്ഥ്യമനുഭവപ്പെട്ടാൽ എത്രയും പെട്ടെന്ന് ആശുപത്രിയിലേയ്ക്ക് മാറുക.

വാക്‌സിൻ സ്വീകരിക്കുക

കുടുംബത്തിൽ 45 വയസ്സ് കഴിഞ്ഞ എല്ലാവരും വാക്‌സിൻ സ്വകരിക്കുക. അത്യാവശ്യത്തിനല്ലാതെ ആശുപത്രികൾ സന്ദർശിക്കരുത്. ഇ സഞ്ജീവനി വഴി വിദഗ്ദ്ധ ഡോക്ടർമാരുടെ സേവനം പ്രയോജനപ്പെടുത്തുക. ഒരു കാരണവശാലും ആശുപത്രികൾ, ലാബുകൾ, പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ കുഞ്ഞുങ്ങളെ കൊണ്ടുപോകരുത്. കുഞ്ഞുങ്ങൾക്ക് നല്കിവരുന്ന പ്രതിരോധ കുത്തിവയ്പുകൾ മുടക്കരുത്. വീട്ടിൽ പാകം ചെയ്ത ഭക്ഷണം കഴിക്കുക. പോഷക മൂല്യമുള്ള ആഹാരം ശീലമാക്കുക.

കിടപ്പുരോഗികളെ സന്ദർശിക്കരുത്. വീട്ടിൽ കിടപ്പുരോഗികളുണ്ടെങ്കിൽ ആരോഗ്യമുള്ള ഒരംഗം മാത്രം പരിചരിക്കുകയും മുറിയിൽ പ്രവേശിക്കുകയും ചെയ്യുക. കിടപ്പുരോഗികൾക്ക് കൃത്യസമയത്ത് ആഹാരം, മരുന്ന് എന്നിവ നല്കുകയും മുറിയിൽ വായുസഞ്ചാരമുറപ്പാക്കുകയും ചെയ്യണം.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments