ലക്‌നൗ : അഞ്ചാം ക്ലാസ് വിദ്യാർത്ഥിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ പ്രിൻസിപ്പലിന് വധശിക്ഷ. ബിഹാറിലാണ് സംഭവം. പട്‌നയിലെ പ്രത്യേക പോക്‌സോ കോടതി ജഡ്ജി അവധേഷ് കുമാറാണ് പ്രിൻസിപ്പൽ അരവിന്ദ് കുമാറിന് (31) വധശിക്ഷയും ഒരുലക്ഷം രൂപ പിഴയും വിധിച്ചത്. വധശിക്ഷയിൽ കുറഞ്ഞ ഒരു ശിക്ഷയും ഈ കുറ്റത്തിന് വിധിക്കാനാവില്ലെന്ന് വിധിയിൽ കോടതി പറഞ്ഞു. ബലാത്സംഗത്തിന് കൂട്ടുനിന്ന അധ്യാപകനെ ജീവപര്യന്തം കഠിന തടവിനും ശിക്ഷിച്ചു.

പെൺകുട്ടി പഠിച്ചിരുന്ന ഫുൽവാരി ഷരീഫ് മിത്രമണ്ഡൽ കോളനി ന്യൂ സെൻട്രൽ പബ്ലിക് സ്‌കൂളിന്റെ ഉടമകൂടിയാണ് അരവിന്ദ്. 2018 ജൂലായ്ക്കും ഓഗസ്റ്റിനുമിടയിലാണ് പതിനൊന്നുകാരിയായ പെൺകുട്ടിയെ അരവിന്ദ് ബലാത്സംഗം ചെയ്തത്. കുട്ടി ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചതോടെ മാതാപിതാക്കൾ ആശുപത്രിയിൽ കൊണ്ടുപോയി. ഡോക്ടർ നടത്തിയ പരിശോധനയിലാണ് കുട്ടി ഗർഭിണിയാണെന്ന് വ്യക്തമായത്. തുടർന്ന് പ്രിൻസിപ്പലിനും അധ്യാപകനുമെതിരെ മാതാപിതാക്കൾ പൊലീസിന് പരാതി നൽകി. തുടർന്ന് രണ്ട് പേരും അറസ്റ്റിലായി.

കോടതിയുടെ അനുമതിയോടെ കുട്ടിയുടെ ഗർഭം അലസിപ്പിച്ചു. ഭ്രൂണത്തിന്റെ ഡി.എൻ.എ. സാംപിൾ പരിശോധിച്ചപ്പോൾ അരവിന്ദിന്റേതാണെന്ന് വ്യക്തമായി. ഇത് കേസിൽ നിർണായകമായി.