ടൂൾ കിറ്റ് കേസിൽ ആക്ടിവിസ്റ്റ് ദിഷ രവിക്ക് ജാമ്യം. പട്യാല ഹൗസ് കോടതി അഡീഷണൽ സെഷൻസ് ജഡ്ജി ധർമേന്ദർ റാണയാണ് ദിഷയ്ക്ക് ജാമ്യം അനുവദിച്ചത്. ദിഷയ്ക്ക് ഖാലിസ്ഥാൻ ബന്ധമില്ലെന്ന് ദിഷയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ സിദ്ധാർത്ഥ് അഗർവാൾ വാദിച്ചു. ദിഷ പരിസ്ഥിതി പ്രവർത്തക മാത്രമാണെന്നും അദ്ദേഹം കോടതിയിൽ വാദിച്ചു. ഇന്നലെ ദിഷയെ കോടതി ഒരു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു.

കാർഷിക പ്രക്ഷോഭവുമായി ബന്ധപ്പെട്ട് പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ തുൻബർഗ് ട്വിറ്ററിൽ പങ്കുവച്ച ടൂൾ കിറ്റ് രൂപ കൽപന ചെയ്തതിനാണ് 22കാരിയായ ദിഷ അറസ്റ്റിലാകുന്നത്. രാജ്യദ്രോഹകുറ്റം ചുമത്തിയാണ് ദിഷയെ അറസ്റ്റ് ചെയ്തത്. കാലാവസ്ഥ വ്യതിയാനങ്ങൾക്കെതിരേ ഗ്രേറ്റ രൂപീകരിച്ച ഫ്രൈഡേസ് ഫോർ ഫ്യൂച്ചർ കാമ്പയിൻ എന്ന പരിസ്ഥിതി സംഘടനയുടെ ഇന്ത്യയിലെ സ്ഥാപകപ്രവർത്തകരിലൊരാളാണ് ദിഷ. കഴിഞ്ഞ ശനിയാഴ്ച ബംഗളൂരുവിലെ വീട്ടിൽ നിന്നാണ് ദിഷയെ അറസ്റ്റ് ചെയ്തത്.
