ന്യൂഡൽഹി: കേരളം അടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളിലെ നിയസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ഏപ്രിൽ 6നാണ് കേരളത്തിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുക. മലപ്പുറം ഉപതെരഞ്ഞെടുപ്പും ഏപ്രിൽ 6ന് തന്നെ നടക്കും. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനത്തോടെ മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നു. മെയ് 2നാണ് അഞ്ച് സംസ്ഥാനങ്ങളിലെയും വോട്ടെണ്ണൽ നടക്കുക. ഡൽഹിയിൽ നടന്ന വാർത്താസമ്മേളനത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറയാണ് തെരഞ്ഞൈടുപ്പ് തീയതി പ്രഖ്യാപിച്ചത്. പത്രിക നൽകാൻ സ്ഥാനാർത്ഥിക്കൊുപ്പം രണ്ട് പേർ മാത്രമേ പാടുള്ളൂ. വോട്ടെടുപ്പ് സമയം ഒരു മണിക്കൂർ വരെ നീട്ടാം. 80 വയസിന് മുകളിൽ പ്രായമുള്ളവർക്ക് തപാൽ വോട്ടിംഗ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. നിയന്ത്രണങ്ങളോടെ റോഡ് ഷോ നടത്താമെന്നും വീട് കയറിയുള്ള പ്രചാരണത്തിന് അഞ്ച് പേർ മാത്രമേ പാടുള്ളൂവെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ അറിയിച്ചു.

അഞ്ചിടത്തുമായി 824 നിയമസഭ മണ്ഡലങ്ങളാണുള്ളത്. 18.68 കോടി വോട്ടർമാരാണ് വിധിയെഴുതുക. ആകെ 2.7 ലക്ഷം പോളിംഗ് സ്‌റ്റേഷനുകളാണുള്ളത്. ഇതിൽ കേരളത്തിൽ 40,771 പോളിംഗ് ബൂത്തുകളുണ്ട്. കൊറോണ പ്രതിസന്ധി കണക്കിലെടുത്ത് ബൂത്തുകളുടെ എണ്ണം വർധിപ്പിച്ചിട്ടുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ഡോക്ടർമാർ, നഴ്‌സുമാർ, ഗവേഷകർ, ശാസ്ത്രജ്ഞർ തുടങ്ങി കൊറോണ കാലത്ത് നടന്ന തെരഞ്ഞെടുപ്പുകളിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടി ചെയ്ത ഉദ്യോഗസ്ഥർക്കുൾപ്പെടെ തെരഞ്ഞെടുപ്പ് കമ്മീഷൻ ആദരം അർപ്പിച്ചു. ബീഹാറിലെ വോട്ടെടുപ്പ് അഭിമാനകരമായ നേട്ടമാണെന്നും കൊറോണക്കിടയിലും തെരഞ്ഞെടുപ്പ് വിജയകരമായി പൂർത്തിയാക്കാൻ സാധിച്ചെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ പറഞ്ഞു.
