ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിൽ ഇന്ത്യക്ക് ബാറ്റിംഗ് തകർച്ച. ഇംഗ്ലണ്ടിൻ്റെ ഒന്നാം ഇന്നിംഗ്സിൽ സ്കോറായ 112 റൺസിനു മറുപടിയുമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 145 റൺസിന് ഓൾഔട്ടായി. ജാക്ക് ലീച്ചും ജോ റൂട്ടും ചേന്നാണ് ഇന്ത്യയെ തകർത്തത്. 66 റൺസെടുത്ത രോഹിത് ശർമ്മയാണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. രോഹിതിനെ കൂടാതെ വിരാട് കോലി (27), ആർ അശ്വിൻ (17), ശുഭ്മൻ ഗിൽ (11) എന്നിവർക്ക് മാത്രമേ രണ്ടക്കം കടക്കാനായുള്ളൂ. ഇംഗ്ലണ്ടിനായി ജാക്ക് ലീച്ച് വിക്കറ്റും ജോ റൂട്ട് വിക്കറ്റും വീഴ്ത്തി. ഇന്ത്യക്ക് ആദ്യ ഇന്നിംഗ്സിൽ 33 റൺസിൻ്റെ ലീഡാണ് ഉള്ളത്.

3 വിക്കറ്റ് നഷ്ടത്തിൽ 99 റൺസ് എന്ന നിലയിലാണ് ഇന്ത്യ രണ്ടാം ദിനം ബാറ്റിംഗ് പുനരാരംഭിച്ചത്. 15 റൺസ് കൂടി കൂട്ടിച്ചേർക്കുമ്പോഴേക്കും ഇന്ത്യക്ക് അടുത്ത വിക്കറ്റ് നഷ്ടമായി. രഹാനെ (7) ജാക്ക് ലീച്ചിൻ്റെ പന്തിൽ വിക്കറ്റിനു മുന്നിൽ കുടുങ്ങി. പിന്നീട് കൂട്ടത്തകർച്ച ആയിരുന്നു.

ഗംഭീരമായി ബാറ്റ് ചെയ്ത രോഹിത് ശർമ്മയെ (66) ജാക്ക് ലീച്ച് വിക്കറ്റിനു മുന്നിൽ കുരുക്കി. ഋഷഭ് പന്തിനെ (1) റൂട്ട് ബെൻ ഫോക്സിൻ്റെ കൈകളിൽ എത്തിച്ചു. വാഷിംഗ്ടൺ സുന്ദർ, അക്സർ പട്ടേൽ എന്നിവർ റണ്ണൊന്നുമെടുക്കാതെ പുറത്തായി. ഒരു ഓവറിൽ ജോ റൂട്ടാണ് ഇരുവരെയും പുറത്താക്കിയത്. സുന്ദർ ക്ലീൻ ബൗൾഡായപ്പോൾ അക്സർ ഡോമിനിക് സിബ്ലിയുടെ കൈകളിൽ അവസാനിച്ചു. അശ്വിനും റൂട്ടിൻ്റെ ഇരയായി മടങ്ങി. സാക്ക് ക്രൗളിയാണ് അശ്വിനെ പിടികൂടിയത്. ബുംറയെ (1) വിക്കറ്റിനു മുന്നിൽ കുരുക്കിയ ജോ റൂട്ട് അഞ്ച് വിക്കറ്റോടെ ഇന്ത്യൻ ഇന്നിംഗ്സ് അവസാനിപ്പിച്ചു.