തിരുവനന്തപുരം: ഇത്തവണ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജൻ. മത്സരിക്കാൻ താത്പര്യമില്ലെന്ന് അദ്ദേഹം ജില്ലാ സെക്രട്ടറിയേറ്റിനെ അറിയിച്ചു. ജയരാജന്റെ സ്ഥാനാർത്ഥിത്വത്തിൽ അവസാനതീരുമാനമെടുക്കുക സി.പി.എം സംസ്ഥാന നേതൃത്വമാകും. സഖ്യകക്ഷിയായ എൽ.ജെ.ഡിക്ക് കൂത്ത്പറമ്പ് വിട്ടു നൽകുന്നതോടെ കെ.കെ ശൈലജ സ്വന്തം നാടായ മട്ടന്നൂരിൽ മത്സരിക്കാനുളള സാദ്ധ്യതയേറിയിരുന്നു. ഈ സാഹചര്യത്തിൽ ടി.വി. രാജേഷിന് പകരം ജയരാജൻ സ്വന്തം നാടായ കല്യാശ്ശേരിയിൽ മത്സരിക്കാൻ സാദ്ധ്യതയുണ്ടെന്ന വാർത്തകൾ പുറത്തുവന്നിരുന്നു. ഇതിനിടെയാണ് ഇത്തവണ മത്സരിക്കാൻ താത്പര്യമില്ലെന്ന് ജയരാജൻ തന്നെ വ്യക്തമാക്കിയിരിക്കുന്നത്.

നാല്-അഞ്ച് തീയതികളിൽ ചേരുന്ന സംസ്ഥാന സമിതി യോഗത്തിലാകും ആരൊക്കെ മത്സരിക്കണമെന്ന കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകുക. രണ്ടിലധികം തവണ തിരഞ്ഞെടുപ്പിൽ മത്സരിച്ചവർ ഇത്തവണ മാറിനിൽക്കണം എന്ന തീരുമാനം നടപ്പിലാക്കിയാൽ ഇ. പി. ജയരാജൻ ഇത്തവണ മത്സരിക്കില്ല. അദ്ദേഹം മത്സരിക്കണമെന്ന വികാരം പ്രവർത്തകർക്കിടയിൽ ശക്തമാണ്.
