ന്യൂഡല്‍ഹി: പുതിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ സമീപിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍. രാഹുല്‍ ഗാന്ധിയുടെയും എന്‍സിപി നേതാവ് ശരത് പവാറിന്റെയും സിപിഎം നേതാവ് സീതാറാം യെച്ചൂരിയുടെയും നേതൃത്വത്തിലാണ് നേതാക്കള്‍ രാഷ്ട്രപതിയെ കണ്ട് നിവേദനം നല്‍കിയത്. ഡിഎംകെ നേതാവ് ടികെഎസ് ഇളങ്കോവന്‍, സിപിഐ നേതാവ് ഡി രാജ എന്നിവരും പ്രതിനിധി സംഘത്തില്‍ ഉണ്ടായിരുന്നു.

കർഷക വിരുദ്ധമായ നിയമങ്ങൾ പിൻവലിക്കുന്നതിന്‍റെ ആവശ്യകത രാഷ്ട്രപതിയെ അറിയിച്ചതായി രാഹുൽ ഗാന്ധി പറഞ്ഞു. ശരിയായ വിധത്തിലുള്ള ചര്‍ച്ച നടത്താതെയും കര്‍ഷകരുമായി ആശയവിനമയം നടത്താതെയും കാര്‍ഷിക നിയമങ്ങള്‍ പാസാക്കിയ രീതി കര്‍ഷകര്‍ക്ക് സര്‍ക്കാരിലുള്ള വിശ്വാസം നഷ്ടപ്പെടുത്തി. കാര്‍ഷിക രംഗം പ്രധാനമന്ത്രിയുടെ സുഹൃത്തുക്കള്‍ക്ക് തീറെഴുതി കൊടുക്കാനുള്ള നീക്കമാണ് നടന്നത്. എന്നാല്‍ തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കാതെ കർഷകർ സമരത്തിൽ നിന്ന് പിന്മാറില്ല. കർഷകരാണ് ഇന്ത്യ. തങ്ങൾ സമരം ചെയ്യുന്നവർക്കൊപ്പമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ജനാധിപത്യ വിരുദ്ധമായി ചർച്ചകൾ കൂടാതെ പാസാക്കിയ നിയമങ്ങൾ പിൻവലിക്കണമെന്ന് സീതാറാം യെച്ചൂരി പറഞ്ഞു. സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന പ്രതിപക്ഷ പാർട്ടികളുടെ ആവശ്യം തള്ളിയാണ് ഏകപക്ഷീയമായി ബിൽ പാസാക്കിയതെന്ന് ശരദ് പവാറും കുറ്റപ്പെടുത്തി.
