തിരുവനന്തപുരം : ഇന്ധന വില കുറയ്ക്കാന്‍ കേരളം തയ്യാറായില്ലെങ്കില്‍ ശക്തമായ സമരമുണ്ടാകുമെന്ന് കെപിസിസി അദ്ധ്യക്ഷന്‍ കെ. സുധാകരന്‍. സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി നികുതി കുറച്ച് ജനങ്ങള്‍ക്ക് ആശ്വാസമേകണമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ധന വില കുറയ്ക്കാന്‍ കേന്ദ്രം നിര്‍ബന്ധിതരായത് ശക്തമായ ജനകീയ പ്രക്ഷോഭം കാരണമാണെന്നും സുധാകരന്‍ അഭിപ്രായപ്പെട്ടു.

മൂല്യ വര്‍ധിത നികുതി കുറക്കില്ലെന്ന ധനമന്ത്രി കെ.എന്‍ ഗോപാലിന്റെ നിലപാട് ജനഹിതം മാനിച്ചുകൊണ്ടുള്ള ഒന്നല്ലെന്ന് കെ.സുധാകരന്‍ വിമര്‍ശിച്ചു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നികുതി കുറച്ചെ ന്നും കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സ്ഥിതി എന്താണെ ന്നുമുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് രാഹുല്‍ ഗാന്ധി ആവശ്യമായ നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞെന്നായിരുന്നു സുധാകരന്റെ മറുപടി.

അതേസമയം, പാര്‍ട്ടിക്കുള്ളിലെ രഹസ്യങ്ങള്‍ ചോരുന്നുണ്ടെന്നും ഇത്തരക്കാരെ കണ്ടെത്തി ശക്തമായ നടപടി സ്വീകരിക്കുമെന്നും സുധാകരന്‍ വ്യക്തമാക്കി. മാധ്യമങ്ങള്‍ക്ക് വാര്‍ത്തകള്‍ ചോര്‍ത്തി ക്കൊടുക്കുന്ന സ്വഭാവം പാര്‍ട്ടിക്കുള്ളില്‍ കാണുന്നുണ്ടെന്ന് പറഞ്ഞ സുധാകരന്‍ ഇത് തിരുത്തേണ്ടതാണെന്നും കൂട്ടിച്ചേര്‍ത്തു.