THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Sunday, June 13, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news "കരയാത്ത ഗൗരി തളരാത്ത ഗൗരി" ചുള്ളിക്കാടിൻ്റെ കവിത

“കരയാത്ത ഗൗരി തളരാത്ത ഗൗരി” ചുള്ളിക്കാടിൻ്റെ കവിത

ആലപ്പുഴ: ബാലചന്ദ്രൻ ചുള്ളിക്കാടിൻ്റെ ‘ഗൗരി ‘ എന്ന കവിത നവ മാധ്യമങ്ങളിൽ വീണ്ടും കളം നിറയുന്നു. 1994 ല്‍ ഗൗരിയമ്മയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ നടപടിയില്‍ പ്രതിഷേധിച്ചായിരുന്നു ബാലചന്ദ്രന്‍ ചുള്ളിക്കാട് ‘ഗൗരി’ എന്ന കവിത എഴുതുന്നത്. 1995ലായിരുന്നു ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ ഗൗരിയുടെ പിറവി. പ്രിയ സഖാവിനെതിരായ പാര്‍ട്ടി നടപടിയെ കവിതയിലുടനീളം ബാലചന്ദ്രന്‍ ചുള്ളിക്കാട് വിമര്‍ശിക്കുന്നുണ്ട്. പണ്ട് ഗൗരിയമ്മയുണ്ടെന്ന് പറഞ്ഞാല്‍ കുട്ടികള്‍ക്ക് ധൈര്യമായിരുന്നുവെന്നാണ് ചുള്ളിക്കാട് പറഞ്ഞുവയ്ക്കുന്നത്.

ഗൗരി

കരയാത്ത ഗൗരി
തളരാത്ത ഗൗരി
കലികൊണ്ട് നിന്നാൽ
അവൾ ഭദ്രകാളി.

ഇത് കേട്ട് കൊണ്ടേ
ചെറു ബാല്യമെല്ലാം
പതിവായി ഞങ്ങൾ
ഭയമാറ്റി വന്നു.

നെറികെട്ട ലോകം
കനിവറ്റ കാലം
പടകാളിയമ്മേ
കരയിച്ചു നിന്നെ.

ഫലിതത്തിനെന്നും
തിരുമേനി നല്ലൂ
കലഹത്തിനെന്നും
അടിയാത്തി പോരും.

ഗുരു വാക്യമെല്ലാം
ലഘു വാക്യമായി
ഗുരുവിന്റെ ദുഃഖം
ധ്വനി വാക്യമായി
അതു കേട്ടു ഞങ്ങൾ
ചരിതാർത്ഥ്യരായി
അതു വിറ്റു പലരും
പണമേറെ നേടി
അതി ബുദ്ധിമാൻമാർ
അധികാരമേറി.

തൊളിലാളി വർഗ്ഗം
അധികാരമേറ്റാൽ
അവരായി പിന്നെ
അധികാരിവർഗ്ഗം
അധികാരമപ്പോൾ
തൊഴിലായി മാറും
അതിനുള്ള ‘കൂലി’
അധികാരി വാങ്ങും.

വിജയിക്കു പിമ്പേ
കുതി കൊൾവു ലോകം
വിജയിക്കു മുന്നിൽ
വിരിയുന്നു കാലം.

മനുജന്നു മീതെ
മുതലെന്ന സത്യം
മുതലിന്നു മീതേ
അധികാര ശക്തി
അധികാരമേറ്റാൽ
തൊളിലാളി മാർഗ്ഗം
തൊഴിലാളിയെന്നും
തൊഴിലാളി മാത്രം.

അറിയേണ്ട ബുദ്ധി
അറിയാതെ പോയാൽ
ഇനി ഗൗരിയമ്മേ
കരയാതെ വയ്യ.

കരയുന്ന ഗൗരി
തളരുന്ന ഗൗരി
കലി വിട്ടൊഴിഞ്ഞാൽ
പടു വൃദ്ധയായി.

മതി ഗൗരിയമ്മേ
കൊടി താഴെ വയ്ക്കാം.
ഒരു പട്ടുടുക്കാം.
മുടി കെട്ടഴിക്കാം.
ഉടവാളെടുക്കാം.
കൊടുങ്ങല്ലൂർ യെന്നാൽ
ഒരു കാവു തീണ്ടാം ..

ഇനി ഗൗരിയമ്മ
ചിതയായി മാറും.
ചിതയാളിടുമ്പോൾ
ഇരുളൊട്ടു നീങ്ങും.
ചിത കെട്ടടങ്ങും.
കനൽ മാത്രമാവും
കനലാറിടുമ്പോൾ
ചുടു ചാരമാവും.
ചെറു പുൽക്കൊടിക്കും
വളമായി മാറും …..

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments