മനാമ: ഫോർമുല വൺ ഗൾഫ് എയർ ബഹ്‌റൈൻ ഗ്രാൻഡ് പ്രിക്സ് 2020 ചാമ്പ്യനായി മെഴ്സിഡസ് ബെൻസിന്റെ ലൂയിസ് ഹാമിൽട്ടൺ. 2020 സീസണിലെ തന്റെ 11-ാം വിജയമാണ് ഹാമിൽട്ടൺ നേടിയത്. റെഡ് ബുൾ ജോഡി മാക്സ് വെർസ്റ്റപ്പൻ, അലക്സാണ്ടർ ആൽബൻ എന്നിവരാണ് രണ്ടും മൂന്നും സ്‌ഥാനങ്ങൾ കരസ്‌ഥമാക്കിയത്.

രണ്ട് അപകടങ്ങൾക്കാണ് സഖീറിലെ ബഹ്റൈൻ ഇനറർനാഷണൽ സർക്യൂട്ട് ഇന്ന് സാക്ഷ്യം വഹിച്ചത്. ഹാസ് ഡ്രൈവർ റോമെയ്ൻ ഗ്രോസ്ജീനും റേസിംഗ് പോയിന്റ് ഡ്രൈവർ ലാൻസ് സ്ട്രോളുമാണ് അപകടത്തിൽ പെട്ടത്.

ഹാസ് ഡ്രൈവർ റോമെയ്ൻ ഗ്രോസ്ജിയന്റെ കാർ ഡാനിയൽ ക്വിയാറ്റിന്റെ ആൽഫാ ടോറിയിൽ തട്ടി ബാരിയറിൽ ഇടിച്ചു തീപിടിക്കുകയായിരുന്നു. മത്സരം ആരംഭിച്ചയുടനെയാണ് ഈ അപകടമുണ്ടായത്. ചെറിയ പൊള്ളലുകളും വാരിയെല്ലിൽ ക്ഷതമുണ്ടായതായും സംശയിക്കുന്നുണ്ട്. പ്രഥമ ശുശ്രൂഷകൾക്ക് ശേഷം ഗ്രോസ്ജീനെ ആശുപതിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇതിനെ തുടർന്ന് മത്സരം നിർത്തിവയ്ക്കുകയും ഒരു മണിക്കൂറിലേറെ വൈകി മത്സരം ആരംഭിക്കുകയും ചെയ്തു.
മത്സരം ആരംഭിച്ചെങ്കിലും വീണ്ടും അപകടമുണ്ടാകുകയായിരുന്നു.ഇത്തവണയും ഡാനിൽ ക്വിയാറ്റിന്റെ ആൽഫാ ടോറിയിൽ തട്ടി റേസിംഗ് പോയിന്റ് ഡ്രൈവർ ലാൻസ് സ്ട്രോളിന്റെ കാർ തലകീഴായി മറിയുകയായിരുന്നു. സ്ട്രോൾ പരിക്കില്ലാതെ രക്ഷപ്പെട്ടു.