THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Friday, January 28, 2022

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news കോവിഡ്കാലത്തെ കേരളാ മോഡല്‍… ഹരി നമ്പൂതിരി എഴുതുന്നു

കോവിഡ്കാലത്തെ കേരളാ മോഡല്‍… ഹരി നമ്പൂതിരി എഴുതുന്നു

മഹാമാരി സംഹാര രൂപത്തില്‍ താണ്ഡവമാടുമ്പോഴും കേരളത്തിന്റെ വിജയഗാഥ തുടരുകയാണ്. അവിചാരിതമായി കടന്നെത്തുന്ന ഏത് പ്രതിസന്ധികളെയും അതിജീവിച്ച് കേരളം മുന്നേറുമ്പോള്‍, അത് എല്ലാ കാലത്തേക്കുമുള്ള മാതൃകയണ്. വ്യക്തമായ ആസൂത്രണവും കൃത്യമായ ചുവടുവെപ്പുകളുമാണ് സംസ്ഥാനത്തെ അടി പതറാതെ മുന്നോട്ട് നയിച്ചത്. സൗജന്യ വാക്‌സിന്‍ ഉറപ്പാക്കിയ ആദ്യ സംസ്ഥാനങ്ങളില്‍ ഒന്നാണ് നമ്മുടെ കേരളം എന്നതും ശ്രദ്ധേയമാണ്.

രോഗനിർണയത്തിലുള്ള വേഗതയും ആവശ്യമായ ഓക്സിജൻ പ്ലാന്റുകളും ആശാ പ്രവർത്തകരുടെയും മറ്റ് മുന്നണിപ്പോരാളികളുടെയും ആത്മാർത്ഥമായ ഇടപെടലുകളുമൊക്കെ കേരളത്തിനു മുതൽക്കൂട്ടുകളാണ്. കോവിഡ് പരിശോധനക്കും മാതാപിതാക്കളുടെ വാക്സിനേഷനു വേണ്ടി ക്ലിനിക്കിലും പോയ സ്വന്തം അനുഭവത്തിൽ നിന്നു തന്നെ എനിക്കിത് മനസിലായിട്ടുണ്ട്. കോവിഡ് പോരാട്ടത്തിൽ കേരളം ഇത്രയേറെ മുന്നിൽ എത്താൻ സഹായിച്ച ഘടകങ്ങൾ ഏറെയാണെങ്കിലും, മറ്റു സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തെ വ്യത്യസ്തമാക്കുന്നത് തുടക്കം മുതൽ കേരളം കാഴ്ച വെച്ച നാല് ആശയങ്ങൾ ആണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.

Courage (ധൈര്യം) -ഭയം ഇല്ലാതെ, തുടക്കം മുതല്‍ തന്നെ മഹാമാരിയെ നേരിടാന്‍ സംസ്ഥാനം കാണിച്ച ധൈര്യം അഭിനന്ദനാര്‍ഹമാണ്. അവശ്യഘട്ടങ്ങളില്‍ കൃത്യമായ നേതൃത്വവും സാഹചര്യങ്ങള്‍ക്ക് അനുസൃതമായ നവീകരണങ്ങളും പഴുതുകളടച്ചുള്ള പ്രവര്‍ത്തനവൈദഗ്ധ്യവും ആ ധൈര്യത്തില്‍ നിന്ന് ഉടലെടുത്തവ തന്നെ.

Confidence (ആത്മവിശ്വാസം) – സാഹചര്യങ്ങളെ നേരിടുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രകടിപ്പിച്ച ആത്മവിശ്വാസം ജനങ്ങള്‍ക്കും ഉണര്‍വേകി എന്നതില്‍ സംശയമില്ല. നടപടികളില്‍ സര്‍ക്കാര്‍ കാണിച്ച സുതാര്യത പൊതുജനം തങ്ങളുടെ ഉത്തരവാദിത്തങ്ങളിലൂടെ തിരിച്ചും കാണിച്ചപ്പോഴാണ് കോവിഡ് പ്രതിരോധം ശക്തമായത്.

Compassion (സഹാനുഭൂതി) – ജനം ഏറ്റവും പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ കേരളം മുന്‍പോട്ട് വെച്ച പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായത് സൗജന്യ ഭക്ഷ്യ കിറ്റ് വിതരണമാണ്. ഒരു വയര്‍ പോലും വിശന്നിരിക്കരുത് എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തനമാരംഭിച്ച കമ്മ്യുണിറ്റി കിച്ചനുകള്‍ ഇപ്പോഴും സജീവമായി പ്രവര്‍ത്തിക്കുന്നു. ശാരീരികാരോഗ്യത്തിനൊപ്പം മനസികാരോഗ്യത്തിനും പ്രാധാന്യം നല്‍കിക്കൊണ്ട് കേരളം ആസൂത്രണം ചെയ്ത പ്രവര്‍ത്തനങ്ങള്‍ മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒരേപോലെ പ്രയോജനപ്രദമായി.

Connectivity and Collaboration (കൂട്ടായ്മ) – സമൂഹത്തിലെ എല്ലാ വിഭാഗം ജനത്തിന്റെയും കൂട്ടായ പരിശ്രമത്തിന്റെ ഫലമാണ് കേരളത്തിന്റെ ഉയര്‍ച്ച. ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ തുടങ്ങി എല്ലാ സംവിധാനങ്ങളെയും ഏറ്റവും മികച്ച രീതിയില്‍ പ്രവര്‍ത്തനസജ്ജമാക്കിയത് ആ കൂട്ടായ്മ തന്നെ.

കിറുകൃത്യവും യുക്തിപരവുമായ തീരുമാനങ്ങള്‍, ഫലപ്രദവും കാര്യക്ഷമവുമായ ആശയവിനിമയം, ജനങ്ങളുടെ ഉയര്‍ന്ന വിദ്യാഭ്യാസ നിലവാരം, ചികിത്സയെക്കാള്‍ നല്ലത് രോഗപ്രതിരോധമാണെന്ന തിരിച്ചറിവ്, ഇവയൊക്കെ കേരളത്തെ ഇന്നും മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃകയാക്കുന്നു. നവജാതശിശുക്കള്‍ക്കു മുതല്‍ ഏറ്റവും പ്രായമായവര്‍ക്കു വരെ ഒരേ പ്രാധാന്യത്തോടെ ശ്രദ്ധയും പരിചരണവും നല്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്. പഞ്ചായത്ത്-ജില്ലാ പഞ്ചായത്ത്- മുനിസിപ്പാലിറ്റി/കോര്‍പറേഷന്‍ കേന്ദ്രീകൃതമായി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് അവയുടെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നു. പൊതുജനതാല്പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കി, അവര്‍ക്കാവശ്യമുള്ളത് ഉറപ്പു വരുത്തിക്കൊണ്ട് സംസ്ഥാന സര്‍ക്കാര്‍ കോവിഡ് പ്രതിരോധത്തില്‍ മുന്നോട്ട് തന്നെ…

ഹരി നമ്പൂതിരി
(ടെക്‌സാസ് നേഴ്‌സിങ് ഫെസിലിറ്റിയുടെ സ്റ്റേറ്റ് ഉപദേശക സമിതി ഗവര്‍ണര്‍, ആരോഗ്യ വിദഗ്ദ്ധന്‍, സാമൂഹിക പ്രവര്‍ത്തകന്‍, ആക്ടിവിസ്റ്റ്, പ്രചോദന പ്രഭാഷകന്‍. വിവിധ ദേശീയ-അന്തര്‍ദേശിയ സംഘടനകളുടെ ഭാരവാഹിത്വം വഹിക്കുന്നു. പ്രവര്‍ത്തനമേഖലകളിലെ മികവ് പരിഗണിച്ച് നിരവധി പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹനായിട്ടുണ്ട്. വിവിധ മാധ്യമങ്ങളില്‍ അവതാരകനും ലേഖകനുമായി പ്രവര്‍ത്തിച്ചു വരുന്നു.)

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments