ന്യൂഡൽഹി: ഇന്ത്യയിൽ കൊറോണ ചികിത്സയിൽ ഉള്ളവരുടെ എണ്ണം തുടർച്ചയായി കുറയുന്നു. 2020 സെപ്റ്റംബർ 10 ന് പ്രതിദിന രോഗബാധിതരുടെ എണ്ണം 95, 735 എന്ന ഏറ്റവും ഉയർന്ന സംഖ്യയിൽ എത്തിയതിനുശേഷം ഇന്ന്, എട്ടു മാസത്തെ ഏറ്റവും കുറഞ്ഞ സംഖ്യയായ 8,635 രേഖപ്പെടുത്തി. കഴിഞ്ഞ 5 ആഴ്ചയായി ഇന്ത്യയിലെ പുതിയ കേസുകളുടെ പ്രതിദിന എണ്ണത്തിൽ ക്രമാനുഗത മായ കുറവാണുള്ളത്. 2020 ഡിസംബർ 30 മുതൽ 2021 ജനുവരി 5 വരെയുള്ള കാലയളവിലെ പ്രതിദിന രോഗികളുടെ ശരാശരി എണ്ണം 18,394 ആയിരുന്നു. എന്നാൽ ജനുവരി 27 മുതൽ ഫെബ്രുവരി 2 വരെയുള്ള കാലയളവിൽ ഇത് 12,772 ആയി കുറഞ്ഞു.

കഴിഞ്ഞ 24 മണിക്കൂറിൽ നൂറിൽ താഴെ മാത്രം മരണം റിപ്പോർട്ട് ചെയ്തു. 8 മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ കണക്കാണിത്. 2020 മെയ് 15 നാണ് ഇതിനുമുൻപ് മരണസംഖ്യ 100 രേഖപ്പെടുത്തിയത്. കഴിഞ്ഞ 5 ആഴ്ചയായി ഇന്ത്യയിലെ പ്രതിദിന മരണ നിരക്കിൽ ക്രമാനുഗതമായ കുറവാണുണ്ടാകുന്നത്. 2020 ഡിസംബർ 30 മുതൽ 2021 ജനുവരി 5 വരെയുള്ള കാലയളവിലെ പ്രതിദിന ശരാശരി മരണ സംഖ്യ 242 ആയിരുന്നു.എന്നാൽ ജനുവരി 27 മുതൽ ഫെബ്രുവരി 2 വരെയുള്ള കാലയളവിൽ ഇത് 128 ആയി കുറഞ്ഞു.

നിലവിൽ 1,63,353 പേരാണ് രാജ്യത്ത് ചികിത്സയിലുള്ളത്. ഇത് ആകെ രോഗബാധിതരുടെ 1.52% മാത്രമാണ്. പുതുതായി രോഗമുക്തരായവരുടെ 85.09% വും 10 സംസ്ഥാനങ്ങളില്‍ ആണ്. 5215 പേർ രോഗ മുക്തരായ കേരളമാണ് കഴിഞ്ഞ 24 മണിക്കൂറിൽ രോഗമുക്തി നേടിയവരുടെ എണ്ണത്തിൽ മുന്നിൽ. മഹാരാഷ്ട്രയില്‍ 3289 പേരും ഛത്തീസ്ഗഡിൽ 520 പേരും രോഗ മുക്തരായി.
പുതിയ രോഗബാധിതരുടെ 80.10% വും 6 സംസ്ഥാനങ്ങളില്‍ ആണ്. കേരളത്തിലാണ് കൂടുതല്‍ – 3,459പേര്‍. മഹാരാഷ്ട്രയിൽ 1,948 പേര്‍ക്കും തമിഴ്നാട്ടിൽ 502 പേർക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 94 പേരാണ് കോറോണ ബാധിച്ച് മരിച്ചത്. ഇതില്‍ 65.96% വും 5 സംസ്ഥാനങ്ങളില്‍ ആണ്. ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്തത് മഹാരാഷ്ട്രയിലാണ്- 27 പേർ. കേരളത്തിൽ 17ഉം തമിഴ്നാട്ടിൽ 7 പേരും മരിച്ചു.16 സംസ്ഥാനങ്ങളിൽ കഴിഞ്ഞ 24 മണിക്കൂറിൽ ഒരു മരണവും റിപ്പോർട്ട് ചെയ്തിട്ടില്ല.