ദുബൈ: ട്വന്റി 20 ലോകകപ്പില്‍ സ്‌കോട്ട്ലന്‍ഡിനെതിരെ ഇന്ത്യക്കിന്ന് അതിജീവനത്തിനായുള്ള പോരാട്ടം. അഫ്ഗാനിസ്താനെ തകര്‍ത്ത് രണ്ട് ദിവസത്തിന് ശേഷം കളത്തിലിറങ്ങുന്ന ഇന്ത്യ മികച്ച റണ്‍ നിരക്കിലുള്ള ജയമാണ് ലക്ഷ്യമിടുന്നത്.സ്വന്തം ജയം കൊണ്ട് മാത്രം ടൂര്‍ണമെന്റില്‍ മുന്നേറാന്‍ നീലപ്പടക്ക് കഴിയില്ല.

മറിച്ച് ഗ്രൂപ്പിലെ മറ്റു ടീമുകളുടെ ജയപരാജയങ്ങള്‍ അടിസ്ഥാനമാക്കിയാകും ടൂര്‍ണമെന്റിലെ ഇന്ത്യയുടെ ഭാവി.

പാകിസ്താനോടും ന്യൂസിലന്‍ഡിനുമെതിരെ പരാജയപ്പെട്ട ഇന്ത്യക്ക് സെമിഫൈനല്‍ സാധ്യതകളുടെ നേരിയ പ്രതീക്ഷകളാണുള്ളത്. നാല് തുടര്‍ച്ചയായ വിജയങ്ങളുമായി പാകിസ്താന്‍ ഇതിനകം തന്നെ സെമിഫൈനലിലെത്തിയിട്ടുണ്ട്. രണ്ടാം സ്ഥാനത്ത് കീവിസും അഫ്ഗാനും നിലകൊള്ളുന്നുണ്ട്.
നമീബിയക്കെതിരെയോ അഫ്ഗാനിനെതിരെയോ ന്യൂസിലന്‍ഡ് പരാജയപ്പെട്ടാല്‍ മാത്രമേ ഇന്ത്യക്ക് ഇനി മുന്നേറാനാകൂ. മറ്റ് ടീമുകളുടെ മത്സരഫലത്തെ സ്വാധീനിക്കാന്‍ കഴിയില്ലെങ്കിലും ഇന്ന് സ്‌കോട്ട്ലന്‍ഡിനെതിരെ വന്‍ മാര്‍ജിനിലുള്ള വിജയം ആണ് കോഹ്ലിയും സംഘവും ലക്ഷ്യമിടുന്നത്. അഫ്ഗാനിസ്ഥാന്‍ ബൗളിങ് നിരക്കെതിരെ ഇന്ത്യ ബാറ്റിങ് നിര മികച്ച പ്രകടനം പുറത്തെടുത്തത് ആരാധകരില്‍ പ്രതീക്ഷ ഉണര്‍ത്തുന്നതാണ്. രോഹിത് ശര്‍മ്മയും ഫോമിലേക്ക് ഉയര്‍ന്നതും അശ്വിന്റെ തിരിച്ച് വരവും ഇന്ത്യക്ക് ആത്മവിശ്വസം നല്‍കുന്നുണ്ട്.