സ്‌നേഹത്തിന്റെ സൂചിമുനകൊണ്ട് പരിചരണത്തിന്റെ ചൂടു പകര്‍ന്നവര്‍. വെള്ളിമേഘംപോലെ ആര്‍ദ്രമായി നമ്മോടു സംവദിക്കുന്നവര്‍. കഴിഞ്ഞുപോയ കാലങ്ങളില്‍ നമ്മള്‍ കൂടുതല്‍ കൂടുതല്‍ ഹൃദയത്തോട് ചേര്‍ത്തവര്‍, പരിചരണത്തിന്റെ ആള്‍രൂപമായ നെഴ്‌സുമാര്‍ക്കുവേണ്ടി ഒരു ദിനം. ലോകമെമ്പാടുമുള്ള നേഴ്സ് സമൂഹം ഇന്ന് ലോക നേഴ്സസ് ദിനമായി ആചരിക്കുകയാണ്. ചരിത്രത്തില്‍ ആദ്യമായി നേഴ്സുമാര്‍ക്ക് ഒരു ദിനം നീക്കിവെക്കുന്നത് 1953ല്‍ ആണ്. എന്നാല്‍ 1974ലാണ് മെയ് 12 ലോക നേഴ്സുമാരുടെ ദിനമായി പ്രഖ്യാപിക്കപ്പെട്ടത്. ആധുനിക നേഴ്സിംഗിന്റെ സ്ഥാപകയായ ഫ്ളോറന്‍സ് നൈറ്റിംഗേലിന്റെ ജന്മദിനമാണ് ഇത്. നേഴ്സുമാരുടെ സമൂഹം ലോകത്തിന് നല്‍കിയിട്ടുള്ള സേവനങ്ങളെ വിലമതിക്കുന്നതിനാണ് ഈ ദിനം ലോകമെമ്പാടും നേഴ്സസ് ഡേ ആയി ആചരിക്കുന്നത്. മഹാമാരിക്കാലത്ത് ഒരു നഴ്‌സസ് ദിനം കൂടിയെത്തുമ്പോള്‍ ഹൃദയപൂര്‍വ്വമായ ആശംസകള്‍ കൊണ്ടു നമുക്കിവരെ ചേര്‍ത്തുവെക്കാം.

ഇറ്റലിയിലെ ഫ്‌ലോറന്‍സ് നഗരത്തിലെ ഒരു ധനിക കുടുംബത്തിലായിരുന്നു ഫ്‌ലോറന്‍സ് നൈറ്റിങ്‌ഗേലിന്റെ ജനനം. എല്ലാ സുഖ സൗകര്യങ്ങളും നല്‍കിയാണ് മാതാപിതാക്കള്‍ ഫ്‌ലോറന്‍സിനെ വളര്‍ത്തിയത്. എന്നാല്‍ പാവപ്പെട്ടവരെയും രോഗികളെയും ശുശ്രൂഷിക്കാനായിരുന്നു ഫ്‌ലോറന്‍സിന് താല്‍പ്പര്യം. അതിനായി അവര്‍ ആ കാലത്ത് ഏറ്റവും മോശപ്പെട്ട ജോലിയായി കരുതിയിരുന്ന നഴ്‌സിങ് തിരഞ്ഞെടുക്കുകയായിരുന്നു.

ക്രീമിയന്‍ യുദ്ധ കാലത്ത് മുറിവേറ്റ പട്ടാളക്കാരെ ശുശ്രൂഷിക്കുന്നതിനായി ഫ്‌ലോറന്‍സ്, അവര്‍ തന്നെ പരിശീലനം നല്‍കിയ 38 നേഴ്സുമാരോടൊന്നിച്ച് സ്‌കൂട്ടാരിയിലെ പട്ടാള ക്യാമ്പിലേക് പോയി. അവിടുത്തെ അവരുടെ കഠിനാധ്വാനമാണ് അവരെ ലോകം അറിയുന്ന വനിതയാക്കി തീര്‍ത്തത്. പകല്‍ ജോലി കഴിഞ്ഞാല്‍ രാത്രി റാന്തല്‍ വിളക്കുമായി ഓരോ രോഗിയെയും നേരിട്ട് കണ്ടു അവര്‍ സുഖാന്വേഷണം നടത്തി. വിളക്ക് കയ്യിലേന്തിവരുന്ന അവര്‍ രോഗികള്‍ക്ക് മാലാഖയായി.
പിന്നീട് ഫ്‌ലോറന്‍സ് നഴ്‌സിങ് പരിശീലനത്തിനായി ഒരു കേന്ദ്രം ആരംഭിച്ചു. നിരവധിപേര്‍ക്ക് അവിടെ പരിശീലനം നല്‍കി. 1883ല്‍ വിക്ടോറിയ രാജ്ഞി ഫ്‌ലോറന്‍സിന് റോയല്‍ റെഡ് ക്രോസ്സ് സമ്മാനിച്ചു. 1907ല്‍ ഓര്‍ഡര്‍ ഓഫ് മെറിറ്റ് നേടുന്ന ആദ്യത്തെ വനിതയായി. ആതുര ശുശ്രൂഷ രംഗത്തിന് സമൂഹത്തില്‍ മാന്യതയുണ്ടാക്കിയ ‘വിളക്കേന്തിയ മാലാഖ’ 1910 ആഗസ്റ്റ് 13ന് അന്തരിച്ചു. ഇന്ന്, നഴ്‌സിങ് രംഗത്ത് വിപ്ലവം തീര്‍ത്ത ഫ്‌ലോറന്‍സ് നൈറ്റിങ്‌ഗേലിന്റെ ജന്മദിനം ലോകം അന്തര്‍ദേശീയ നഴ്സസ് ദിനമായി ആചരിക്കുകയാണ്.