മുംബൈ: റിലയൻസ് ഗ്രൂപ്പിന്റെ റീട്ടെയിൽ യൂണിറ്റിന്റെ നേതൃപദവിയിലേക്ക് അംബാനി തലമുറയിലെ ഇളമുറക്കാരി ഇഷ അംബാനി എത്തുന്നു. റിലയൻസ് ജിയോയുടെ ഡയറക്ടർ സ്ഥാനം മുകേഷ് അംബാനി രാജിവെച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ മകൾ പുതിയ പദവിയിലേക്ക് നിയമിതയാകുന്നത്. നിലവിൽ റിലയൻസ് റീട്ടെയിൽ വെഞ്ച്വേഴ്സ് ലിമിറ്റഡിന്റെ ഡയറക്ടറാണ് ഇഷ.
ചൊവ്വാഴ്ച ഇഷയുടെ ഇരട്ട സഹോദരൻ ആകാശ് അംബാനി റിലയൻസ് ജിയോ ഇൻഫോകോം ലിമിറ്റഡിന്റെ ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. റിലയൻസ് ഇൻഡസ്ട്രീസിന്റെ ഏറ്റവും പ്രധാനപ്പെട്ട വിഭാഗമാണ് ജിയോ. കഴിഞ്ഞ വർഷം നടന്ന കമ്പനി വാർഷിക പൊതുയോഗത്തിൽ റിലയന്‍സ് ഗ്രൂപ്പിൽ മക്കൾക്ക് നിർണായക സ്ഥാനങ്ങൾ നല്‍കുമെന്ന് മുകേഷ് അംബാനി സൂചന നൽകിയിരുന്നു. റിലയൻസിൽ മെറ്റ പ്ലാറ്റ്ഫോം നടത്തുന്ന നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട ചർച്ചകളിൽ ഇരുവരും ഭാഗഭവാക്കായിരുന്നു.
യു.എസിലെ യേൽ യൂണിവേഴ്സിറ്റിയിൽനിന്നുള്ള ബിരുദധാരിയാണ് മുപ്പതുകാരിയായ ഇഷ. സ്റ്റാൻഫോഡ് ഗ്രാജ്വേറ്റ് സ്കൂൾ ഓഫ് ബിസിനസിൽ നിന്ന് എം.ബി.എയും നേടിയിട്ടുണ്ട്. ഇഷക്ക് പുറമേ ഇരട്ടസഹോദരനായ ആകാശും 27കാരനായ ആനന്ദുമാണ് അംബാനിയുടെ മക്കള്‍.
റിലയൻസ് ഇൻഡസ്ട്രീസിലെ നിർണായക സ്ഥാനങ്ങൾ ഒഴിഞ്ഞ് തർക്കങ്ങളില്ലാതെ തലമുറമാറ്റം സാധ്യമാക്കാനാണ് അംബാനി ശ്രമിക്കുന്നതെന്ന് നേരത്തെ ബിസിനസ് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തിരുന്നു. ബംഗ്ലാദേശ് ആസ്ഥാനമായ വാൾട്ടൺ അടക്കമുള്ള കോർപറേറ്റുകൾ എങ്ങനെയാണ് അധികാരക്കൈമാറ്റം നടത്തുന്നത് എന്നതു സംബന്ധിച്ച് അംബാനി പഠനം നടത്തിയതായും മുന്‍പ് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.