THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Thursday, December 8, 2022

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news 'കോൺഗ്രസിലെ പുതിയ രാജികളും ഇനിയും രാജിയാവാത്ത ശൈലികളും' ജെയിംസ് കൂടൽ എഴുതുന്നു

‘കോൺഗ്രസിലെ പുതിയ രാജികളും ഇനിയും രാജിയാവാത്ത ശൈലികളും’ ജെയിംസ് കൂടൽ എഴുതുന്നു

കോൺഗ്രസ് ‘സെമി കേഡർ’ സംവിധാനത്തിലേക്കു മാറാൻ പോകുന്നുവെന്നാണു പറയുന്നത്. ‘സെമി കേഡറോ’ ‘ഫുൾ കേഡറോ’ ആകട്ടെ, പറയുന്നത് കെ.സുധാകരനും വി.ഡി.സതീശനും ആകയാൽ എന്തെങ്കിലും കാര്യം കാണുമെന്ന് കരുതിയിരിക്കുമ്പോഴാണ് കോൺഗ്രസിലെ മൂപ്പിളമ തർക്കവും രാജിയും വീണ്ടും വാർത്തകളിൽ നിറയുന്നത്.
പുനഃസംഘടനയെ ചൊല്ലി കോൺഗ്രസിൽ രാജി തുടരുന്നു. മുൻ കെ.പി.സി.സി അധ്യക്ഷൻ വി.എം സുധീരൻ കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതിയിൽ നിന്ന് രാജിവച്ചു. രാജിക്കത്ത് കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരന് കൈമാറി. സാധാരണ പ്രവർത്തകനായി തുടരുമെന്നും സുധീരൻ അറിയിച്ചു. എന്നാൽ രാജിയുടെ കാരണം രാജിക്കത്തിൽ പറയുന്നില്ല.അതിനാൽ, ഗുരുത്വമില്ലാത്ത അനിന്തരവന്മാർക്ക് തറവാട്ടു കാരണവരുടെ ഒരു കുത്ത്. അങ്ങനെ കണ്ടാൽ മതിയെന്ന് തോന്നുന്നു.

adpost

കെ.പി.സി.സി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞ ശേഷം സുധീരൻ അംഗമായിരുന്ന ഏക സമിതി രാഷ്ട്രീയകാര്യ സമിതിയായിരുന്നു. കെ.പി.സി. സി പുനഃസംഘടന പട്ടിക 30ന് പ്രഖ്യാപിക്കാനിരിക്കേയാണ് രാജി. പുനഃസംഘടനയിൽ താനുമായി കൂടിയാലോചന നടത്തിയിട്ടില്ലെന്ന വിമർശനം നേരത്തെ അദ്ദേഹം ഉന്നയിച്ചിരുന്നു. ഇതോടെ കെ.സുധാകരൻ നേരിട്ടെത്തി അദ്ദേഹത്തെ അനുനയിപ്പിക്കാൻ ശ്രമിച്ചിരുന്നു.
കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവർ ഇതിനിടെ എത്തിയിട്ടുണ്ട്. ഹൈക്കമാൻഡിന് താൽപര്യമുള്ള നേതാവ് കൂടിയായതിനാൽ സുധീരന്റെ രാജിയിൽ തൃപ്തികരമായ വിശദീകരണം സംസ്ഥാന നേതൃത്വം നൽകേണ്ടിവരും.
ഡി.സി.പ്രസിഡന്റുമാരുടെ നിയമനത്തിനു പിന്നാലെ കോൺഗ്രസിൽ പൊട്ടിത്തെറി നടന്നിരുന്നു. പാലക്കാട് മുൻ ഡി.സി.സി അധ്യക്ഷൻ എം.വി ഗോപിനാഥ്, കെ.പി അനിൽകുമാർ, പി.എസ് പ്രശാന്ത് തുടങ്ങിയവർ കോൺഗ്രസ് വിട്ടു. അനിൽ കുമാറും പ്രശാന്തും സി.പി.എമ്മിൽ ചേരുകയും ചെയ്തു.
ഇതിപ്പോ പിന്നാലെയല്ല മുന്നാലെയാണ് എന്നതാണ് ഒരു വ്യത്യാസം.

adpost

അതേസമയം, കോൺഗ്രസ് രാഷ്ട്രീയകാര്യ നിർവാഹക സമിതിയിൽ നിന്നുള്ള വി.എം സുധീരന്റെ രാജി നിരാശജനകവും നിർഭാഗ്യകരവുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പ്രതികരിച്ചു. രാജിക്കാര്യം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. അത് വിഷമമുണ്ടാക്കി. കാരണം അറിയില്ല. അനാരോഗ്യം മൂലമാണ് രാജിയെന്നാണ് കെ.പി.സി.സി പ്രസിഡന്റിനെ അറിയിച്ചിരിക്കുന്നത്. എന്തായാലും രാജി നിർഭാഗ്യകരമാണ്. നിരാശപ്പെടുത്തുന്നതും വിഷമമുണ്ടാക്കുന്നതുമാണെന്നും സതീശൻ കൊച്ചിയിൽ മാധ്യമങ്ങളോട് പ്രതികരിച്ചു. അനാവശ്യവുമായി ഒരു സമ്മർദ്ദം ചെലുത്തി ബുദ്ധിമുട്ടിക്കുന്ന ആളല്ല സുധീരൻ. തങ്ങൾക്ക് നല്ല പിന്തുണയാണ് ഇതുവരെ നൽകിയത്. അദ്ദേഹവുമായി സംസാരിക്കും. വിളിച്ചിട്ട് കിട്ടിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇതിനിടെ, രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നു: കേഡർ പാർട്ടി ആകാത്തതല്ല യഥാർഥത്തിൽ കോൺഗ്രസിന്റെ പ്രശ്‌നം. ബഹുജന പാർട്ടി ആയിരുന്ന കാലത്താണ് കോൺഗ്രസ് കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും അധികാരം നേടിയിരുന്നത്. അന്നത്തെ ബഹുജനാടിത്തറ നഷ്ടപ്പെട്ട് വെറും ‘പാർട്ടി’ ആയി മാറിയപ്പോഴാണ് അത് പരാജയത്തിലേക്കു നീങ്ങിയത്. നേതാക്കളുടെ അഴിമതി, അധികാരമോഹം, അലസത എന്നിവയാണതിനു കാരണം. കഴിഞ്ഞ 25 വർഷത്തെ ചരിത്രമെടുത്താൽ പാർട്ടിയെ വളർത്താനും ശക്തിപ്പെടുത്താനും ഈ നേതാക്കൾ എത്രമാത്രം പരിശ്രമിച്ചിട്ടുണ്ട് എന്നു പരിശോധിച്ചാൽ അതു മനസ്സിലാകും. ജനങ്ങളിൽനിന്ന് അകന്നതാണ് യഥാർഥ പ്രശ്‌നമെങ്കിൽ അതിനു പരിഹാരം ജനങ്ങളിലേക്കു മടങ്ങിപ്പോവുക മാത്രമാണ്. അതാണ് കോൺഗ്രസിൽ ഒരിക്കലും സംഭവിക്കാത്തത്. അതുകൊണ്ട് കേഡർ പാർട്ടി ആവുകയെന്നതല്ല, അകന്നുപോയ ബഹുജനങ്ങളെ തിരികെ കൊണ്ടുവരികയെന്നതാണ് കോൺഗ്രസിനു മുന്നിലുള്ള പ്രധാന ദൗത്യം.

ഇപ്പോഴത്തെ പാലാ ബിഷപ്പിന്റെ വിവാദ പരാമർശവും തുടർന്നുണ്ടായ രാഷ്ട്രീയ ചേരിതിരിവും തന്നെ ശ്രദ്ധിക്കുക. എത്ര വൈകിയും എന്ത് അങ്കലാപ്പോടെയും സത്യസന്ധതയില്ലാതെയുമാണ് കോൺഗ്രസ് നേതൃത്വം അതിനോട് പ്രതികരിച്ചത്. ബിഷപ്പ് വിശ്വാസികളോട് പറഞ്ഞ കാര്യം പുതിയതായ ഒന്നായിരുന്നില്ല. അതിന്റെ ഗൗരവം ഒട്ടും കൂടിപ്പോകാതെയും എന്നാൽ ഒട്ടും കുറച്ചു കാണാതെയും ഇരിക്കുകയായിരുന്നില്ലേ വേണ്ടത്. ബി.ജെപിയെ അതിലിടപെടാതിരിക്കാൻ അവസരം കൊടുക്കാതിരിക്കാനുള്ള കരുതലല്ലേ വേണ്ടിയിരുന്നത്. മുസ്ലിംലീഗിനെ ഒപ്പം കൂട്ടി, വിശ്വാസത്തിലെടുത്ത് രാഷ്ട്രീയമായിത്തന്നെ അതിലിടപെടാനും സർഗാത്മകമായ ഒരു നേതൃത്വത്തിന് കഴിയേണ്ടതാണ്.
എന്തു കാര്യത്തിനും ബിജെപിയെ ചൂണ്ടിക്കാട്ടി പഴിചാരുന്ന പാർട്ടി ലൈൻ കടുത്ത ഇടതുപക്ഷക്കാർ പോലും ഇപ്പോൾ പയറ്റുന്നില്ല എന്നോർക്കണം. അപ്പോഴാണ് സോഷ്യൽ മീഡിയയിലെ ഫേക്ക് ഐഡികളാണ് എല്ലാ കുഴപ്പങ്ങൾക്കും കാരണമെന്ന ബാലിശമായ കണ്ടെത്തലുമായി മാധ്യമങ്ങളെ അഭിമുഖീകരിക്കുന്നത്.
കോൺഗ്രസിനെ മാറ്റിനിർത്തി ബിജെപി ഇന്ത്യയിൽ മുന്നോട്ടു വരുന്നതിനു കാരണം വർഗീയത മാത്രമല്ല. വർഗീയത ഒരു ഘടകമാണ്. എന്നാൽ സാമ്പത്തിക നയങ്ങളുടെ കാര്യത്തിൽ ബിജെപിയിൽനിന്ന് വ്യത്യസ്തമായി കോൺഗ്രസിന് ഒന്നും പറയാനില്ലെന്ന കാര്യം നാം വിസ്മരിക്കരുത്. ബിജെപിയുടെ വർഗീയതയെക്കുറിച്ച് പുരപ്പുറത്തുനിന്ന് സദാ വിളിച്ചു കൂവിയതു കൊണ്ടു മാത്രം ജനങ്ങളുടെ വിശ്വാസം നേടാനാവില്ല. അത് നേടണമെങ്കിൽ മറ്റു മേഖലകളിൽ കോൺഗ്രസ് ബിജെപിയിൽനിന്ന് എങ്ങനെ വ്യത്യസ്തപ്പെട്ടിരിക്കുന്നു എന്ന് ജനങ്ങളെ ബോധ്യപ്പെടുത്തണം. ഇതിന് കോൺഗ്രസുകാർ ഗാന്ധിജിയിലേക്കും നെഹ്‌റുവിന്റെ സോഷ്യലിസത്തിലേക്കും തിരികെ പോകാൻ തയാറാവണം.

യുഎസിൽ അടുത്തിടെ നടന്ന പഠനം കാണിക്കുന്നത്, സമീപകാലത്ത് ഏറ്റവും കൂടുതൽപേർ ഇന്റർനെറ്റിൽ തിരഞ്ഞ വാക്ക് ‘സോഷ്യലിസം’ ആയിരുന്നു എന്നാണ്. ഒരു മുതലാളിത്ത രാഷ്ട്രത്തിൽപോലും ഇതാണു സ്ഥിതിയെങ്കിൽ നെഹ്‌റു മുന്നോട്ടുവച്ച സോഷ്യലിസത്തിലേക്കു മടങ്ങാൻ കോൺഗ്രസ് എന്തിനു മടിക്കണം? തന്നെയല്ല, കോൺഗ്രസിന് ഭരണം കിട്ടാത്തത് ന്യൂനപക്ഷ പിന്തുണ നഷ്ടപ്പെട്ടതുമൂലമാണ് എന്നതു സൗകര്യത്തിനു വേണ്ടിയുള്ള വാദമാണ്. ഭൂരിപക്ഷ പിന്തുണ ലഭിച്ചിട്ടുണ്ടോ ലഭിച്ചിരുന്നെങ്കിൽ അത് അധികാരത്തിൽ എത്തിക്കേണ്ടതായിരുന്നില്ലേ? കോൺഗ്രസിന് യഥാർഥത്തിൽ നഷ്ടമായത് ജനങ്ങളുടെ ആകെ പിന്തുണയാണ്. പണ്ടുമുതലുള്ള ശീലംവച്ച്, 5 വർഷത്തിലൊരിക്കൽ അധികാരം കിട്ടുമെന്ന തോന്നലാണ് മുന്നണിയെ ഒന്നിച്ചുനിർത്തിയിരുന്നത്. അതു നടക്കില്ലെന്നു മനസ്സിലാക്കുമ്പോൾ ഘടക കക്ഷികൾ അവരുടെ വഴി നോക്കും. അതു തടയാൻ കോൺഗ്രസ് ശക്തിപ്പെടുകയാണു വേണ്ടത്. കോൺഗ്രസിനെ ശക്തിപ്പെടുത്തണമെങ്കിൽ കഴിഞ്ഞ നൂറ്റാണ്ടിലെ സാഹചര്യമല്ല ഇപ്പോഴുള്ളത്. അത് കോൺഗ്രസിന്റെ നൂറ്റാണ്ടായിരുന്നു. ഇന്നിപ്പോൾ അതു മാറി. ഏതു പ്രസ്ഥാനത്തിനും ഒരു തകർച്ചയുണ്ട്. അതു മനസ്സിലാക്കുകയും സ്വയം നവീകരണത്തിലേക്കു നീങ്ങുകയുമാണു കോൺഗ്രസ് നേതൃത്വം ഇപ്പോൾ ചെയ്യേണ്ടത്. പുതിയ തലമുറയോട് പാർട്ടിയുടെ ചരിത്രത്തെക്കുറിച്ചു പറഞ്ഞിട്ടു കാര്യമില്ല. അവർ ഭാവിയിലേക്കാണു നോക്കുന്നത്. കോൺഗ്രസിന്റെ 136 വർഷത്തെ ചരിത്രത്തിന്റെ പേരിൽ ബോണസ് പിരിക്കുന്ന പണി ഇനി ചെലവാകില്ല. കോൺഗ്രസിന് ഭാവിയെ ലക്ഷ്യമിട്ട് എന്തു വാഗ്ദാനം നൽകാനാകുമെന്നാണവർ ചോദിക്കുന്നത്. നിങ്ങൾക്കു മുന്നോട്ടുവയ്ക്കാനുള്ള ബദൽ എന്തെന്ന ചോദ്യവുമുണ്ട്. അതിന്റെ ഉത്തരം ബിജെപി നയങ്ങളെ വിമർശിക്കൽ മാത്രമല്ല. അത്തരം നയങ്ങൾക്ക് ബദലായി എന്ത് മുന്നോട്ട് വയ്ക്കാൻ ഉണ്ടെന്ന തുറന്നുപറച്ചിലും ഉത്തരത്തിന്റെ ഭാഗമാണ്. രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നു.
സിപിഎം കേരളത്തിൽ നിലനിൽക്കുന്നത് കേഡർ പാർട്ടി ആയതുകൊണ്ടു മാത്രമല്ല; ശക്തമായ നേതൃത്വം ഉള്ളതുകൊണ്ടുമാണ്. കെ. കരുണാകരന് ശേഷം എല്ലാവരെയും ഒന്നിച്ചുകൊണ്ടുപോകുന്ന നയതന്ത്രം അറിയാവുന്നത് പിണറായി വിജയനാണെന്ന് കഴിഞ്ഞ ദിവസം പരസ്യമായി പറഞ്ഞത് കെ. മുരളീധരനാണ്. അതാവട്ടെ ബിഷപ്പിന്റെ പരാമർശം ഉയർത്തിയ വിവാദത്തിന്റെ പശ്ചാത്തലത്തിലും.

വാൽക്കഷണം:
കോൺഗ്രസ് സ്ഥിരമായി ജയിച്ചു കൊണ്ടിരിക്കുന്ന മണ്ഡലങ്ങൾ പരിശോധിച്ചാൽ ഒരു കാര്യം വ്യക്തമാകും. അവിടെ ആ നേതാക്കളെ കേന്ദ്രീകരിച്ചാണ് പാർട്ടി നിലനിൽക്കുന്നത്. പാർട്ടിയുടെ ബലത്തിലല്ല നേതാക്കൾ നിലനിൽക്കുന്നത്. വലിയ ഉദാഹരണങ്ങൾ വി.ഡി. സതീശന്റെയും കെ.സുധാകരന്റെയും ഒക്കെ മണ്ഡലങ്ങൾ തന്നെ. ഈ വിധം വ്യക്തികളെ മാത്രം ആശ്രയിച്ചു ഇനിയങ്ങോട്ട് നിലനിൽക്കാനാകില്ലെന്നതാണ് കഴിഞ്ഞ തിരഞ്ഞെടുപ്പു നൽകുന്ന പാഠം. കോൺഗ്രസിന് തന്നെയല്ല യുഡിഎഫ് മുന്നണിക്കു തന്നെയും. കെ.എം.മാണി ഇല്ലാതായപ്പോൾ പാലാ സീറ്റ് കൈവിട്ടത് സൂചനമാത്രം.

അതുകൊണ്ട്, ഇന്ത്യയിൽതന്നെ കോൺഗ്രസ് ഇനി ചിന്തിക്കേണ്ടത് 50 വർഷത്തെക്കുറിച്ചാണ്, 5 വർഷത്തെക്കുറിച്ചല്ല. അല്ലെങ്കിൽ ‘ഭാഗ്യമുണ്ടെങ്കിൽ’ മാത്രം വിജയിക്കാം എന്നതിലേക്ക് ചുരുങ്ങേണ്ടി വരും. ‘സമയം നന്നാവാൻ’ കാത്തിരിക്കേണ്ടിവരും. ‘കേഡർ’ പാർട്ടിക്ക് അതുമതിയെങ്കിൽ ഒന്നും പറയാനില്ല.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com