പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിനെ മൂന്നു ദിവസത്തേക്കു കൂടി െ്രെകംബ്രാഞ്ചിൻറെ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. ക്രൈംബ്രാഞ്ച് അന്വേഷിച്ചാൽ ഈ കേസ് എങ്ങും എത്താൻ പോകുന്നില്ല എന്നതാണ് ഇതിന്റെ ‘ഗുട്ടൻസ്’ എന്ന് മുൻ പോലീസ് മേധാവികൾ തന്നെ മുൻകൂറായി പറഞ്ഞിട്ടുള്ളതുകൊണ്ട് ജനത്തിന് ഇനി കൂടുതൽ ഞെട്ടാൻ തയ്യാറെടുക്കേണ്ടതില്ല. നല്ലൊരു ‘ചിരിപ്പട’മായി കണ്ട് ട്രോളുകൾ ആസ്വദിച്ച് തമാശ പറഞ്ഞ് ചിരിച്ചു മറക്കാം.
പെരുകുന്ന വ്യാജ ഡോക്ടർമാരെപ്പറ്റി ഈ പംക്തിയിൽ തന്നെ മുമ്പ് എഴുതിയിട്ടുണ്ട്. അതിലൊടുവിൽ പൊങ്ങിവന്ന തെളിവാണ് ഇത്. താൻ ഒരു ഡോക്ടറുമല്ല, കോസ്മറ്റോളജിസ്റ്റുമല്ല, ആകെ പഠിച്ചത് ബ്യൂട്ടീഷൻ കോഴ്‌സാണ്. ഇതുവെച്ചിട്ടാണ് ചികിത്സ നടത്തിയിരുന്നതെന്നും മോൻസൻ വ്യക്തമാക്കിയത്. മാർക്കറ്റിൽ ലഭ്യമാകുന്ന

വിവിധ മരുന്നുകൾ കൂട്ടിച്ചേർത്ത് പുതിയ മരുന്നെന്ന രീതിയിൽ ചികിത്സക്ക് വരുന്നവർക്ക് നൽകിയിട്ടുണ്ടെന്നും മോൻസൻ മൊഴി നൽകി. എല്ലാം തന്റെ ‘തള്ളു’മാത്രമായിരുന്നുവെന്ന് ‘നിഷ്‌കളങ്ക’മായി പറയുന്ന മോൻസൻ പക്ഷേ, രണ്ട് സിനിമാനടിമാരുടെ വിവാഹച്ചെലവുകൾ വരെ വഹിച്ചതായാണ് റിപ്പോർട്ട്. വിവാഹത്തിന് പുറമേ കൊച്ചിയിലെ പല പഞ്ചനക്ഷത്ര ഹോട്ടലുകളിലായി പല ഉന്നതരുടേയും പിറന്നാൾ ആഘോഷങ്ങളും പുതുവർഷാഘോഷങ്ങളും മോൻസൻ സ്വന്തം ചെലവിൽ സംഘടിപ്പിച്ചിട്ടുണ്ട്. പരിപാടികളിൽ സിനിമാതാരങ്ങളും പോലീസ് ഉന്നതരും പത്രക്കാരും എത്തിയിട്ടുണ്ട്. ലക്ഷക്കണക്കിന് രൂപയാണ് ഇത്തരത്തിൽ ആഘോഷ പരിപാടികൾക്കായി മോൻസൻ ചെലവാക്കിയത്. വജ്രവ്യാപാരി, അതീവ സുരക്ഷയിലുള്ള വിവിഐപി എന്നിങ്ങനെയാണ് പല ഹോട്ടലുകളിലും മോൻസൻ മാവുങ്കലിനെ കൂടെയുള്ളവർ അവതരിപ്പിച്ചിരുന്നത്. എല്ലാ രംഗത്തേയും പ്രമുഖരുമായും വിപുലമായ ബന്ധം സൂക്ഷിക്കാനായി പണം ധൂർത്തടിക്കുന്നതും ആർഭാടജീവിതം നയിക്കുന്നതുമായിരുന്നത്രെ മോൻസന്റെ രീതി.

അതേസമയം സംസ്ഥാനത്തിന് പുറത്ത് ഇയാൾക്ക് നിക്ഷേപമുണ്ടോ എന്ന് െ്രെകം ബ്രാഞ്ച് പരിശോധിച്ചുവരികയാണ്. 100 കോടി രൂപയെങ്കിലും പലയിടങ്ങളിലായി മോൻസൻ നിക്ഷേപിച്ചിട്ടുണ്ട് എന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.
ഏറ്റവും ഒടുവിലായി, മോൻസൻ മാവുങ്കലിൻറെ മ്യൂസിയത്തിലെ ശിൽപ്പങ്ങളും വിഗ്രഹങ്ങളും പിടിച്ചെടുത്തു. മോൻസന് ശിൽപി സുരേഷ് നൽകിയ എട്ട് ശിൽപ്പങ്ങളും വിഗ്രഹങ്ങളും വിഷ്ണുവിൻറെ വിശ്വരൂപം അടക്കമുള്ളവയാണ് പിടിച്ചെടുത്തത്. ശിൽപി സുരേഷിൻറെ പരാതിയിലായിരുന്നു പരിശോധന. 80 ലക്ഷം രൂപ മോൻസൻ വാഗ്ദാനം ചെയ്തിരുന്നുവെന്നും ഏഴ് ലക്ഷം രൂപ മാത്രമാണ് തനിക്ക് ലഭിച്ചതെന്നും സുരേഷ് പരാതിയിൽ പറയുന്നു. ഇതുകൂടാതെ, മോൻസൻ മാവുങ്കലിനെതിരേ നിലവിലുള്ളത് ആറ് കേസുകൾ മാത്രം. ഒരാഴ്ച മുമ്പ് വരെ രണ്ടു കേസുകൾ മാത്രമാണ് രജിസ്റ്റർ ചെയ്തിരുന്നത്. യാക്കൂബ് പുറായിൽ അടക്കമുള്ള ആറുപേരെ ചതിച്ച് 10 കോടി രൂപ തട്ടിയെടുത്തതാണ് ഒരു കേസ്. പുരാവസ്തു വിറ്റവകയിൽ 2,62,600 കോടി അക്കൗണ്ടിൽ വന്നുകിടപ്പുണ്ടെന്നും ഇത് ആർ.ബി.ഐ. തടഞ്ഞുവെച്ചിരിക്കുകയാണെന്നും തുക റിലീസ് ചെയ്തു കിട്ടാൻ സഹായിക്കണമെന്നും പറഞ്ഞാണ് പണം തട്ടിയത്.
മധ്യപ്രദേശ് സർക്കാരിന്റെ കീഴിൽ വയനാട്ടിലുള്ള 500 ഏക്കർ കാപ്പിത്തോട്ടം ലീസിന് വാങ്ങിക്കൊടുക്കാമെന്നു പറഞ്ഞ് പത്തനംതിട്ട സ്വദേശി രാജീവിൽ നിന്ന് 1.62 കോടി രൂപ തട്ടിയെടുത്തതാണ് രണ്ടാമത്തെ കേസ്. ഇതു കൂടാതെ, ‘സംസ്‌കാര ടി.വി.’യുടെ പേരുപറഞ്ഞ് തട്ടിപ്പ് നടത്തിയ പരാതിയിലും വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച കേസിലെ ഇരയെ ഹണി ട്രാപ്പിൽ കുടുക്കുമെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തിയ പരാതിയിലും കേസ് എടുത്തിട്ടുണ്ട്. കേസിൽനിന്ന് പിന്മാറിയില്ലെങ്കിൽ നഗ്‌നദൃശ്യങ്ങൾ സമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണി.
ശ്രീവത്സം ഗ്രൂപ്പ് ഉടമ രാജേന്ദ്രൻപിള്ളയെ തട്ടിച്ച് 6.27 കോടി രൂപ തട്ടിയെടുത്തെന്ന പരാതിയിൽ പന്തളം പൊലീസ് സ്‌റ്റേഷനിൽ ഒരു കേസ് മോൻസണെതിരേ നേരത്തെ രജിസ്റ്റർ ചെയ്തിരുന്നു. വിദേശത്തു പുരാവസ്തു വിറ്റ വകയിൽ 2,62,600 കോടി രൂപ കിട്ടാനുണ്ടെന്നും വിദേശനാണയ വിനിമയച്ചട്ടം മറികടക്കാൻ പണമാവശ്യമുണ്ടെന്നും പറഞ്ഞാണു ശ്രീവത്സം ഗ്രൂപ്പിൽനിന്നു പണം വാങ്ങിയത്. ഇതായിരുന്നു ആദ്യത്തേത്. മോൻസന്റെ ‘ഉന്നതതല പിടിപാടു’കാരണം അതൊന്നും വേണ്ടത്ര ക്ലെച്ച് പിടിച്ചില്ല. തന്നെയല്ല, പിന്നീട് മോൻസൻ നൽകിയ പരാതിയിൽ രാജേന്ദ്രൻ പിള്ളയ്‌ക്കെതിരേ ചേർത്തല പൊലീസ് കേസെടുത്തു താനും.
ഇതോടെ അവർ മോൻസനുമായി സൗഹൃദം പിരിഞ്ഞ ഇറ്റാലിയൻ പ്രവാസിയായ യുവതിയുടെ സഹായം തേടി, അവരിലൂടെ മറ്റ് പുതിയ പരാതിക്കാരെയും കോ ഓർഡിനേറ്റ് ചെയ്യുകയായിരുന്നുവത്രെ. മോൻസണുമായി ആദ്യം അടുത്ത സൗഹൃദമായിരുന്നു ഇറ്റാലിയൻ പ്രവാസിയായ യുവതിക്ക്. കേരള പോലീസിലെ ഉന്നതരുമായും രാഷ്ട്രീയ പ്രമുഖരുമായും ഇവർ അടുത്ത ബന്ധം സ്ഥാപിച്ചിരുന്നു. സൈബർ സുരക്ഷയ്ക്കായി കൊച്ചിയിൽ പോലീസ് നടത്തിയ ‘കൊക്കൂൺ’ സമ്മേളനത്തിലും ലോക കേരളസഭയുടെ പരിപാടിയിലുമെല്ലാം ഇവർ പ്രതിനിധിയായി പങ്കെടുത്തിരുന്നു. പല പരിപാടികളുടെയും പ്രധാന പങ്കാളി മോൻസന്റെ കമ്പനിയായിരുന്നു. ഈ ബന്ധം ഉപയോഗിച്ചാണ് പലരേയും മോൻസൺ തട്ടിപ്പിൽ വീഴിത്തിയത്. മോൻസണും യുവതിയും എന്തിനാണ്, എപ്പോഴാണ് തെറ്റിയതെന്നു വ്യക്തമല്ല. എങ്കിലും സാമ്പത്തിക തർക്കങ്ങൾക്കപ്പുറം മോൻസന്റെ സൗന്ദര്യവർധകചികിത്സയുമായിബന്ധമുള്ള മറ്റൊരു യുവതിയും മോൻസണുമായി അടുപ്പമുണ്ടായിരുന്ന ഈ ഇറ്റാലിയൻ പ്രവാസിയായ യുവതിയും തമ്മിലുണ്ടായ പ്രശ്‌നമാണ് തട്ടിപ്പു പുറത്തറിയുന്നതിലേക്കു നയിച്ചതെന്നു സൂചനയുണ്ട്. ചികിത്സയുമായി ബന്ധമുള്ള യുവതി മോൻസന്റെ മാനേജർ എന്ന നിലയിലേക്ക് വളർന്നതോടെ രണ്ടു വനിതകളും തമ്മിൽ കലഹമാവുകയായിരുന്നുവത്രെ.
ഇതിനിടെ പുരാവസ്തു വിൽപ്പനയുടെ മറവിൽ മോൻസൺ മാവുങ്കൽ വൻതോതിൽ കള്ളപ്പണം വെളുപ്പിച്ചെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) വിലയിരുത്തൽ. സമാന്തരമായി ഇ.ഡി. പിടിമുറുക്കുന്നു; എന്നാണ് പുറത്തുവരുന്ന മറ്റൊരു റിപ്പോർട്ട്. നാട്ടിലെ പ്രമുഖരുടെ കള്ളപ്പണം പുരാവസ്തുവാക്കിയാണു മോൻസൺ വിദേശത്തേക്കു കടത്തിയിരുന്നത്. ഈ പണം ഗൾഫ് നാടുകളിലും മറ്റും ബിസിനസിൽ മുതൽമുടക്കി. വിദേശിക്കു വൻതുകയ്ക്കു പുരാവസ്തു നൽകിയെന്നു പറഞ്ഞ് അവിടെനിന്നു നാട്ടിലേക്കു പണം അയപ്പിക്കുകയാണു ചെയ്തിരുന്നതത്രെ. ഒന്നും മോൻസന്റെഅക്കൗണ്ടിലേ ക്കല്ല, മറ്റു പലരുടെയും അക്കൗണ്ടിലേക്കു വിദേശത്തുനിന്നു പണം വരുത്തുകയായിരുന്നെന്നും ഇ.ഡി. നിഗമനം. പുരാവസ്തുവിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കുന്നതിന്റെ ഇടനിലക്കാരനായിരുന്നു മോൻസണെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തൽ. പുരാവസ്തുനൽകി കബളിപ്പിച്ചെന്ന പരാതിയില്ലാത്തതു കള്ളപ്പണ ഇടപാടായതിനാലാണ്. 20,000 കോടി രൂപയുടെ വൻ ഹവാല ഇടപാടാണു മോൺസൺ പദ്ധതിയിട്ടിരുന്നതെന്നും ഇ.ഡി. കരുതുന്നു. ഇക്കാര്യം വിശ്വസിച്ചാണു നാട്ടിലെ ഇടപാടുകാരിൽനിന്നു പണം വാങ്ങിയത്. കൊവിഡ് കാലത്ത് പലതും ‘വർക്കൗട്ടായില്ല’ എന്നുമാത്രം. പുരാവസ്തുവിനു നിശ്ചിത വിലയില്ലാത്തതിനാൽ മോൻസൺ പറയുന്നതായിരുന്നു വില. 1000 രൂപപോലുമില്ലാത്ത വ്യാജപുരാവസ്തുക്കൾ ലക്ഷങ്ങൾക്കാണു ‘വിറ്റു’ ഇങ്ങനെ ലഭിച്ച കള്ളപ്പണമാണു മോൻസൺ വെളുപ്പിച്ചത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. എന്നാലിതിനൊന്നും ഇ.ഡിക്ക് വേണ്ടത്ര തെളിവില്ല.
വാൽക്കഷണം
പരാതിക്കാർ മിക്കവരും തന്നെ കള്ളപ്പണ ത്തിന്റെ ‘ഹോൾസെയിലേഴ്‌സ്’ ആണെന്നതാണ് വസ്തുത. അതുകൊണ്ടുതന്നെ ഇവരുടെയിടയിലെ ഡീലിനെപ്പറ്റിയോ പങ്കാളികളെപ്പറ്റിയോ പൂർണമായി വെളിവാക്കിയിട്ടില്ലതാനും. നഷ്ടമായ കാശു തിരിച്ചുപിടിക്കുകയല്ല ഇവരിൽ പ്രധാനികളുടെ ലക്ഷ്യവും.
മോൻസന്റെ തട്ടിപ്പ് കേസ്സും വൈകാതെ ഒരു പുരാവസ്തു.