ജെയിംസ് കൂടൽ

ആത്മധൈര്യത്തിന്റേ പേരാണ് ഇനി ബാബു, ഈ ദിവസം ബാബുവിന്റേതാണ്… കരം പിടിക്കാന്‍ രാജ്യം ഒന്നടങ്കമെത്തി. ഇന്ത്യന്‍ രക്ഷാദൗത്യങ്ങളിലെ ചരിത്ര അധ്യായം കൂടിയാണിത്.

ബാബു നമുക്ക് പകരുന്ന സന്ദേശം എന്താണ്?
മലമ്പുഴയില്‍ മല കയറുന്നതിന് ഇടയിലാണ് കാല്‍ വഴുതിവീണ് ബാബുവെന്ന ഇരുപത്തി മൂന്നുകാരന്‍ പാറയിടുക്കില്‍ കുടുങ്ങുന്നത്. വീഴ്ചയില്‍ കാലിന് പരിക്കേറ്റെങ്കിലും ബാബു ആത്മധൈര്യം കൈവിട്ടില്ല. പ്രതിസന്ധിയില്‍ തളരാതെ മുന്നോട്ടുള്ള തിരിച്ചു പോക്കിന് വഴിതേടി. മൊബൈലില്‍ തന്റെ ചിത്രം പകര്‍ത്തി സുഹൃത്തുക്കള്‍ക്കും പൊലീസിനും അയച്ചു. അങ്ങനെ ബാബു കുടങ്ങി കിടക്കുന്ന വിവരം ലോകം അറിഞ്ഞു. രക്ഷാപ്രവര്‍ത്തകരുടെ ശ്രദ്ധ നേടാനായി ഷര്‍ട്ടുയര്‍ത്തി കാണിച്ചും രാത്രിയില്‍ മൊബൈല്‍ ഫോണ്‍ ഫ്‌ളാഷ് തെളിയിച്ചും സാന്നിധ്യം അറിയിച്ചു.
പാറയിടുക്കില്‍ അത്ര സുരക്ഷിതമല്ലെങ്കിലും ആത്മധൈര്യം ചോരാതെ ബാബു സുരക്ഷിതനായി ഇരുന്നു. തുടര്‍ച്ചയായ 40 മണിക്കൂര്‍ ഭക്ഷണവും വെള്ളവും ഇല്ല. ശരീരം ക്ഷീണിക്കുമ്പോഴും ബാബു പ്രതികരിച്ചുകൊണ്ടിരുന്നു. പകല്‍ അസഹനീയമായചൂടും രാത്രി വലിയ തണുപ്പും… ഒന്നുറങ്ങി പോയാല്‍, കാലൊന്നു വഴുതിയാല്‍ ചിലപ്പോള്‍ മരണംപോലും സംഭവിച്ചേക്കാം.
ബാബുവിന്റെ ആത്മബലത്തെ പ്രശംസിക്കാതെ വയ്യ. പ്രതിസന്ധികളില്‍ തളരുന്നവര്‍ക്കുള്ള മാതൃകകൂടിയാണ് ബാബു. ഒപ്പം സാഹസികയാത്രകള്‍ നടത്തുന്നവര്‍ക്കുള്ള സൂചനയും…
ഇനി ബാബുവിനെ വിമര്‍ശിക്കുന്നവരോട്… ബാബു നടന്നു കയറിയത് ഉയരമുള്ള അവന്റെ സ്വപ്‌നങ്ങളിലേക്കാണ്, ആത്മധൈര്യമുള്ള ബാബു തന്റെ യാത്രകള്‍ തുടരട്ടെ.. താങ്ങായി ഒരു രാജ്യം തന്നെ കൂട്ടായുണ്ട്.