കൊണ്ടും കൊടുത്തും ചിലതൊക്കെ ഒതുക്കിയും പറഞ്ഞാല്‍ ഇനി അതിനെ കേരള ഗവര്‍ണര്‍ എന്ന് ചുരുക്കി പറഞ്ഞാലും തെറ്റൊന്നും പറയാന്‍ പറ്റില്ല. അത്രമേല്‍ ഭരണപക്ഷത്തെ ഇടയ്‌ക്കൊക്കെ ‘ക്ഷ’ വരപ്പിക്കുന്നുണ്ട് നമ്മുടെ ഗവര്‍ണര്‍. ചിലപ്പോഴാകട്ടെ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കാനുള്ള എല്ലാ രസക്കൂട്ടുകളും തയാറാക്കി വയ്ക്കും. ഇപ്പോ തന്നെ കാണിച്ചു കളയും എന്ന ഭാവത്തില്‍ ഗവര്‍ണര്‍ എത്തിയാലും പൂച്ചക്കുട്ടിയെപോലെ പമ്മി ഒരു പോക്കങ്ങ് പോകും. ഇതെന്താ ഈ ഗവര്‍ണര്‍ ഇങ്ങനെ എന്ന് ചിന്തിച്ചാലും കുറ്റം പറയാന്‍ പറ്റില്ല. ചിലപ്പോഴൊക്കെ തന്റെ രാഷ്ട്രീയം അറിയാതെ തികട്ടി വന്നാലും മാന്യമായി നിശബ്ദത പാലിക്കാനുള്ള മര്യാദയും നമ്മുടെ ഗവര്‍ണറിനറിയാം.

എന്തായാലും ഗവര്‍ണര്‍ പുതുതായി ഉന്നയിച്ച വിഷയം കുറച്ച് ഗൗരവമുള്ളതാണ്. മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫുകളുടെ നിയമനവുമായി ബന്ധപ്പെട്ടുള്ള വിവാദം മുടിയ്ക്കുന്നത് നമ്മുടെ ഖജനാവുകൂടിയാണ്. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് കിട്ടുന്ന അലങ്കാരപദവിയും സാമ്പത്തിക ഭദ്രതയും മാത്രമായി പേഴ്‌സണല്‍ സ്റ്റാഫ് നിയമനം മാറുന്നത് കൈകെട്ടി കണ്ടു നില്‍ക്കാന്‍ നമുക്കെങ്ങനെയാണ് കഴിയുക. രണ്ടര കൊല്ലം പേഴ്‌സണല്‍ സ്റ്റാഫായി ഇരുന്നാല്‍ പെന്‍ഷനും കിട്ടുമെന്ന് വന്നതോടെ ഇത് പലര്‍ക്കും നേട്ടമായി. അതോടെ മന്ത്രിമാര്‍ പരസ്പര സഹായ സഹകരണത്തിന്റെ ഭാഗമായി അഞ്ച് കൊല്ലത്തിനിടയില്‍ രണ്ടുപേരെ വരെ സ്റ്റാഫില്‍ എത്തിച്ചു. ഓരോ മന്ത്രിസഭ കഴിയുമ്പോഴും എത്ര രൂപയാണ് പെന്‍ഷന്‍ ഇനത്തില്‍ ചെലവാകാന്‍ പോകുന്നതെന്ന് ചിന്തിച്ചാല്‍ കളികള്‍ മനസ്സിലാകും. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 155 കോടി രൂപ പേഴ്‌സണല്‍ സ്റ്റാഫിന്റെ ശമ്പളത്തിന് മാത്രം ചെലവായിയത്രെ. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന നമ്മുടെ ഖജനാവ് കാലിയാക്കാതെ നോക്കാന്‍ ചില നിയന്ത്രണങ്ങളൊക്കെ നല്ലതാണ്. അതില്‍ ചില അനാവശ്യ നിയമനങ്ങള്‍ പിന്‍വലിക്കുക എന്നതാണ് പ്രധാനം. അര്‍ഹത ഇല്ലാതെ പെന്‍ഷന്‍ വാങ്ങുന്ന ഇത്തരം സ്റ്റാഫുകള്‍ക്കെതിരെ തെരുവിലിറങ്ങേണ്ടത് ജനങ്ങളാണ്.

വാരിക്കോരിയുള്ള പാര്‍ട്ടി സ്‌നേഹത്തോടൊപ്പം ഇവരുടെ ശമ്പളം കുത്തനെ വര്‍ധിപ്പിക്കുകയും ചെയ്തു. കേന്ദ്രമന്ത്രിസഭയ്ക്കുപോലും അവകാശപ്പെടാന്‍ കഴിയാത്ത ചരിത്രനേട്ടമാണ് നമ്മള്‍ പേഴ്‌സണല്‍ സ്റ്റാഫ് നിയമനത്തിലൂടെ നേടിയിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം. പേഴ്‌സണല്‍ സ്റ്റാഫ് നിയമനത്തില്‍ ഇടതും വലതുമെല്ലാം ഫലത്തില്‍ ഒരുപോലെയാണ്. അതുകൊണ്ടാണല്ലോ എല്ലാ നേതാക്കളും ഐക്യത്തോടെ ഗവര്‍ണറെ തള്ളിപ്പറയാന്‍ മത്സരിക്കുന്നത്. ഭരണപക്ഷത്തെ എടുത്തിട്ടലക്കാന്‍ കിട്ടിയ ചാന്‍സായിട്ടും എന്തുകൊണ്ടാണ് പ്രതിപക്ഷം ഈ വിഷയത്തില്‍ മൗനം തുടരുന്നതെന്ന് ഇപ്പോള്‍ മനസ്സിലായി കാണുമല്ലോ. എത്രയെത്ര സമരങ്ങളും അടിപിടിയും ലാത്തിചാര്‍ജുമാണ് നമുക്ക് നഷ്ടമായത്….
പേഴ്‌സണല്‍ സ്റ്റാഫുകള്‍ മന്ത്രിമാര്‍ക്ക് വേണ്ട എന്നല്ല, പക്ഷെ എന്തിനാണ് ഇല്ലാത്ത ആനുകൂല്യങ്ങളും താങ്ങാനാകാത്ത ശമ്പളവും നല്‍കി ഇവരെ ഖജനാവ് കാലിയാക്കാന്‍ അനുവദിക്കുന്നത്. രണ്ടരകൊല്ലത്തെ സര്‍വീസിന്റെ പേരില്‍ ഇവര്‍ക്ക് എന്തിനാണ് പെന്‍ഷന്‍ അനുവദിച്ചു നല്‍കുന്നത്? സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും ഡെപ്യൂട്ടേഷനില്‍ ആളെ നിയമിക്കട്ടെ, അതിനൊരു മാന്യത എങ്കിലും ഉണ്ട്. കുറഞ്ഞപക്ഷം അഞ്ചുവര്‍ഷത്തിനിടയില്‍ രണ്ട് സ്റ്റാഫുകളെ നിയമിക്കുന്ന കലാപരിപാടിയെങ്കിലും നമ്മുടെ മന്ത്രിമാര്‍ വേണ്ടെന്ന് വയ്ക്കണം. അനാവശ്യമായി അനുവദിച്ചു നല്‍കുന്ന ആനുകൂല്യങ്ങളും പെന്‍ഷനും പിന്‍വലിക്കണം. പാര്‍ട്ടി പ്രവര്‍ത്തകരെ സംരക്ഷിക്കാനുള്ളതല്ല കേരളത്തിന്റെ ഖജനാവിലെ പണം.
ഇനി നമ്മുടെ ഗവര്‍ണറുടെ കളിയാണ് കാണേണ്ടത്. പതിവുപോലെ ഗവര്‍ണര്‍ സാറും വിഷയം ഉന്നയിച്ച് അടിപിടിയാക്കിയ ശേഷം നിശബ്ദനാകാതെ ഇരുന്നാല്‍ ഭാഗ്യം….
ജനാധിപത്യം ജയിക്കട്ടെ…