THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Saturday, June 3, 2023

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news 'അരുതേ….മൂന്നാം ലോകമഹായുദ്ധം' ജെയിംസ് കൂടൽ എഴുതുന്നു

‘അരുതേ….മൂന്നാം ലോകമഹായുദ്ധം’ ജെയിംസ് കൂടൽ എഴുതുന്നു

ടോൾസ്റ്റോയിയുടെ വിശ്വസാഹിത്യമായ യുദ്ധവും സമാധാനവും പിറന്ന ഭൂമികയിൽ വീണ്ടും മിസൈലുകളുടെയും റോക്കറ്റുകളുടെയും സഞ്ചാരം നിലവിളിക്കും ആർത്തനാദങ്ങൾക്കും വഴിയൊരുക്കുമ്പോൾലോകം മറ്റൊരു ഭയപ്പാടിലാണ്. മൂന്നാംലോക മഹായുദ്ധത്തിലേക്ക് വഴിനടക്കുമോയെന്ന ഭയാശങ്കയിലാണ് രാജ്യങ്ങൾ. കരുതലോടെ നീങ്ങിയില്ലെങ്കിൽ കൊവിഡ് തകർത്ത നഷ്ടങ്ങൾക്ക് മേൽ മറ്റൊരു തീമഴ പെയ്യുമെന്ന ഭയപ്പാട്‌ലോകസമൂഹത്തിന്‌മേലുണ്ട്. ഇതൊക്കെയാകാം ഉക്രയിന്റെ വിലാപങ്ങൾ കേട്ടില്ലെന്ന് നടിക്കാൻ നാറ്റൊ രാജ്യങ്ങളെ പ്രേരിപ്പിക്കുന്നത്. ഉക്രയിനെ റഷ്യ ആക്രമിച്ചാൽ ഇടപെടുമെന്നും സൈന്യത്തെ ഉപയോഗിച്ച് നേരിടുമെന്നും പറഞ്ഞ അമേരിക്ക അദൃശ്യമായപോരാട്ടം മാത്രമാണ് നടത്തുന്നത്. സാമ്പത്തിക ഉപരോധം ഏർപ്പെടുത്തുകയല്ലാതെ മറ്റൊരുതരത്തിലുമുള്ള സൈന്യകപിന്തുണയും അമേരിക്ക പ്രഖ്യാപിച്ചിട്ടില്ല. ഇന്ത്യയും എങ്ങുംതൊടാത്ത സമീപനമാണ് പുലർത്തുന്നത്. നാറ്റൊയിൽ പ്രതീക്ഷവച്ചു പുലർത്തിയ ഉക്രയിൻ അക്ഷരാർത്ഥത്തിൽ ഒറ്റപ്പെട്ട അവസ്ഥയിലുമായി കാര്യങ്ങൾ. യുക്രയിൻ തലസ്ഥാനമായ കീവിവരെ റഷ്യയുടെ നിയന്ത്രണത്തിലായിട്ടും സഹായവുമായി ഒരു സഖ്യരാഷ്ട്രവും രംഗത്തില്ലായെന്നത്‌ ലോകത്തിന്റെ ഭയപ്പാടിന് തെളിവാണ്.

adpost

റഷ്യൻ സൈന്യത്തെ തടയാൻ ശ്രമിക്കുന്നവർക്ക് തക്കതായ മറുപടി നൽകുമെന്നും ഇടപെട്ടാൽ ഇതുവരെ കാണാത്ത തരത്തിൽ തിരിച്ചടിയുണ്ടാകുമെന്നും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമർ പുട്ടിൻ പ്രഖ്യാപനം നടത്തിയത് ഭീഷണിയുടെ സ്വരത്തിലായിരുന്നു.

adpost

പുട്ടിൻ രാജ്യത്തെ അഭിസംബോധന ചെയ്തതിനുശേഷമാണ് യുക്രൈനിലേക്ക് സൈനിക നടപടി ആരംഭിച്ചത്. 1991ൽ റഷ്യയിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ച് ഉക്രൈയിനിൽ ഒരു പ്രത്യേക സൈനിക നടപടി ആവശ്യമായിരിക്കുന്നുവെന്നാണ് റഷ്യയുടെ വിശദീകരണം. രണ്ട് ലക്ഷം സൈനികരെ വിന്യസിച്ചു കൊണ്ട് വിമതപ്രവിശ്യകളിൽ കടന്നു സൈന്യം മുന്നേറുകയായിരുന്നു. ലോകം യുദ്ധ കാഹളം അറിഞ്ഞെങ്കിലും നിശബ്ദതപാലിച്ചത് പുട്ടിന് കാര്യങ്ങൾ എളുപ്പമാക്കി.

ഉക്രൈൻ തലസ്ഥാനമായ ക്രീവിൽ സ്‌ഫോടനശബ്ദംകേട്ടതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നതോടെ കൂട്ടപാലയനവും ആരംഭിച്ചു. സർവ്വശക്തിയും ഉപയോഗിച്ച് റഷ്യയെ പ്രതിരോധിക്കുമെന്ന് യുക്രൈൻ പ്രസിഡന്റ് സെലൻസ്‌കിനേരത്തെ പ്രഖ്യാപിച്ചിരുന്നു. ലോകത്തെ പ്രധാനപ്പെട്ടസൈനിക ശക്തികളിലൊന്നായ റഷ്യയെനേരിടാൻ ഉക്രൈന് സജ്ജമല്ല. അമേരിക്കയും നാറ്റോയും മാത്രമാണ് ഉക്രൈയിന് മുന്നിലുള്ള അഭയം. ഇവർ സ്വീകരിക്കുന്ന നിലപാടായിരിക്കും ഈ ചെറുരാജ്യത്തിന്റെ ഭാവി നിർണയിക്കുക. റഷ്യയുടെ സൈനിക നടപടിയോടെ യൂറോപ്പാകെ യുദ്ധഭീതി നിഴലിച്ചിരിക്കുകയാണ്.

യുദ്ധം സ്വാതന്ത്ര്യമോ ?

ലുഹാൻസ്‌ക്,ഡോൻസ്‌ക് എന്നീ വിമത പ്രവിശ്യകളുടെ സ്വാതന്ത്ര്യമാണ് റഷ്യയുടെ സൈനിക നീക്കത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ലാഡിമിർ പുട്ടിൻനേരത്തെ പ്രഖ്യാപനം നടത്തിയിരുന്നു. ഈ
രണ്ട് പ്രവിശ്യകളെയും ഉക്രൈന്റെ ഭാഗമായി റഷ്യ കണക്കാക്കുന്നില്ല. ഇവിടെ സൈന്യത്തെ അയയ്ക്കുന്നത് സമാധാനം ഉറപ്പിക്കാനാണ് എന്നും പുഡിൻ പറഞ്ഞിരുന്നു. റഷ്യയുടെ നീക്കം അംഗീകരിക്കില്ലെന്നും ഉക്രൈന്റെ ഭൂമിശാസ്ത്രപരമായ അതിരുകൾ മാറില്ലെന്നും ഉക്രൈൻ പ്രസിഡന്റ് വ്‌ലാദിമിർ സെലിൻസ്‌കി പറഞ്ഞതും ചെറുത്തുനിൽപ്പിന്റെ സൂചനയാകുന്നു. എന്നാൽ ഇതിനെ ആശങ്കയുണ്ടാക്കുന്ന പ്രഖ്യാപനം എന്നായിരുന്നു ഐക്യരാഷ്ട്ര സഭമേധാവി അന്റോണിയോ ഗുട്ടട്രസിന്റെ പ്രതികരണം.

പൗരൻമാർക്ക് ആയുധം നൽകാനും ഉക്രൈൻ തയ്യാറായിരിക്കുകയാണ്. അവസാനവട്ട പ്രതിരോധം എന്ന നിലയിൽ ആയുധം ആവശ്യമുള്ളവർക്ക് എല്ലാം യഥേഷ്ടം ആയുധം കൈകാര്യം ചെയ്യാനും യുക്രൈയിൻ അനുമതി നൽകിയിട്ടുണ്ട്. രാജ്യത്തെ ഇരുപതിനും അറുപതിനും ഇടയിൽ പ്രായമുള്ളവർ രാജ്യം വിട്ടുപോകരുതെന്നും കർശനമായ നിർദേശം ഉണ്ട്. എങ്ങനെയും പ്രതിരോധം ഒരുക്കി പിടിച്ചുനിൽക്കുകയെന്ന തന്ത്രമാണ് യുക്രയിൽ പയറ്റുന്നത്.

ഇന്ത്യയ്ക്കും ക്ഷീണം, കരുതലോടെ നീക്കം

യൂറോപ്യൻ രാജ്യങ്ങളിലായി 60 ലക്ഷം ഇന്ത്യക്കാർ ജീവിക്കുന്നുവെന്നാണ് കണക്ക്. ഉക്രൈനിൽ വിദ്യാർഥികൾ അടക്കം കാൽ ലക്ഷംപേർ. മെഡിസിൻ വിദ്യാർത്ഥികളടക്കംകേരളത്തിൽ നിന്നുള്ളവരുമുണ്ട്. ഇന്ത്യയുടെ വലിയ വ്യാപാരകേന്ദ്രവും യൂറോപ്യൻ യൂണിയൻ ആണ്. ഇന്ത്യയും റഷ്യയും തമ്മിലുള്ള വ്യാപാരം വർഷത്തിൽ 800കോടിഡോളറിന്റേതാണ്. യുദ്ധം തുടർന്നാൽ റഷ്യക്ക്‌മേൽ വിവിധ തരത്തിലുള്ള ആഗോള ഉപരോധം ഉണ്ടാകും. അത് ഇന്ത്യക്കും തിരിച്ചടിയാകും. യൂറോപ്പ് യുദ്ധമേഖലയായി തുടരുന്നത് ലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ സുരക്ഷയ്ക്ക് ഭീഷണിയാകും. തൊഴിലും പ്രശ്‌നമുണ്ടാകും. എല്ലാം ന്ഷടമായി ആയിരങ്ങൾക്ക് ഇന്ത്യയിലേക്ക് മടങ്ങേണ്ടിയും വരും.

യുദ്ധ സാഹചര്യത്തിൽ ആഗോള സാമ്പത്തികമേഖലയിൽ വൻ മാന്ദ്യമുണ്ടാകും. ഇന്ത്യയിൽ പെട്രോൽ, ഡീസൽ, പാചകവാതക വില ഗണ്യമായി കൂടും. സ്വർണവിലയിലും കുതിച്ചു കയറ്റം പ്രതിഫലിക്കും. ആഗോളഓഹരി വിപണിയിലെ കനത്ത ഇടിവും തിരിച്ചടിയാകും.

എണ്ണവില ബാരലിന് നൂറുഡോളർറിൽ കൂടുതലായത് റഷ്യയുടെ മിസൈൽ വർഷത്തിനു പിന്നാലെയാണെന്ന കാര്യം ഒരു ഓർമ്മപ്പെടുത്തലാണ്. യുദ്ധവാർത്തകൾക്ക് പിന്നാലെ ഓഹരി വിപണി ഇടിഞ്ഞത് ഇതിനു സൂചനയാണ്.

രക്ഷയ്ക്ക് സമാധാന ശ്രമങ്ങൾ മാത്രം
യുദ്ധംവേണ്ടെന്ന് ആഗ്രഹിക്കുന്ന യൂറോപ്യൻ രാജ്യങ്ങളിലാണ് ഇനിയുള്ള പ്രതീക്ഷ. യുക്രൈയിനിലെ റഷ്യയുടെ സൈനിക നടപടി റഷ്യ യൂറോപ്പ് യുദ്ധമായി പടർന്നാൽ ആഘാതം അതിരൂക്ഷമാകും. ജർമ്മനി സമാധാന ശ്രമത്തിനായി ശബ്ദം ഉയർത്തുന്നത് ഇതു മുന്നിൽ കണ്ടുകൊണ്ടാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com