THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Friday, January 28, 2022

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news 'സീനിയർ നേതാക്കൾ ഗ്രൂപ്പു രാഷ്ട്രീയം അവസാനിപ്പിക്കട്ടെ: കോൺഗ്രസ് പുനർജനിക്കട്ടെ'... ജെയിംസ് കൂടൽ എഴുതുന്നു

‘സീനിയർ നേതാക്കൾ ഗ്രൂപ്പു രാഷ്ട്രീയം അവസാനിപ്പിക്കട്ടെ: കോൺഗ്രസ് പുനർജനിക്കട്ടെ’… ജെയിംസ് കൂടൽ എഴുതുന്നു

ഗ്രൂപ്പിസവും തമ്മിലടിയും കേരളത്തിലെ കോൺഗ്രസിൽ പുതിയ കാര്യമല്ല. ഏറ്റവും ഒടുവിലായ് കളം നിറയുന്നത് ഡി.സി.സി സ്ഥാനം വീതം വയ്പ്പിനു ശേഷമുള്ള കലാപങ്ങളാണ്. ഗ്രൂപ്പുകളും നേതാക്കന്മാരുമൊക്കെ പ്രതിഷേധ കൊടി ഉയർത്തി ഇരുവശങ്ങളിലായ് അണിനിരന്നു. പരസ്പരം ചെളിവാരിയെറിഞ്ഞും ഇല്ലാക്കഥകൾ സൃഷ്ടിച്ചും കേമൻമാരായി. പാർട്ടി സംരക്ഷകർ ഗ്രൂപ്പുതൽപരർ മാത്രമായി. പെട്ടു പോയതോ, പാവം അണികളും! എത്ര നാൾ ഇങ്ങനെ? പാർട്ടിയുടെ അടിവേരു പോലും ആഴത്തിൽ മുറിവേറ്റു എന്നറിഞ്ഞിട്ടും എന്തേ നശിച്ച ഗ്രൂപ്പ് രാഷ്ട്രീയത്തിനു മാത്രം അവസാനമില്ല? കോൺഗ്രസുകാർ ആദ്യം നന്നാക്കേണ്ടതു ഗ്രൂപ്പ് സമവാക്യങ്ങൾ മുഴക്കുന്ന കള്ളനാണയങ്ങളെ മാത്രമാണ്.

ദേശീയതയും മൂല്യങ്ങളും എക്കാലവും മുറുകെ പിടിച്ച പ്രസ്ഥാനം. ഇന്ത്യയുടെ വളർച്ചയും വികാസവുമൊക്കെ കോൺഗ്രസ് നേതാക്കൻമാർ നയിച്ച പാതകളിലായിരുന്നു. ഇത്രയേറെ പാരമ്പര്യവും കാഴ്ചപ്പാടുകളും ഉണ്ടായിട്ടും കോൺഗ്രസിൻ്റെ പതനം എവിടെ നിന്നായിരുന്നു? തുടർച്ചയായ പരാജയങ്ങൾ, നേതാക്കളുടെ കൂറുമാറ്റം, പുതിയ തലമുറയുടെ തള്ളിക്കയറ്റത്തിലുണ്ടാകുന്ന ഇടിവ്… ഇതൊക്കെ നൽകുന്ന ദു:സൂചനകൾ നേതാക്കൾ എന്തേ അറിയാതെ പോകുന്നു? കേരളത്തിലെ കോൺഗ്രസിൻ്റെ രാഷ്ട്രീയ ചരിത്രത്തിലെ നാണംകെട്ട അധ്യായങ്ങൾക്കാണ് ഈ കാലഘട്ടം സാക്ഷ്യം വഹിക്കുന്നത്. പ്രസ്ഥാനത്തേക്കാൾ വളർന്ന ഗ്രൂപ്പുകൾ, ജനകീയനേതാക്കൾ ഗ്രൂപ്പു നേതാക്കളായി മാറി, ഐക്യമില്ലായ്മ തുടർച്ചയായ അധ്യായങ്ങളായി. ഒരു പാർട്ടിയിൽ ഒരായിരം അഭിപ്രായങ്ങൾ..

കേരളത്തിലെ ഗ്രൂപ്പിസത്തിനും പറയാൻ ചരിത്രമേറെയുണ്ടെങ്കിലും അത് മൂർദ്ധ്യനതയിൽ എത്തുന്നത് രണ്ടായിരത്തിനു ശേഷമാണ്. വ്യക്തികൾ അവരുടെ സംരക്ഷണത്തിനായ് ഗ്രൂപ്പുകളെ മറയാക്കി. ഗ്രൂപ്പുകൾ നേതാക്കളെയും സൃഷ്ടിച്ചതോടെ ഗ്രൂപ്പിലെങ്കിൽ ഒറ്റപ്പെടും എന്ന അവസ്ഥ പ്രവർത്തകരിൽ സൃഷ്ടിച്ചു. എ, ഐ ഗ്രൂപ്പുകൾ പ്രത്യക്ഷത്തിൽ; നേതാക്കളുടെ പേരിൽ ഗ്രൂപ്പുകൾ വേറെ. ഗ്രൂപ്പുകൾക്കുള്ളിലെ ഗ്രൂപ്പുകളാകട്ടെ അതിലും ഏറെ. തിരഞ്ഞെടുപ്പിലും അധികാരം പങ്കുവയ്ക്കുമ്പോഴും ഗ്രൂപ്പുകൾ സടകുടഞ്ഞുണർന്നു. പ്രസ്ഥാനം മറന്നു പ്രതികരിച്ചു. സ്വയം പരിഹാസ്യർ എന്നതിനേക്കാൾ ജനങ്ങളിൽ നിന്നവർ അകന്നു.

കഴിഞ്ഞ കാലഘട്ടങ്ങളിൽ കോൺഗ്രസ് ഏറ്റെടുത്ത പല പ്രതിഷേധ സമരങ്ങളും ഫലം കണ്ടില്ല. അന്നത്തെ പ്രതിപക്ഷ നേതാവും ഐ ഗ്രൂപ്പിലെ പ്രമുഖനുമായ രമേശ് ചെന്നിത്തലയോട് ‘എ’ ഗ്രൂപ്പുകാർ മുഖം തിരിച്ചു. ചെന്നിത്തലയെ ഒതുക്കാൻ ശ്രമിച്ചപ്പോൾ അമർന്നു പോയതാകട്ടെ കോൺഗ്രസ് പ്രസ്ഥാനവും.

തിരഞ്ഞെടുപ്പ് പരാജയത്തിൽ നിന്നും കോൺഗ്രസ് യാതൊന്നും പഠിച്ചിട്ടില്ല എന്നതാണ് പുതിയ സംഭവങ്ങൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വിജയസാധ്യതയുള്ള സീറ്റുകളിൽ പോലും തിരിച്ചടിയായത് ഗ്രൂപ്പ് വീതംവയ്പ്പാണ്. ജനകീയതയും പ്രാവീണ്യവും ഗ്രൂപ്പിന് വഴിമാറി. ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, കെ.മുരളീധരൻ, പി.ജെ.കുര്യൻ തുടങ്ങി മുൻനിര നേതാക്കൾ തങ്ങളുടെ നോമിനിക്കായി ശബ്ദമുയർത്തി. വിജയസാധ്യതയുള്ള നിരവധി സ്ഥാനാർത്ഥികൾക്കാണ് ഇത്തരത്തിൽ സീറ്റു കിട്ടാതെ പോയത്. ഫലമോ, ദയനീയ പരാജയവും!

തലമുതിർന്ന നേതാക്കളിൽ പലരും തങ്ങളുടെ കുത്തകയായി പ്രസ്ഥാനത്തെ വിനിയോഗിച്ചു. മുതിർന്ന നേതാക്കൾ തങ്ങളുടെ ജില്ലകളിൽ സ്വയം പ്രഖ്യാപിത ഹൈക്കമാൻഡായി. ബൂത്ത്തലം മുതലുള്ള ഓരോ നേതാക്കളെ കണ്ടെത്തുന്നതിലും തങ്ങളുടെ താൽപര്യം മാത്രം മുൻനിർത്തി. ഡി.സി.സി അധ്യക്ഷനേക്കാൾ അധികാരം തനിക്കാണെന്ന വ്യാമോഹത്തിൽ സ്വയം മറന്നു. അധികാരം ഏറ്റെടുത്ത അവർ തങ്ങളുടെ താൽപര്യങ്ങൾ മാത്രം സംരക്ഷിച്ചു. ഇത്തരം ‘തമ്പ്രാക്കന്മാരെ’ ഗെറ്റൗട്ടടിക്കാൻ നേതൃത്വം തയാറായില്ലെങ്കിൽ കാത്തിരിക്കുന്നത് കൂടുതൽ പരാജയങ്ങൾ മാത്രമാകും.

തലമുറ മാറ്റത്തിൻ്റെ കാലമാണിത്. എന്നിട്ടും കോൺഗ്രസിൽ വളരുന്നത് ഗ്രൂപ്പുകളുടെ ശക്തിയാണ്. സാധാരണ പ്രവർത്തകർ അസ്വസ്ഥരാണെന്ന യാഥാർത്ഥ്യം തിരിച്ചറിഞ്ഞിട്ടും നേതാക്കൾ പാലിക്കുന്ന മൗനം കോൺഗ്രസിന് വലിയ തിരിച്ചടികൾ സൃഷ്ടിക്കും. മുതിർന്ന നേതാക്കൾ ഗ്രൂപ്പു കളി വിട്ട് പ്രസ്ഥാനത്തെ ശക്തിപ്പെടുത്താൻ സമയം കണ്ടെത്തണം. സ്വന്തം ജില്ലകളിലേ താഴേത്തട്ടിൽ വരെയുള്ള പ്രവർത്തനങ്ങൾ നിരീക്ഷിക്കുകയും നിർദേശങ്ങൾ നൽകുകയും ചെയ്യണം. ഉമ്മൻ ചാണ്ടി, ചെന്നിത്തല, കെ.സി ജോസഫ്, എം.എം ഹസ്സൻ തുടങ്ങിയ നേതാക്കൾ ഗ്രൂപ്പ് രാഷ്ട്രിയത്തിന് ഗുഡ് ബൈ പറഞ്ഞ് പ്രസ്ഥാനത്തിൻ്റെ മാത്രം വളർച്ചയ്ക്കായി ശബ്ദമുയർത്തണം. എ.കെ.ആന്റണി ഒരു കാലത്ത് ഗ്രൂപ്പിൻ്റെ ശബ്ദമായിരുന്നെങ്കിലും പിൽക്കാലത്ത് പ്രസ്ഥാനത്തിനു വേണ്ടി മാത്രം നിലകൊണ്ടു.

പാർട്ടിയും ഗ്രൂപ്പുകളും പിളർന്നടങ്ങുമ്പോഴും അടി തുടരാനുള്ള വ്യഗ്രത കോൺഗ്രസിന്റെ നിലനിൽപ്പിന് നല്ലതല്ല. പാർട്ടി വളരണമെങ്കിൽ ഗ്രൂപ്പുകൾ കുറയ്ക്കണം, ഇല്ലെങ്കിൽ അഭിപ്രായഭിന്നതകളെ പാകതയോടെ പരിഗണിച്ച് കൃത്യമായി മുന്നോട്ട് നയിക്കാൻ സാധിക്കണം. അല്ലാത്ത പക്ഷം, അടി തുടർന്നുകൊണ്ടേയിരിക്കും; പാർട്ടി പിളർന്നുകൊണ്ടേയിരിക്കും!

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments