Wednesday, April 24, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking news'ജീവനെടുക്കുന്ന അതിഥികൾ' ജെയിംസ് കൂടൽ എഴുതുന്നു

‘ജീവനെടുക്കുന്ന അതിഥികൾ’ ജെയിംസ് കൂടൽ എഴുതുന്നു

ജെയിംസ് കൂടൽ

കുറ്റകൃത്യങ്ങൾ നടത്തി, കളളവണ്ടി കയറി എത്തി നമുടെ സമാധാനത്തിന് ഭീഷണിയായവരെ സ്നേഹപൂർവം മലയാളി അതിഥിയെന്ന് വിളിച്ചു. അവർക്ക് പണിയും പണവും സമൂഹത്തിൽ സ്ഥാനവും നൽകി പരിലാളിച്ചു. കൊവിഡ് കാലത്ത് ആഹാരവും അഭയവും നൽകി. ഇപ്പോൾ വിരുന്നെത്തിയവർ വീട്ടുകാരുടെ ജീവനെടുക്കുന്ന അവസ്ഥയുമായി. കേരളം ഭയക്കുകയാണ്, വഴി നടക്കാനും ബസ് യാത്ര നടത്താനും ജനത്തിന് ഭയമായിരുക്കുന്നു. പുകയിലയും ചവച്ചു നരച്ച ജീൻസും ധരിച്ച് അടുത്തിരിക്കുന്ന അതിഥിയെ വിശ്വസിക്കാനാകാത്ത അവസ്ഥ. അന്യസംസ്ഥാന തൊഴിലാളികളുടെ ക്രൂരതയും ഇരകളാക്കപ്പെടുന്നവരുടെ നിസഹായതയും നമ്മളെ വല്ലാതെ അസ്വസ്ഥമാക്കുന്നുണ്ട്. ട്രെയിനിൽ ടിക്കറ്റില്ലാതെ യാത്രചെയ്ത ഒഡിഷ സ്വദേശിയുമായുള്ള തർക്കത്തിനിടെ,​ കൊച്ചി സ്വദേശിയായ ടി.ടി.ഇയെ റെയിൽവേ ട്രാക്കിലേക്ക് തള്ളിയിട്ടു കൊലപ്പെടുത്തിയ സംഭവം മനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതായിരുന്നു. ഒൗദ്യോഗിക കൃത്യനിർവഹണത്തിനെയാണ് ടി.ടി.ഇയ്ക്ക് ജീവൻ നഷ്ടമായത്.

വളർത്തുനായയെ ഏറിഞ്ഞത് ചോദ്യംചെയ്തതിന് അന്യസംസ്ഥാനക്കാരായ സംഘത്തിന്റെ മർദ്ദനമേറ്റ് എറണാകുളം സ്വദേശി മരണമടഞ്ഞതും ദിവസങ്ങൾക്ക് മുമ്പാണ്. ജനിച്ച നാട്ടിൽ സമാധാനത്തോടെ ജീവിക്കാനാകാത്തത് ഏതൊരു പൗരനെ സംബന്ധിച്ചും അപമാനകരവും ഭീതിദായകവുമായ സാഹചര്യത്തിന് തെളിവാകുന്നു.
അന്യസംസ്ഥാന തൊഴിലാളികൾ പ്രതികളായ കേസുകൾകൊണ്ട് നമുടെ പൊലീസ് സ്റ്റേഷനുകൾ നിറയുകയാണെന്നത് ഇനിയും തിരിച്ചറിയാനാകാത്ത വസ്തുതയാണ്. അന്യസംസ്ഥാനക്കാർ പ്രതികളാകുന്ന അടിപിടി മുതൽ കൊലപാതകം വരെയുള്ള കേസുകളുടെ അന്വേഷണത്തിനായി കേരള പൊലീസ് ചെലവിടുന്ന ഉൗർജവും ധനവും ചെറുതല്ല. വാഹനങ്ങളുടെ ഡീസൽ കാശ് മുതൽ വടക്കേ ഇന്ത്യയിലേക്ക് പ്രതിയെ അന്വേഷിച്ചുള്ള യാത്രവരെ വലിയ സാമ്പത്തിക ബാദ്ധ്യത വരുത്തിവയ്ക്കുന്നുണ്ട്. എന്നാൽ ആഭ്യന്തര വകുപ്പ് പലപ്പോഴും ഇത്തരം കാര്യങ്ങളിലെ കണക്ക് നിരത്തുന്നില്ലായെന്നത് പ്രശ്നത്തിന്റെ ഗൗരവം കുറയ്ക്കുന്നു.

അന്യസംസ്ഥാനക്കാരുടെ കേസുകൾ വർഷംതോറും വർദ്ധിച്ചുവരുന്നതേയുള്ളൂ. സൗമ്യ കേസും ജിഷ കേസും ഉൾപ്പെടെ പീഡനശ്രമത്തിനിടെയുണ്ടായ കൊലപാതകങ്ങൾ സമൂഹത്തിൽ ഉയർത്തിയ ഒരുപിടി ചോദ്യങ്ങളുണ്ട്. അതിന് മറുപടി നൽകാൻ നമുടെ ഭരണ സംവിധാനങ്ങൾക്ക് ഇനിയും കഴിഞ്ഞിട്ടില്ല. ​ ഇതരസംസ്ഥാന തൊഴിലാളികളുടെ കുറ്റകൃത്യങ്ങൾ നിയന്ത്രിക്കാൻ കർശന നടപടികളുണ്ടാകുമെന്ന് പറയുമ്പോഴും എവിടെ, എങ്ങനെ തുടങ്ങണമെന്ന കാര്യത്തിൽ ഇനിയും വ്യക്തതയില്ല. ഒാരോ ദിവസവും ട്രെയിനുകൾ അതിർത്തിക്കടന്നെത്തുമ്പോൾ പൊലീസിന്റെ പണിയും കൂടുകയാണ്. വന്നിറങ്ങിയത് ആരെന്നോ, എവിടെ നിന്നെന്നോ അറിയാത്ത അവസ്ഥ. സംസ്ഥാനത്തെ ഗ്രാമങ്ങളിൽ പോലും കൂട്ടമായി തമ്പടിക്കുന്ന തൊഴിലാളികളുടെ കൃത്യമായ എണ്ണം പോലും നമുക്കില്ല. കഴിഞ്ഞ പത്തു വർഷത്തിനുള്ളിൽ സംസ്ഥാനത്ത് അന്യസംസ്ഥാന തൊഴിലാളികൾ ഉൾപ്പെട്ട കുറ്റകൃത്യങ്ങൾ 10,​546 ആണെന്നാണ് പൊലീസിന്റെ രേഖകൾ വ്യക്തമാക്കുന്നത്. ഇതിൽ നിരവധി കുറ്റവാളികളെ കുറിച്ച് വിവരങ്ങൾ അജ്ഞാതവുമാണ്.
അന്യസംസ്ഥാന തൊഴിലാളികളുടെ എണ്ണം സംബന്ധിച്ച് സർക്കാരിന്റെ കൈവശമുള്ള കണക്ക് പറയുന്നത് അഞ്ച് ലക്ഷത്തോളമാണെന്നാണ്. അതേസമയം,​ സംസ്ഥാനത്ത് വിവിധയിടങ്ങളിലായി കഴിയുന്ന അന്യസംസ്ഥാനക്കാർ മുപ്പത്തഞ്ചു ലക്ഷമെങ്കിലും വരുമെന്ന് കൊവിഡ് കാലത്തെ വിവരങ്ങൾ വ്യക്തമാക്കുന്നു.
കൃത്യമായ വിവരശേഖരണമുണ്ടെങ്കിൽ മാത്രമേ അന്യസംസ്ഥാന തൊഴിലാളികളെ നിയമത്തിന്റെ വരുതിയിലാക്കാൻ കഴിയൂ. ഇതിന് തൊഴിൽ ഉടമകളുടെയും പൊലീസിന്റെയും സഹകരണം ഉണ്ടാകണം. ജില്ലാ ഭരണകൂടം ഇതിന് ചുക്കാൻ പിടിക്കണം. അല്ലാത്ത പക്ഷം ഇനിയും കൊള്ളയും കൊലയും ആവർത്തിക്കും. അതിഥി നമുടെ അന്തകനായി തുടരും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments