തിരുവനന്തപുരം: എന്ത് വില കൊടുത്തും കെ.എസ്.ആർ.ടി.സി സമരത്തെ നേരിടാൻ സർക്കാർ. ഇതിൻറെ ഭാഗമായി സർക്കാർ ഡയസ്നോൺ പ്രഖ്യാപിച്ചു. ഇതിൻറെ ഭാഗമായി അടുത്ത രണ്ട് ദിവസം ജോലിക്കെത്താത്തവരുടെ ശമ്പളം പിടിക്കും.

കെ.എസ്.ആർ.ടി.സിയിലെ ശമ്പള പരിഷ്കരണം ചൂണ്ടിക്കാണിച്ചാണ് വിവിധ തൊഴിലാളി സംഘടനകൾ പണിമുടക്കുന്നത്. കെ.എസ്.ആർ.ടി.സി എംപ്ലോയീസ് അസോസിയേഷനും,ബി.എം.എസ് എംപ്ലോയീസ് സംഘുമാണ് ഇന്ന് അർദ്ധ രാത്രി മുതൽ പണിമുടക്കുന്നത്. മറ്റ് രണ്ട് സംഘടനകൾ 24 മണിക്കൂറും ടിഡിഎഫ് 48 മണിക്കൂറുമായിരിക്കും പണിമുടക്കുന്നത്.

ശമ്പള പരിഷ്കരണം ചൂണ്ടിക്കാണിച്ച് ഇന്നലെ തൊഴിലാളി സംഘടനകൾ ഗതാഗതമന്ത്രിയുമായി നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു. ഇതേ തുടർന്നാണ് പണിമുടക്കിലേക്ക് തൊഴിലാളികൾ നീങ്ങിയത്. അതേസമയം തൊഴിലാളികളുടെ നടപടിക്കെതിരെ വലിയ വിമർശനമാണ് മന്ത്രി ആൻറണി രാജു ഉന്നയിച്ചത്.
ഇ മാസം തന്നെ ഇതിനുള്ള തീരുമാനം എടുക്കാമെന്നാണ് ഗതാഗത മന്ത്രി പറയുന്നത്. എന്നാൽ 30 കോടി രൂപ അധിക ബാധ്യത കെ.എസ്.ആർ.ടി.സിക്ക് ശമ്പള പരിഷ്കരണത്തിലൂടെ ഉണ്ടാവുമെന്നാണ് വിലയിരുത്തുന്നത്. ആവശ്യസർവ്വീസ് നിയമമാണ് ഡയസ്നോൺ. ഡയസ്നോൺ പ്രഖ്യാപിച്ച് കഴിഞ്ഞാൽ അന്നത്തെ ശമ്പളം ലഭിക്കില്ല.