THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Saturday, March 25, 2023

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news സുകുമാരക്കുറുപ്പിനെ ന്യായീകരിക്കുന്നില്ല: 'കുറുപ്പ്' ജനങ്ങളിലെത്തേണ്ട സിനിമയെന്ന് ചാക്കോയുടെ മകൻ

സുകുമാരക്കുറുപ്പിനെ ന്യായീകരിക്കുന്നില്ല: ‘കുറുപ്പ്’ ജനങ്ങളിലെത്തേണ്ട സിനിമയെന്ന് ചാക്കോയുടെ മകൻ

പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന ‘കുറുപ്പ്’. കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പായി ദുല്‍ഖര്‍ സല്‍മാന്‍ സ്ക്രീനിലെത്തുന്നു എന്ന് അറിഞ്ഞത് മുതൽ ഒരുപാട് പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. കുറുപ്പിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. ഒരാളെ പച്ചക്ക് ചുട്ടെരിച്ച കൊലപാതകിയെ മഹത്വവല്‍ക്കരിക്കാന്‍ ടീസറും സിനിമയുടെ പ്രമോഷന് വേണ്ടി പുറത്തിറക്കിയ ടീഷര്‍ട്ടും പോസ്റ്ററുമെല്ലാം ശ്രമിക്കുന്നുവെന്നായിരുന്നു വിമര്‍ശനം. 

adpost

ദുല്‍ഖര്‍ സല്‍മാന്‍ ടൈറ്റില്‍ റോളിലെത്തുന്ന ചിത്രം 1984ല്‍ ജനുവരി 22ന് സംഭവിച്ച ചാക്കോ വധക്കേസിലെ പ്രധാന പ്രതിയായ സുകുമാര കുറുപ്പ് എന്ന ക്രിമിനലിനെ ന്യായീകരിക്കുന്ന ചിത്രം ആയിരിക്കുമോ എന്നും പലരും ആശങ്ക പങ്കുവച്ചിരുന്നു. കൊല്ലപ്പെട്ട ചാക്കോയുടെ മകന്‍ ജിതിന്‍ സിനിമയുടെ ടീസര്‍ പുറത്തിറങ്ങിയ സമയത്ത് ചിത്രം കുറുപ്പിനെ ന്യായീകരിക്കുന്ന ഒന്നായിരിക്കുമെന്ന് അഭിപ്രായപ്പെട്ടിരുന്നു. കുറുപ്പിനെ ഗ്ലോറിഫൈ ചെയ്യുന്നതിന് നിയമനടപടി സ്വീകരിക്കാന്‍ ഒരുങ്ങുകയും ചെയ്തിരുന്നു.

adpost

എന്നാല്‍ സിനിമയുടെ ഫൈനല്‍ വെര്‍ഷന്‍ താന്‍ കണ്ടെന്നും അത് സുകുമാരക്കുറുപ്പിനെ ന്യായീകരിക്കുന്ന ഒന്നല്ലെന്നും പറയുകയാണ് ചാക്കോയുടെ മകന്‍ ജിതിന്‍ ചാക്കോ. ജിതിനും അമ്മ ശാന്തമ്മയും കൂടെയാണ് ചിത്രം കണ്ടത്. ചാക്കോ മരിക്കുമ്പോള്‍ ശാന്തമ്മയുടെ വയറ്റില്‍ ആറ് മാസമായിരുന്നു ജിതിന്റെ പ്രായം. 

ചിത്രത്തെപ്പറ്റി ഇപ്പോള്‍ പുറത്തുവരുന്ന അനാവശ്യ വിവാദങ്ങള്‍ ഒഴിവാക്കണമെന്നും ഈ ലോകം അറിയേണ്ട ഒരുപാട് കാര്യങ്ങള്‍ സിനിമയ്ക്ക് അകത്ത് ഉണ്ടെന്നുമാണ് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ജിതിൻ പറഞ്ഞത്. 

“ദുല്‍ഖര്‍ സല്‍മാന്‍ നായകനായി ‘കുറുപ്പി’ന്‍റെ വേഷം ചെയ്യുന്നു എന്ന് കേട്ടപ്പോഴേ ഒരു ടെന്‍ഷന്‍ ഉണ്ടായിരുന്നു, സിനിമ എങ്ങനെയാവും എന്ന്. പിന്നെ സിനിമയുടെ ടീസര്‍ കൂടി കണ്ടപ്പോള്‍ ഉറപ്പിച്ചതാണ്, ഇത് കുറുപ്പിനെ ന്യായീകരിച്ചുകൊണ്ടുള്ള, നായകന്‍റെ ഹീറോയിസമൊക്കെയുള്ള സിനിമയായിരിക്കും എന്ന്. അങ്ങനെയാവുന്നപക്ഷം കേസിന് പോകാം എന്നും തീരുമാനിച്ചിരുന്നു. വക്കീല്‍ നോട്ടീസും അയച്ചിരുന്നു. പക്ഷേ അത് കൈപ്പറ്റുന്നതിനു മുന്‍പുതന്നെ മാധ്യമങ്ങളിലൂടെയൊക്കെ അറിഞ്ഞിട്ടാവണം സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ ഞങ്ങളെ ബന്ധപ്പെട്ടു. 

സംവിധായകന്‍ ശ്രീനാഥ് സംസാരിച്ചു. കുറുപ്പിനെ സിനിമയില്‍ തങ്ങള്‍ ന്യായീകരിക്കില്ല, ഈ കേസിനപ്പുറമുള്ള കാര്യങ്ങള്‍ അയാള്‍ ചെയ്‍തിട്ടുണ്ട്. അത് ലോകത്തെ അറിയിക്കുന്ന സിനിമയായിരിക്കും എന്നൊക്കെ ഞങ്ങളോട് പറഞ്ഞു. ഇക്കാര്യങ്ങള്‍ ഞങ്ങള്‍ക്ക് ബോധ്യപ്പെടാനായി പടവും കാണിക്കാമെന്ന് പറഞ്ഞിരുന്നു”, ജിതിന്‍ പറയുന്നു.

“രണ്ട് തവണ സിനിമ കാണിച്ചു. സിനിമയുടെ ഔട്ട്‍ലൈന്‍ വിശദീകരിക്കുന്നതിനുവേണ്ടി എഡിറ്റിംഗ് പൂര്‍ത്തിയാവുന്നതിനു മുന്‍പും പിന്നീട് എല്ലാം പൂര്‍ത്തിയായതിനു ശേഷവും”, സിനിമ സുകുമാരക്കുറുപ്പിനെ ന്യായീകരിക്കുന്ന ഒന്നല്ലെന്ന് ജിതിന്‍ പറയുന്നു. “പത്രങ്ങളില്‍ നിന്നൊക്കെയാണ് എന്‍റെ അച്ഛന്‍റെ കൊലപാതകത്തെക്കുറിച്ച് ഞാനും കൂടുതലായി അറിഞ്ഞിരിക്കുന്നത്. ഞാനും അമ്മയും ഇക്കാര്യങ്ങളൊന്നും അധികം സംസാരിക്കാറില്ല. ഇന്‍ഷുറന്‍സ് തട്ടിപ്പിനുവേണ്ടി എന്‍റെ അച്ഛനെ കൊന്നു എന്ന ഒരു അറിവ് മാത്രമേ എനിക്കുള്ളൂ. 

പക്ഷേ ഈ സിനിമ കണ്ടപ്പോഴാണ് അതിനേക്കാളൊക്കെ അപ്പുറം കുറേ കാര്യങ്ങളുണ്ടെന്ന് എനിക്ക് മനസിലായത്. അക്കാര്യങ്ങള്‍ ജനങ്ങളുടെ ഇടയില്‍ കൂടി എത്തുക എന്നതില്‍ എനിക്ക് സന്തോഷമേയുള്ളൂ”. സ്പെഷല്‍ ടീഷര്‍ട്ട് പബ്ലിസിറ്റിയില്‍ വിഷമം തോന്നിയെന്നും എന്നാല്‍ ചിത്രത്തിലൂടെ കുറുപ്പിന്‍റെ യഥാര്‍ഥ മുഖം ജനങ്ങളിലെത്തും എന്നതില്‍ സന്തോഷമുണ്ടെന്നും ജിതിന്‍ പറയുന്നു.

നവംബര്‍ 12നാണ് കുറുപ്പ് തിയേറ്ററിലൂടെ പ്രേക്ഷകരിലേക്ക് എത്തുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ദുല്‍ഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രമാണിത്. ജിതിൻ കെ ജോസ് കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേൽ സായൂജ് നായരും കെ എസ് അരവിന്ദും ചേർന്നാണ്. ശോഭിത ധുലിപാലയാണ് ചിത്രത്തിലെ നായിക. ഇവരെ കൂടാതെ ഇന്ദ്രജിത് സുകുമാരൻ, സണ്ണി വെയ്ൻ, ഷൈൻ ടോം ചാക്കോ, വിജയരാഘവൻ, പി ബാലചന്ദ്രൻ, സുരഭി ലക്ഷ്മി, ശിവജിത് പദ്മനാഭൻ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com