Wednesday, October 9, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsദുരന്തം വിതച്ച് ഓക്‌ലൻഡ് പ്രളയം

ദുരന്തം വിതച്ച് ഓക്‌ലൻഡ് പ്രളയം

പ്രളയക്കെടുതിയിൽ വലയുന്ന ഓക്‌ലൻഡ് ജനതയ്ക്ക് ആശ്വസിക്കാൻ വകയില്ലാത്ത വിധമാണ് കാലാവസ്ഥാ പ്രവചനങ്ങൾ. വെള്ളിയാഴ്ചയുണ്ടായ കനത്ത വെള്ളപ്പൊക്കത്തിൽ നിന്നും കരകയറുന്നതിനു മുൻപു തന്നെ ശക്തമായ മഴയും വെള്ളപ്പൊക്കവും പ്രദേശത്ത് തുടരുമെന്നാണ് മുന്നറിയിപ്പ്. പ്രളയത്തെ തുടർന്ന് ആയിരക്കണക്കിന് വീടുകൾ നശിക്കുകയും നാലുപേരുടെ ജീവൻ നഷ്ടപ്പെടുകയും ചെയ്തിരുന്നു. വിമാനത്താവളങ്ങളിൽ വെള്ളം കയറിയതിനെത്തുടർന്ന് യാത്രാവിമാനങ്ങൾ മടക്കി അയച്ചതായി വാർത്തകൾ പുറത്തുവരുന്നതിനിടെയാണ് ആശ്വാസകരമല്ലാത്ത പുതിയ റിപ്പോർട്ടുകൾ.

ബുധനാഴ്ച വരെ ശക്തമായ മഴ പ്രതീക്ഷിക്കാമെന്നാണ് കാലാവസ്ഥാ കേന്ദ്രങ്ങൾ നൽകുന്ന മുന്നറിയിപ്പ്. പ്രളയത്തിന് അറുതി വന്നില്ലെങ്കിൽ ഓക്‌ലൻഡിൽ കൂടുതൽ നാശനഷ്ടമുണ്ടാകുമെന്ന ഭീതിയിലാണ് ജനങ്ങളും ഭരണകൂടവും. ഒരാഴ്ച കാലത്തേക്ക് സ്കൂളുകൾക്ക് അവധി നൽകുകയും വർക്ക് ഫ്രം ഹോം സംവിധാനത്തിലേക്ക് തിരിയാൻ ഓഫിസുകളോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. കനത്ത മഴ തുടർന്നാൽ നദികളിലെ ജലനിരപ്പ് ക്രമാതീതമായി ഉയരാനും സമീപപ്രദേശങ്ങളിൽ വലിയ തോതിൽ വെള്ളം കയറാനും സാധ്യതയുള്ളതായി ഓക്‌ലൻഡിലെ എമർജൻസി മാനേജ്മെന്റ് കൺട്രോളറായ റേച്ചൽ കെല്ലഹർ വിശദീകരിച്ചു.

വെള്ളം കയറുന്നതിനൊപ്പം മണ്ണിടിച്ചിൽക്കൂടി ഉണ്ടായാൽ ഗതാഗതം തടസ്സപ്പെടാനും പല മേഖലകളും രക്ഷാപ്രവർത്തകർക്ക് എത്താനാവാത്ത വിധം ഒറ്റപ്പെടാനും സാധ്യതയുള്ളതായി അധികൃതർ വ്യക്തമാക്കി. വീടുകളും ഓഫിസുകളും വ്യാപാരസ്ഥാപനങ്ങളുമടക്കം നഗര പ്രദേശത്തെ 200 ഓളം കെട്ടിടങ്ങൾ പ്രവേശിക്കാനാവാത്ത വിധത്തിൽ അപകടകരമായ നിലയിലാണെന്ന് വിലയിരുത്തിയിട്ടുണ്ട്. കാര്യങ്ങൾ കൂടുതൽ അപകടകരമായ നിലയിലേക്കാണ് പോകുന്നതെന്ന് ഓക്‌ലൻഡ് മേയറായ വെയ്ൻ ബ്രൗൺ പറയുന്നു. സാധാരണഗതിയിൽ വേനൽക്കാലത്ത് ആകെ ലഭിക്കുന്ന അത്രയും മഴയാണ് വെള്ളിയാഴ്ച ഒറ്റ ദിവസം കൊണ്ട് പെയ്തത്. മൂന്നുമണിക്കൂർ സമയംകൊണ്ട് ഏതാണ്ട് 15 സെൻറീമീറ്ററിന് മുകളിൽ മഴ ലഭിച്ചു.

നിലവിൽ വെള്ളക്കെട്ടുകൾ നിലനിൽക്കുന്ന പ്രദേശങ്ങളിൽ തന്നെ 12 സെന്റീമീറ്റർ വരെ മഴ ഉണ്ടാകാനുള്ള സാധ്യതയുള്ളതായാണ് പ്രവചനം. വെള്ളം കടന്നുപോകാനുള്ള ഓവുചാലുകൾ ഏതാണ്ട് അടഞ്ഞ നിലയിലായതിനാൽ പ്രളയത്തിന്റെ കാഠിന്യം വർധിക്കുമെന്നാണ് റിപ്പോർട്ടുകൾ. ശക്തമായ മഴയെ നേരിടാനുള്ള സംവിധാനങ്ങൾ ഒരുക്കിയിരുന്നെങ്കിലും കാര്യങ്ങൾ തയ്യാറെടുപ്പുകൾക്കുമപ്പുറം കൈവിട്ടുപോകുന്ന തരത്തിലാണ്. ഓക്‌ലൻഡിന് പുറമേ നോർത്ത് ഐലൻഡ് വരെയുള്ള പ്രദേശങ്ങളിൽ മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം. ഈ സാഹചര്യങ്ങൾ മുന്നിൽകണ്ട് ഏതാനും ദിവസങ്ങളിലേക്ക് കൂടി വിമാനത്താവളങ്ങളുടെ പ്രവർത്തനം നിർത്തിവച്ചിട്ടുണ്ട്.

അപകടസാധ്യത കൂടുതലുള്ള മേഖലകളിലെ ജനങ്ങളോട് വേണ്ടിവന്നാൽ അവിടെനിന്ന് സുരക്ഷിതകേന്ദ്രങ്ങളിലേക്ക് മാറാനുള്ള തയാറെടുപ്പുകൾ നടത്താൻ നിർദ്ദേശം നൽകിയിരിക്കുകയാണ് അധികൃതർ. കാലാവസ്ഥാ വ്യതിയാനം എത്രത്തോളം രൂക്ഷമാണെന്നതിലേക്കാണ് ഓക്‌ലൻഡിലെ നിലവിലെ സ്ഥിതിഗതികൾ വിരൽ ചൂണ്ടുന്നതെന്ന് ന്യൂസീലൻഡിന്റെ ക്ലൈമറ്റ് ചേഞ്ച് മിനിസ്റ്ററായ ജെയിംസ് ഷോ വ്യക്തമാക്കി. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായി അതിതീവ്രമായ തരത്തിൽ പ്രതികൂല കാലാവസ്ഥ അടിക്കടി ഭൂമിയുടെ പല ഭാഗങ്ങളിലുമുണ്ടാകുമെന്ന് കാലങ്ങളായി ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments