കോഴിക്കോട്: മെട്രോമാന്‍ ഇ. ശ്രീധരന്‍ ബി.ജെ.പിയില്‍ ചേരുമെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ഫെബ്രുവരി 20-ന് ആരംഭിക്കുന്ന സുരേന്ദ്രന്റെ കേരള യാത്രയ്ക്കിടെ അദ്ദേഹം ഔപചാരികമായി പാര്‍ട്ടിയില്‍ ചേരും.

ഇ. ശ്രീധരന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനും സാധ്യതയുണ്ട്. വരും ദിവസങ്ങളില്‍ പ്രശസ്തരായ നിരവധി ആളുകള്‍ ബി.ജെ.പിയില്‍ ചേരുകയും തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയും ചെയ്യുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ശ്രീധരനെ രണ്ട് മുന്നണികള്‍ക്കും കണ്ണിലെ കരടായത് എന്തുകൊണ്ടാണെന്ന് അറിയാമല്ലോയെന്ന് സുരേന്ദ്രന്‍ ചോദിച്ചു. കേരളത്തിലെ രണ്ട് മുന്നണികളും അദ്ദേഹത്തെ പല സന്ദര്‍ഭങ്ങളിലായി എതിര്‍ത്തിട്ടുണ്ട്.
വികസന പ്രവര്‍ത്തനങ്ങളുടെ മറവില്‍ കമ്മീഷന്‍ അടിക്കുന്ന കേരളത്തിന്റെ രീതിയെ ശ്രീധരന്‍ എതിര്‍ത്തതോടെ ഉമ്മന്‍ ചാണ്ടി അദ്ദേഹത്തെ എതിര്‍ത്തു. പിണറായി വിജയന്റെ സമീപനവും സമാനമായിരുന്നുവെന്നും സുരേന്ദ്രന്‍ പറഞ്ഞു.
അതേസമയം, സ്ഥാനമാനങ്ങളെക്കുറിച്ചൊന്നും ചര്‍ച്ച നടത്തിയിട്ടില്ലെന്നും അതെല്ലാം ബി.ജെ.പി തീരുമാനിക്കുമെന്നും ശ്രീധരന്‍ പറഞ്ഞു. നാടിനു വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യാന്‍ വേണ്ടിയാണ് താന്‍ ബി.ജെ.പിയില്‍ ചേര്‍ന്നതെന്നും ശ്രീധരന്‍ പറഞ്ഞു.