കോഴിക്കോട്: വിമാന യാത്രാകൂലി വർദ്ധനവിനെതിരായ സമരത്തിന്‍റെ ഭാഗമായി എയർ ഇന്ത്യ ഓഫീസ് ഉപരോധിച്ച സംഭവത്തിൽ ഡിവൈഎഫ്ഐ നേതാക്കളായ പി എ മുഹമ്മദ് റിയാസും ടി വി രാജേഷ് എംഎൽഎയും റിമാൻഡിലായി. കോഴിക്കോട് സി ജെ എം കോടതി നാല് ആണ് ഇരുവരെയും റിമാൻഡ് ചെയ്തുകൊണ്ടുള്ള ഉത്തരവ് ഇറക്കിയത്.

കേസില്‍ നിരന്തരമായി ഹാജരാകാതിരുന്നതിനെ തുടര്‍ന്ന് മുഹമ്മദ് റിയാസിന്‍റെയും ടി. വി രാജേഷിന്‍റെയും ജാമ്യം കോടതി റദ്ദാക്കിയിരുന്നു. തുടര്‍ന്ന് ഇവര്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും വിചാരണ കോടതിയില്‍ ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചു. തുടര്‍ന്ന് ഇന്ന് ഹാജരായപ്പോഴാണ് കോടതി ഇവരെ റിമാന്‍ഡ് ചെയ്തത്.

2016ൽ ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്. യാത്രാ കൂലി വർദ്ധിപ്പിച്ചതിലും കരിപ്പൂരിൽ വിമാന സർവീസുകൾ വെട്ടിക്കുറച്ചതിലും പ്രതിഷേധിച്ചാണ് ഡി വൈ എഫ് ഐയുടെ നേതൃത്വത്തിൽ എയർ ഇന്ത്യ ഓഫീസിലേക്ക് മാർച്ചും ഉപരോധവും നടന്നത്. സമരത്തിന് നേതൃത്വം നൽകിയത് അന്ന് ഡി വൈ എഫ് ഐ സംസ്ഥാന ഭാരവാഹികളായ ടി. വി രാജേഷ് പി എ മുഹമ്മദ് റിയാസുമായിരുന്നു.