അഹമ്മദാബാദ് : ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം ഇനി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരിൽ അറിയപ്പെടും. അഹമ്മദാബാദിലെ മൊട്ടേര സ്റ്റേഡിയമാണ് പുതുക്കി പണിത് പ്രധാനമന്ത്രിയുടെ പേര് നൽകി ഉദ്ഘാടനം ചെയ്തത്. രാഷ്ട്രപതി റാംനാഥ് കോവിന്ദാണ് ഉദ്ഘാടനം നിർവഹിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കേന്ദ്ര കായിക മന്ത്രി കിരൺ റിജിജു തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. സർദാർ വല്ലഭഭായ് പട്ടേൽ സ്പോർട്സ് എൻക്ലേവിന്റെ ഭൂമി പൂജയും ചടങ്ങിൽ നടന്നു.

ഇന്ത്യാ സന്ദർശനത്തിനായി മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വന്നപ്പോൾ പരിപാടി നടത്തതോടെയാണ് മൊട്ടേര ശ്രദ്ധാകേന്ദ്രമായത്. 1983ലാണ് സ്റ്റേഡിയം പണിതത്. 2006ൽ നവീകരിച്ചു. 63 ഏക്കറിലേക്ക് 2016ൽ വീണ്ടും സൗകര്യങ്ങൾ വർദ്ധിപ്പിച്ചു. 800 കോടി ചിലവിട്ടാണ് പണികൾ പൂർത്തിയാക്കിയത്. ആകെ 1,10,000 പേർക്ക് ഇരിക്കാൻ സൗകര്യമുണ്ട്. കൊറോണ മാനദണ്ഡം കാരണം 55000 പേർക്കാണ് ഇത്തവണ അനുമതിയുള്ളത്. 3000 കാറുകൾക്കും 10,000 ഇരുചക്രവാഹനങ്ങൾക്കും പാർക്ക് ചെയ്യാം.

സാങ്കേതിക സൗകര്യങ്ങളിലും മൊട്ടേര ഏറ്റവും മികച്ചതാണെന്ന് ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷൻ പറയുന്നു. മികച്ച എൽ.ഇ.ഡി ലൈറ്റുകളാണ് രാത്രിമത്സരങ്ങൾക്ക് വെളിച്ചമേകുക. ഇന്ത്യയിൽ എൽ.ഇ.ഡി സംവിധാനമുള്ള ആദ്യ സ്റ്റേഡിയവും ഇതാണ്. അന്താരാഷ്ട്ര നിലവാരത്തിലുള്ള പരിശീലന പിച്ചുകളും ജിമ്മും മികച്ച നീന്തൽക്കുളവും നാല് ഡ്രസ്സിംഗ് റൂമുകളും സ്റ്റേഡിയത്തിലുണ്ട്. 11 പിച്ചുകളാണ് സ്റ്റേഡിയത്തിലുള്ളത്.